ത്രിരാഷ്ട്ര വനിതാ ടി-20 കിരീടം ഓസ്ട്രേലിയക്ക്

ത്രിരാഷ്ട്ര വനിതാ ടി-20 ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ജയം. 11 റൺസിനാണ് ഓസീസ് ഇന്ത്യയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തപ്പോൾ ഇന്ത്യ നിശ്ചിത 20 ഓവറിൽ 144 റൺസെടുത്ത് പുറത്താവുകയായിരുന്നു. 5 വിക്കറ്റെടുത്ത സ്പിന്നർ ജെസ് ജൊനാസ്സനാണ് ഇന്ത്യയെ തകർത്തത്. 66 റൺസെടുത്ത സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

രണ്ടാം ഓവറിൽ ഇന്ത്യക്ക് ഷഫാലി വർമ്മയെ (10) നഷ്ടമായി. എലിസ് പെറിയുടെ ആദ്യ ഓവറിൽ ഒരു ബൗണ്ടറിയും സിക്സറും അടിച്ച് നന്നായി തുടങ്ങിയെങ്കിലും ടൈല വ്ലേമിൻക് എറിഞ്ഞ രണ്ടാം ഓവറിൽ ബെത്ത് മൂണിക്ക് പിടി നൽകി ഷഫാലി മടങ്ങി. രണ്ടാം വിക്കറ്റിൽ പുതുമുഖ താരം റിച്ച ഘോഷുമായി ചേർന്ന് സ്മൃതി മന്ദന 43 റൺസ് കൂട്ടിച്ചേർത്തു. ആക്രമണാത്മക ബാറ്റിംഗാണ് മന്ദന കാഴ്ച വെച്ചത്. 17 റൺസെടുത്ത റിച്ചയെ വ്ലേമിൻകിൻ്റെ കൈകളിലെത്തിച്ച അന്നബെൽ സതർലൻഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. ജമീമ റോഡ്രിഗസ് (2) വ്ലേമിൻകിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് നിക്കോൾ കാരിയുടെ കൈകളിൽ അവസാനിച്ചു.

നാലാം വിക്കറ്റിൽ മന്ദനക്കൊപ്പം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒത്തുചേർന്നു. 50 റൺസാണ് ഇരുവരും ചേർന്ന് സ്കോർബോർഡിലേക്ക് ചേർത്തത്. 37 പന്തുകളിൽ 12 ബൗണ്ടറികൾ അടക്കം 66 റൺസെടുത്ത മന്ദന മേഗൻ ഷൂട്ടിൻ്റെ പന്തിൽ നിക്കോൾ കാരിയുടെ കൈകളിൽ അവസാനിച്ചതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. ഹർമൻപ്രീത് കൗർ (14) ജൊനാസ്സൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ആ ഓവറിൽ തന്നെ അരുന്ധതി റെഡ്ഡി (0) എലീസ ഹീലിയുടെ കൈകളിൽ അവസാനിച്ചു. ശിഖ പാണ്ഡെയെ (4) എലിസ് പെറിയുടെ പന്തിൽ നിക്കോൾ കാരി പിടികൂടി. രാധ യാദവ് (2) ജൊനാസ്സൻ്റെ പന്തിൽ മെഗ് ലാനിംഗിൻ്റെ കൈകളിലെത്തി. തനിയ ഭാട്ടിയ (11), ദീപ്തി ശർമ്മ (10) എന്നിവർ അവസാന ഓവറിൽ ജൊനാസ്സൻ്റെ ഇരകളായി മടങ്ങി. ഭാട്ടിയയെ സതർലാൻഡ് പിടികൂടിയപ്പോൾ ദീപ്തിയെ റേച്ചൽ ഹെയിൻസ് കൈപ്പിടിയിലൊതുക്കി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസെടുത്തത്. 71 റൺസെടുത്ത് പുറത്താവാതെ നിന്ന ബെത്ത് മൂണിയാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ്മ 2 വിക്കറ്റ് വീഴ്ത്തി.

You must be logged in to post a comment Login