ത്രില്ലടിപ്പിച്ച് ഫോറൻസിക് ട്രെയിലർ; വീഡിയോ കാണാം

ടൊവിനോ തോമസ് നായകനായ ഫോറൻസിക് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലർ സിനിമയുടെ സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒരു സൈക്കോ കില്ലറുടെ സാന്നിധ്യവും ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെ, മിഥുൻ മാനുവൽ തോമസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരക്കു ശേഷം മറ്റൊരു സീറ്റ് എഡ്ജ് ത്രില്ലർ എന്ന സൂചനയും ട്രെയിലർ നൽകുന്നു.

നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. നേരത്തെ, പൃഥ്വിരാജ് നായകനായ സെവൻത്ത് ഡേ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് അഖിൽ പോൾ ആയിരുന്നു. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തിൽ അഭിനയിക്കുക. മമ്ത മോഹൻദാസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. റിതിക സേവ്യർ ഐപിഎസ് എന്നാണ് മമ്തയുടെ കഥാപാത്രത്തിൻ്റെ പേര്. ടൊവിനോയും മമ്തയും ആദ്യമായാണ് ഒന്നിക്കുന്നത്. രൺജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം കാസ്റ്റിംഗ് കോളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 17 പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ജേക്സ് ബിജോയ്. ഷമീർ മുഹമ്മദാണ് എഡിറ്റർ.

You must be logged in to post a comment Login