തർക്കങ്ങൾക്കിടെ ചാഴിക്കാടൻ കോട്ടയത്ത് പ്രചാരണം ആരംഭിച്ചു

 

കോട്ടയം: കേരളാ കോൺഗ്രസിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം പുകയുന്നതിനിടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ കോട്ടയത്ത് പ്രചാരണം ആരംഭിച്ചു. പാർട്ടി ചെയർമാൻ കെ എം മാണിയെ സന്ദർശിച്ചശേഷമാണ് ചാഴിക്കാടൻ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

സീറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾക്ക് തടയിടുകയെന്നതുകൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെ എം മാണി ചാഴിക്കാടന് നിർദ്ദേശം നൽകിയത്. സീറ്റ് ചാഴിക്കാടന് നൽകിയതിനെത്തുടർന്ന് പിജെ ജോസഫ് രംഗത്തെത്തിയിരുന്നു. സീറ്റ് ലഭിക്കുന്നതിനുള്ള നീക്കം പി ജെ ജോസഫ് ഇപ്പോഴും തുടരുകയാണ്.

മാണിയെ നേരിട്ടുകണ്ട് അനുഗ്രഹം വാങ്ങിയാണ് ചാഴിക്കാടൻ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ജോസഫിന്റെയടക്കം പിന്തുണ ചാഴിക്കാടന് ഉണ്ടാകുമെന്നും കെ എം മാണി പറഞ്ഞു. യുഡിഎഫ് ഇടപെട്ട് സ്ഥാനാർത്ഥി പ്രശ്നത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയാലും സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കത്തിന് തടയിടുകയാണ് മാണി വിഭാഗത്തിന്റെ ലക്ഷ്യം.

അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തെത്തുടർന്ന് കേരളാ കോൺഗ്രസിലുണ്ടായ ഭിന്നത പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് പി ജെ ജോസഫുമായി ചർച്ചനടത്തും. രാവിലെ കന്റോൺമെന്റ് ഹൌസിലാണ് യോഗം ചേരുന്നത്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് ജോസഫിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുമ്പ് പിളർപ്പിനെക്കുറിച്ച് ആലോചിക്കരുതെന്നും യോജിച്ചുപോകണമെന്നും കോൺഗ്രസ് നേതാക്കൾ ജോസഫിനോട് അഭ്യർത്ഥിക്കും.

You must be logged in to post a comment Login