ദക്ഷിണകൊറിയയുമായുള്ള ഉന്നതതല ചര്‍ച്ചയില്‍നിന്നും ഉത്തരകൊറിയ പിന്‍മാറി

സോള്‍: ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതല യോഗം ഉത്തര കൊറിയ റദ്ദാക്കി. അമേരിക്കയുമായി ദക്ഷിണ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തില്‍ പ്രകോപിതരായാണ് ഉത്തര കൊറിയയുടെ അപ്രതീക്ഷിത നീക്കം.ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം പ്രകോപനപരമാണെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. ഇതോടെ, ജൂണില്‍ നടക്കുന്ന ട്രംപ്-ഉന്‍ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

ഈ മാസം 23നും 25നുമിടയില്‍ രാജ്യത്തെ ആണവ പരീക്ഷണകേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുമെന്ന് ഉ. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു.
അതിനിടെ, ഉ. കൊറിയയിലെ ഏറ്റവും വലിയ ആണവ പരീക്ഷണശാലയായ പുന്‍ഗ്ഗിറിയിലെ കേന്ദ്രം പൊളിച്ചുമാറ്റല്‍ ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഉ.കൊറിയയില്‍നിന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വച്ചാണ് മാധ്യമങ്ങള്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ഏപ്രില്‍ 27ന് ഇരു കൊറിയകള്‍ തമ്മില്‍ നടത്തിയ ഉച്ചകോടിയില്‍ ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു.

You must be logged in to post a comment Login