ദക്ഷിണ ചൈനാക്കടല്‍ ചൈനയ്ക്ക് തിരിച്ചടിയായി അന്താരാഷ്ട്ര കോടതി വിധി; മേഖല സംഘര്‍ഷത്തിലേക്ക്

sea1ഹേഗ്: ദക്ഷിണ ചൈനാ കടലിന്റെ അവകാശവാദം സംബന്ധിച്ച തര്‍ക്കത്തില്‍ ചൈനയ്ക്ക് അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ നിന്ന് കനത്ത തിരിച്ചടി. ദക്ഷിണ ചൈനാക്കടലില്‍ പരമാധികാരമുണ്ടെന്ന ചൈനയുടെ വാദം കോടതി അംഗീകരിച്ചില്ല. ചൈനയുടെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു. ഫിലിപ്പീന്‍സും ചൈനയും തമ്മിലുള്ള തര്‍ക്കത്തിലാണ് യു.എന്‍ പിന്തുണയുള്ള ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി. എന്നാല്‍ വിധി അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യ കടലിടുക്കില്‍ സംഘര്‍ഷസാദ്ധ്യത ഏറി.
ചൈനയുടെ അവകാശവാദത്തിനെതിരെ ഫിലിപ്പീന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ഈ കേസില്‍ വിധി പ്രസ്താവിക്കാന്‍ ട്രൈബ്യൂണലിന് അവകാശമില്ലെന്നാണ് ചൈനയുടെ വാദം. ഇത് ട്രൈബ്യൂണല്‍ തള്ളി. ദക്ഷിണ ചൈനാ കടലിലെ വിഭവങ്ങള്‍ ചൂഷണം ചെയ്തതിലൂടെ ഫിലിപ്പീന്‍സിന്റെ അഖണ്ഡതയെ ചൈന ഹനിച്ചിരിക്കുകയാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാക്കടല്‍. സിംഗപ്പൂരും മലാക്ക കടലിടുക്കും മുതല്‍ തായ്‌വാന്‍ കടലിടുക്ക് വരെ 3,50, 0000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഇവിടം തിരക്കേറിയ കപ്പല്‍ ഗതാഗതത്തിന് പേരുകേട്ടതാണ്. അടിത്തട്ടില്‍ ഉള്ള വന്‍ പെട്രോളിയം നിക്ഷേപവും ഈ സമുദ്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. ഇതാണ് ദക്ഷിണ ചൈനാ കടലില്‍ അവകാശവാദം ഉന്നയിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്.
ദക്ഷിണചൈനാ കടല്‍മേഖല മുഴുവന്‍ തങ്ങളുടെ പരമാധികാര പ്രദേശമാണെന്നാണു ചൈനയുടെ നിലപാട്. എന്നാല്‍ ചൈനയുടെ ഈ പരമാധികാരവാദത്തെ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണയ്, തയ്‌വാന്‍ എന്നീ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഇവര്‍ക്ക് പിന്തുണയുമായി യുഎസും രംഗത്തുണ്ട്. അതേസമയം, തര്‍ക്ക ദ്വീപുകളില്‍ ദീര്‍ഘദൂര വിമാനവേധ മിസൈലുകള്‍ സ്ഥാപിച്ചും പുതിയ ലൈറ്റ് ഹൗസുകള്‍ പണിതും ചൈന അധികാരമുറപ്പിക്കുകയാണ്. അമേരിക്കന്‍ ഇടപെടലാണ് സംഘര്‍ഷമുണ്ടാക്കുന്നതെന്നാണ് ചൈനീസ് നിലപാട്.
ദക്ഷിണ ചൈനാ കടലില്‍, ചൈന ഉന്നയിക്കുന്ന അവകാശവാദത്തിന് നിയമപരമായ ഒരു അടിസ്ഥാനവും ഇല്ലെന്ന് ട്രൈബ്യൂണല്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ദക്ഷിണ ചൈനാ കടല്‍, അവിടത്തെ പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവ ചൈനയുടെ നിയന്ത്രണത്തില്‍ ആയിരുന്നതിന് പ്രകടമായ ഒരു തെളിവുകളും ഇല്ല. മാത്രമല്ല, ഈ മേഖലയില്‍ ചൈന കൃത്രിമമായി ദ്വീപുകള്‍ പണിതത് കടലിലെ പവിഴപ്പുറ്റുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും പരിഹരിക്കാനാവാത്ത നഷ്ടങ്ങളാണ് വരുത്തിയത്. തെക്കന്‍ ചൈനാ കടല്‍ തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്നതിന് ചൈന കൊണ്ടുവന്ന ‘നയന്‍ ഡാഷ് ലൈന്‍’ എന്ന വ്യവസ്ഥ ഐക്യരാഷ്ട്ര സഭയുടെ സമുദ്ര കണ്‍വന്‍ഷന്‍ സംബന്ധിച്ച നിയമങ്ങള്‍ക്ക് എതിരാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഫിലിപ്പീന്‍സിന്റെ പടിഞ്ഞാറായി പലവാന്‍ ദ്വീപില്‍ 250 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന മിസ്ചീഫ് റീഫ് അഥവാ തോമസ് ഷോവല്‍ എന്നറിയപ്പെടുന്നിടത്ത് സാമ്പത്തിക മേഖല സ്ഥാപിക്കാനുള്ള അര്‍ഹത ചൈനയ്ക്കില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫിലീപ്പീന്‍സ് നേരത്തെ അമേരിക്കയെ അറിയിച്ചിരുന്നു. ദക്ഷിണ ചൈനാ കടലില്‍ മനുഷ്യ നിര്‍മിതമായ ഏഴ് ദ്വീപുകള്‍ നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം ഇതിനോടകം തന്നെ സംഘര്‍ഷ സാദ്ധ്യതയേറ്റിയിട്ടുണ്ട്.
രാജ്യാന്തര കോടതിയുടെ തീര്‍പ്പിനെ ചൈന അംഗീകരിക്കാന്‍ സാധ്യത കുറവാണ്. മേഖലയില്‍ ഉണ്ടാകാനിടയുള്ള സൈനിക സംഘര്‍ഷം നേരിടാന്‍ ചൈന സജ്ജമാകണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രം ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗമെഴുതിയിരുന്നു. തര്‍ക്കദ്വീപുകളില്‍ കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം അഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു.

You must be logged in to post a comment Login