ദയവായി എന്‍റെ പേര് വലിച്ചിഴയ്ക്കരുത്’ വിമർശനങ്ങൾക്ക് മറുപടിയുമായി അനുഷ്ക

'ദയവായി എന്‍റെ പേര് വലിച്ചിഴയ്ക്കരുത്' വിമർശനങ്ങൾക്ക് മറുപടിയുമായി അനുഷ്ക
ലോകകപ്പ് ക്രിക്കറ്റിനിടെ ദേശീയ സെലക്ടർമാർ ചായ സൽക്കാരം നൽകിയെന്ന വിമർശനത്തിന് മറുപടിയുമായി ബോളിവുഡ് താരവും നായകൻ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ. അനാവശ്യ വിവാദങ്ങളിലേക്ക് തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്നാണ് അനുഷ്ക പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നത്. മിണ്ടാതിരുന്നാൽ തനിക്കെതിരെ ചമച്ചുവിടുന്ന കള്ളങ്ങൾ സത്യമാണെന്ന് ചിലരെങ്കിലും കരുതുമെന്നും അനുഷ്ക പറയുന്നു.

സെലക്ടർമാർ ചായ സൽകാരം നടത്തിയെന്ന വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് അനുഷ്കയുടെ പ്രതികരണം. തനിക്കെതിരെ സ്ഥിരമായി കേട്ടുവരുന്ന നുണപ്രചാരണങ്ങളുടെ പുതിയ പതിപ്പാണിത്. പ്രത്യേക അസുഖാവസ്ഥയിലുള്ളവർക്കേ ഇത്തരത്തിൽ പറയാനാകുവെന്നും അവർ പറഞ്ഞു. ലോകകപ്പിലെ ഒരു മത്സരം കാണാൻ എത്തിയിരുന്നു. അന്ന് ഫാമിലി ബോക്സിൽ ഇരുന്നാണ് കളി കണ്ടത്, അല്ലാതെ സെലക്ടർമാരുടെ ബോക്സിലിരുന്നില്ല. കളി കാണുന്നതിനിടെ ഒരു കപ്പ് കോഫി കുടിച്ചിരുന്നു. അല്ലാതെ ആരുടെയും ചായ സൽകാരം സ്വീകരിച്ചിട്ടില്ലെന്നും അനുഷ്ക പറയുന്നു.

മുൻ ഇന്ത്യൻ താരം ഫാറുഖ് എഞ്ചിനിയറാണ് കഴിഞ്ഞ ദിവസം അനുഷ്കയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇംഗ്ലണ്ടിൽ ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യൻ ദേശീയ സെലക്ടർമാർ ക്യാപ്റ്റന്‍റെ ഭാര്യയ്ക്ക് ചായ സൽക്കാരം നൽകിയെന്നായിരുന്നു ആരോപണം.

You must be logged in to post a comment Login