ദാമ്പത്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


രണ്ട് വ്യത്യസ്ത വ്യക്തികള്‍ തമ്മില്‍ ആരംഭിക്കുന്ന പുതിയൊരു ജീവിതമാണ് വിവാഹം. അവിടെ ഇണക്കത്തോടൊപ്പം പിണക്കവും സ്വാഭാവികമാണ്. എന്നാല്‍ ആരോഗ്യകരമായ ദാമ്പത്യത്തിന് ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നുളള പ്രതീക്ഷകള്‍ പുലര്‍ത്തുന്നതും പങ്കാളിയെക്കുറിച്ച് പൊസസീവ് ആകുന്നതും വിശ്വാസമില്ലായ്മയും ദാമ്പത്യത്തെ വളരെയധികം ബാധിക്കും. ദാമ്പത്യത്തിനായി ഈ ഡിമാന്റുകള്‍ മാറ്റി നിര്‍ത്താം..

വിട്ടുവീഴ്ച മനോഭാവം
വിവാഹശേഷം ഇഷ്ടങ്ങളില്‍ അല്പമൊക്കെ വിട്ടുവീഴ്ച വരുത്താം. തന്റെ താത്പര്യങ്ങളും പങ്കാളിയുടെ താത്പര്യങ്ങളും ഒന്നാകണമെന്ന പിടിവാശി നല്ലതല്ല. വ്യക്തിസ്വാതന്ത്ര്യം വിവാഹത്തോടെ ഇല്ലാതാകുന്നത് മിക്കവര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് പരസ്പര ബഹുമാനം വെച്ച് പുലര്‍ത്താന്‍ ഇരുവരും ശ്രമിക്കണം. ലൈംഗികബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍, കുടുംബബന്ധത്തെക്കുറിച്ചുളള കാഴ്ചപ്പാടുകള്‍, മറ്റ് അഭിരുചികള്‍ എന്നിവ പരസ്പരം തുറന്നുപറയാന്‍ പങ്കാളികള്‍ ശ്രമിക്കണം. ഒരാളുടെ താത്പര്യങ്ങള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.

പൊസസീവ്‌നെസ് ഉപേക്ഷിക്കുക
പൊസസീവ്‌നെസ് ഒരിക്കലും സ്‌നേഹം അളക്കാനുളള മാനദഢമല്ല. പങ്കാളികള്‍ക്ക് ജീവിതത്തില്‍ മറ്റനേകം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടാകും. ഇതിനിടയില്‍ അല്പം തിരക്കുളള ജീവിതമാണെങ്കില്‍ തനിക്കൊപ്പം സമയം ചെലവഴിക്കുന്നില്ല, വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല തുടങ്ങിയ മ ആരോപണങ്ങള്‍ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തും. തിരക്കുകളില്‍ പരസ്പരം മനസ്സിലാക്കിയും സഹകരിച്ചും മുന്നോട്ട് പോകാന്‍ ശ്രമിക്കുക.

സൗഹൃദത്തെ സംശയിക്കരുത്
തൊഴിലിടത്തേയും മറ്റും സൗഹൃദങ്ങളാണ് ദാമ്പത്യത്തിലെ വലിയ വില്ലന്‍. നല്ല സുഹൃദ് ബന്ധങ്ങളെക്കുറിച്ച് അനാവശ്യമായ സംശയങ്ങള്‍ വെച്ച് പുലര്‍ത്തരുത്. വ്യക്തിയെന്ന നിലയില്‍ സമൂഹത്തില്‍ ഒരുപാട് പേരുമായി ദിവസേന ഇടപഴകേണ്ടി വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബന്ധങ്ങള്‍ അതിരുവിടുമ്പോള്‍ തര്‍ക്കിക്കുന്നതിന് പകരം കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുക.

പരിഗണന
ഒരുപക്ഷെ തന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവും പങ്കാളിയില്‍ നിന്ന് ലഭിക്കില്ല. അവര്‍ വളര്‍ന്ന സാഹചര്യം, കുടുംബപശ്ചാത്തലം എന്നിവ തീര്‍ത്തും വ്യത്യസ്തമായിരിക്കും. മാത്രമല്ല കാഴ്ചപ്പാടിലും വ്യത്യാസവുമുണ്ടാകും. എല്ലാ കാര്യത്തിലും പങ്കാളിയുടെ പിന്തുണയും സഹായവും പ്രതീക്ഷിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യുവാനും അല്പം മുന്‍കൈയെടുത്ത് ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കണം.

മാറുന്ന സാഹചര്യങ്ങള്‍
വീട് മാറുന്നതും, ജീവിത സാഹചര്യം മാറുന്നതും, പങ്കാളിയുടെ തൊഴില്‍ മാറ്റവും ദാമ്പത്യത്തില്‍ എപ്പോഴും പ്രതീക്ഷിക്കാവുന്ന ചിലതാണ്. എന്നാല്‍ ഇത്തരം മാറ്റങ്ങളില്‍ പങ്കാളിയെ പഴിക്കാതെ അത് നേരിടാന്‍ കൂടെ നില്‍ക്കുക.

You must be logged in to post a comment Login