ദാവണീ… നീ എന്നും സുന്ദരിയാ കേട്ടോ

പെണ്‍കുട്ടികള്‍ക്ക് ദാവണി ആയാലോ? തനി നാടന്‍, എന്നാലോ ഏറ്റവും ട്രെന്‍ഡി. അതാണ് ദാവണി. തമിഴ്‌നാട്ടില്‍നിന്ന് ആണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയില്‍ കുടിയേറിയ ദാവണി കൗമാരത്തിന്റെ ഹരമായിരുന്നു ഒരുനാള്‍. ഏതാണ്ട് മൂന്നുപതിറ്റാണ്ട് മുമ്പുവരെ ദാവണിക്കാലത്തിലൂടെ കടന്നുപോകാത്ത പെണ്‍കുട്ടികള്‍ കുറവായിരുന്നു.
ചില സ്കൂളുകളില്‍പ്പോലും ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ദാവണിയായിരുന്നു. ചുരിദാറിന്റെ അധിനിവേശത്തില്‍ ദാവണി അഥവാ ഹാഫ് സാരി മറവിയിലായി. സിനിമകളില്‍ മാത്രം പെണ്‍കുട്ടികള്‍ ദാവണിയുടുത്തു.

Untitled-1 copyഫാഷന്റെ അതിര്‍ത്തിയിലെങ്ങും അടുപ്പിക്കാതിരുന്ന ദാവണി പെട്ടെന്നാണ് ഏറ്റവും ഫാഷണബിളായ വസ്ത്രമായി അവതരിച്ചത്. നീളന്‍ പാവാടയ്ക്കും ബ്ലൗസിനും ചേരുന്ന സാരിത്തുണി കണ്ടെത്താന്‍ പെട്ട പാട് അന്നത്തെ ദാവണിക്കാരികള്‍ക്കേ അറിയൂ. ആ സ്ഥാനത്താണ് ഇന്ന് സെമി സ്റ്റിച്ച്ഡ്, റെഡി ടു വെയര്‍ ദാവണികളെത്തിയിരിക്കുന്നത്. അതും നിറച്ചാര്‍ത്തോടെ, കല്ലിന്റെയും മുത്തിന്റെയും ആഡംബരത്തില്‍ മുങ്ങി.ഒറ്റക്കളര്‍ ദാവണിയും നിറങ്ങള്‍ വാരിവിതറിയ ദാവണിയും വിപണിയിലുണ്ട്. കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ക്കും ആവശ്യക്കാരേറെ. പെണ്‍കുട്ടികള്‍ക്കുള്ള കുട്ടി ദാവണിയുമുണ്ട്.

എംബ്രോയ്ഡറിയും കുന്തന്‍ വര്‍ക്കും സീക്വന്‍സുകളും കല്ലുകളും മുത്തുകളും കണ്ണാടിച്ചില്ലുകളും കൊണ്ട് അലങ്കരിച്ച ദാവണികള്‍ വിവാഹ സത്കാരങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും എല്ലാം അങ്ങേയറ്റം ചേരും. വിവാഹ നിശ്ചയവേളയില്‍ പെണ്ണിനണിയാനും ദാവണിയാകാം; നിറപ്പകിട്ടാര്‍ന്ന നിറയെ വര്‍ക്കുകളുള്ള ദാവണി. ഓണക്കാലമായതോടെ വിപണിയില്‍ പ്രിയമേറുകയാണ്.പല വിലയില്‍ ദാവണി ലഭ്യമാണ്.കേരളീയ സാരിയുടെ പകിട്ട് മങ്ങിപ്പോകാത്ത രീതിയിലാണ് ദാവണി വിപണിയില്‍ ലഭ്യമാകുന്നത്. പാര്‍ട്ടി വെയര്‍ രീതിയിലുള്ള ദാവണിയും വിപണിയില്‍ സജീവമാവുകയാണ്.

 

 

You must be logged in to post a comment Login