ദിലീപിനെതിരായ നടിയുടെ അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സമര്‍പ്പിച്ച അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും.

അതിനിടെ, കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ബി.സന്ധ്യ ഐ.പി.എസ്. ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവര്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയിരുന്നു.

You must be logged in to post a comment Login