ദിലീപിനെതിരെ ഗുരുതര കുറ്റങ്ങൾ; നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയതായി കുറ്റപത്രം

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി അനുബന്ധ കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുള്ളതായി കുറ്റപത്രം വ്യക്തമാക്കുന്നു. കൊച്ചിയില്‍ താരസംഘടന അമ്മ സംഘടിപ്പിച്ച നിശയ്ക്കിടെയായിരുന്നു ദീലീപിന്റെ ഭീഷണി. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സിദ്ധിക്ക് ദിലീപിനെ താക്കീത് ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. താരനിശക്കിടെ ദിലീപും കാവ്യയുമായുള്ള രഹസ്യബന്ധം നടി ചിലരോട് പറഞ്ഞിരുന്നു. ഇതാണ് ദിലീപിന്റെ ഭീഷണിക്ക് കാരണമായത്. അതേസമയം നഗ്ന വീഡിയോ ചിത്രീകരിച്ചത് യുവ നടിയെ ദിലീപിന്റെ ചൊൽപ്പടിക്ക് നിർത്താണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ പള്‍സര്‍ സുനി ദിലീപിന് കത്തയച്ചതോടെ താരത്തിന്റെ പങ്ക് വ്യക്തമായെന്നും കുറ്റപത്രത്തിൽ പറയുന്നു. അങ്കമാലി കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്. എട്ടാം പ്രതിയായ ദിലീപിനെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി പത്തോളം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തന്റെ ദാമ്പത്യം തകര്‍ന്നതിനു കാരണക്കാരിയായി കരുതുന്ന നടിയോടുള്ള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കസ്റ്റഡിയിലിരിക്കെ പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷ്, ജയിലില്‍ വെച്ച് കത്തെഴുതാന്‍ സഹായിച്ച വിപിന്‍ ലാല്‍ എന്നിവര്‍ മാപ്പുസാക്ഷികളാണ്.

You must be logged in to post a comment Login