ദിലീപിന് ഒത്താശ ചെയ്ത് ഇരുമുന്നണികളും; അന്വേഷണം അട്ടിമറിച്ചത് 2014 ലെ യുഡിഎഫ് സര്‍ക്കാര്‍; കയ്യേറ്റ റിപ്പോര്‍ട്ട് പൂഴ്ത്തിയത് സിപിഐ മന്ത്രി

ചാലക്കുടി: ചലച്ചിത്ര നടന്‍ ദിലീപിന്റെ അനധികൃത ഭൂമി ഇടപാടുകള്‍ക്ക് ഒത്താശ ചെയ്ത് ഇടത്, വലത് മുന്നണികള്‍. ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മാണത്തിനായി ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ കുറിച്ചുളള ആദ്യ അന്വേഷണം അട്ടിമറിച്ചത് 2014 ലെ യുഡിഎഫ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ അന്വേഷണമാണ് യുഡിഎഫ് ഉന്നതര്‍ ഇടപെട്ട് ദിലീപിന് അനുകൂലമാക്കിയത്. അതിന്‍ മേല്‍ നടന്ന ലാന്‍ഡ് റവന്യു കമ്മിഷണറുടെ അന്വേഷണവും ഇനിയും എങ്ങുമെത്തിയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിെല സിപിഐ മന്ത്രിയാണ് ഏറ്റവുമൊടുവില്‍ ദിലീപിനെ സഹായിക്കാന്‍ ഇടപെട്ടതെന്നാണ് ആരോപണം. ഇതിന് പ്രത്യുപകാരമായി മന്ത്രിയുടെ മകനെ ദിലീപ് നിര്‍മിച്ച സിനിമയില്‍ അഭിനയിപ്പിച്ചെന്നും ആക്ഷേപമുണ്ട്.

2013ലാണ് ഡി സിനിമാസിന്റെ സ്ഥലത്തിന്റെ പേരില്‍ കെ.സി.സന്തോഷെന്ന ആലുവ സ്വദേശി ദിലീപിനെതിരെ പരാതി നല്‍കുന്നത്. ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങളുണ്ടാക്കി ദിലീപ് കൈക്കലാക്കുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. ഇതില്‍ അന്വേഷണം നടത്തി ജില്ലാ കലക്ടര്‍ 2014 ല്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് ദിലീപിന് അനുകൂലമായിരുന്നു. ദിലീപിന്റെ കൈയ്യില്‍ ഉടമസ്ഥാവസകാശം തെളിയിക്കുന്ന രേഖകളുണ്ടായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍.

ഇതിനെതിരെ പരാതിക്കാന്‍ ഹൈക്കോടതിയെയും സമീപിച്ചു. തുടര്‍ന്ന് കോടതി അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും അദ്ദേഹത്തിന് വീഴ്ച സംഭവിച്ചതായും കണ്ടെത്തി. തുടര്‍ന്ന് കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കി. 2015ല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുമുക്കി. എല്‍ഡിഎഫ് അധികാരത്തില്‍വന്നിട്ടും നിലപാടില്‍ മാറ്റമുണ്ടായിരുന്നില്ല.

നടപടി ആവശ്യപ്പെട്ട് പരാതിക്കാരന്‍ ജില്ലാ കലക്ടറെ സമീപിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ദിലീപിനെതിരെ നടപടിയെടുക്കേണ്ടെന്ന് സിപിഐയിലെ ഒരു മന്ത്രിയുടെ നിര്‍ദേശമുണ്ടെന്നാണ് കലക്ടര്‍ സന്തോഷിനോട് പറഞ്ഞത്. റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതിന്റെ പ്രതിഫലമായി മന്ത്രിയുടെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

എന്നാല്‍, ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതായാണ് ആരോപണം.

You must be logged in to post a comment Login