ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നു; സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: ശില്‍പബാല

ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ല ആക്രമിക്കപ്പെട്ട നടി എ.എം.എം.എയില്‍ നിന്ന് രാജിവച്ചതെന്ന് നടി ശില്‍പ ബാല. അവള്‍ക്ക് അര്‍ഹപ്പെട്ട പരിഗണന എ.എം.എം.എ നല്‍കാത്തത് കൊണ്ടാണ് രാജിയെന്ന് നടി പറഞ്ഞു.

ശില്‍പ ബാലയുടെ വാക്കുകള്‍:

‘അവള്‍ക്ക് അര്‍ഹപ്പെട്ട പരിഗണന എ.എം.എം.എ നല്‍കിയില്ല. തെലുഗിലും കന്നടയിലും തമിഴിലും മലയാളത്തിലുമായി എഴുപത്തെട്ടോളം സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ളവളാണ് അവള്‍. അതായത് ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയ ഡ്രോപ്പ് ഉണ്ടാകാന്‍ കാരണം. നന്നായി തൊഴിലെടുത്ത് കുടുംബം നോക്കിയ നടിക്കാണ് ഈ അപ്രഖ്യാപിത വിലക്കുകളെ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ അതെല്ലാം അതിജീവിച്ച് അഭിനയം തുടരുന്ന അവസ്ഥയിലാണ് ഈ ആക്രമണം ഉണ്ടായത്. ആദ്യം ആരാണ് ചെയ്തതെന്ന് അറിയില്ലായിരുന്നു. പിന്നെ പല ഊഹാപോഹങ്ങള്‍ ഉണ്ടായി. തല്‍ക്കാലം പോലീസുകാരെ വിശ്വസിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.

ഈ നടനും നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. വെറും ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ ഇത്തരത്തില്‍ പകരം വീട്ടുക എന്നത് വളരെ ഭീകരമാണ്. സത്യം പറഞ്ഞാല്‍ ദിലീപ് കുറ്റക്കാരനാകണം എന്ന് കരുതുന്ന ആളല്ല ഞാന്‍. കുറ്റക്കാരനാണെങ്കില്‍ ഏറ്റവും അധികം ഷോക്ക് ആവുന്ന ആളുകളില്‍ ഒരാളാണ് ഞാന്‍.’

മലയാള സിനിമയിലെ കാസ്റ്റിംങ് കൗച്ച് യാഥാര്‍ത്ഥ്യമാണെന്നും ശില്‍പ പറഞ്ഞു. ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നോട് ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും പലരും നിവൃത്തി കേടുകൊണ്ട് നോ പറയാന്‍ പറ്റാതെ പോയവരാണെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login