ദുബായിൽ ബസ് അപകടം; ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു

dubai_bus_accident

ദുബായ്: ദുബായിൽ ബസപകടത്തിൽ പത്ത് ഇന്ത്യക്കാരടക്കം 17 പേർ മരിച്ചു. മരിച്ച ഇന്ത്യക്കാരിൽ ആറ് പേർ മലയാളികളാണ്. ഇതിൽ നാല് മലയാളികളെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദീൻ അരക്കാവീട്ടിൽ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ചത്.

ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ യാത്രാ ബസാണ് അപകടത്തിൽ പെട്ടത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. മരിച്ചവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടുന്നു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസ് നിശേഷം തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈദ് ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് മസ്കറ്റിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താത്കാലികമായി നിർത്തി വച്ചു.

You must be logged in to post a comment Login