ദുബൈയില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന; അനുമതി തേടിയെന്ന് പിണറായി വിജയന്‍

ദുബൈ: ദുബൈയില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന രൂപീകരിക്കാന്‍ അനുമതി തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം അല്‍ ജൂല്‍ഫാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാംസ്‌കാരിക സംഘടനയ്ക്ക് വാക്കാലുള്ള അനുമതി ദുബൈ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ നല്‍കി. അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സോണ്‍ പോലുള്ള നിലയമാണ് ഉദ്ദേശിക്കുന്നത്. പ്രവാസി മലയാളികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദുബൈയില്‍ മലയാളികള്‍ക്ക് ഒരു സാംസ്‌കാരിക സംഘടന രൂപീകരിക്കാന്‍ അധികൃതരുടെ അനുമതി തേടി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം അല്‍ ജൂല്‍ഫാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. വാക്കാല്‍ അതിനുള്ള അനുമതി അദ്ദേഹം നല്‍കി. അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സോണ്‍ പോലുള്ള ഒരു നിലയമാണ് ഉദ്ദേശിക്കുന്നത്. പ്രവാസി മലയാളികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി ഉദ്ദേശിക്കുന്ന ഇത് ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷ.

ദുബൈയില്‍ നടന്ന ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് മേഖലാ സമാപന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സമ്മേളനം വന്‍ വിജയമായിരുന്നു. പ്രവാസികളുടെ ക്ഷേമത്തിനുതകുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നു. ലോക കേരളസഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ നിര്‍ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്. സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ മിക്കവയും നടപ്പാക്കാന്‍ കഴിയുന്നവയാണ്. സര്‍ക്കാര്‍ ഗൗരവമായാണ് ഈ നിര്‍ദ്ദേശങ്ങളെ കാണുന്നത്.

You must be logged in to post a comment Login