ദുബൈയില്‍ മലയാളി നഴ്‌സിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍

മലയാളി നഴ്‌സിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാല്‍ വാര്‍ഡ് അംഗവുമായ സിപിഐഎം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ (കെ.വി. തോമസ്) മകള്‍ ശാന്തിയെ (30) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

ദുബായ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് ആന്റണി ജോസഫ് തന്നെ പീഡിപ്പിക്കുകയാണെന്നു മകള്‍ പരാതിപ്പെട്ടിരുന്നതായി രാജു പറഞ്ഞു. നാലുവര്‍ഷം മുന്‍പായിരുന്നു വിവാഹം. രണ്ടുവര്‍ഷം മുന്‍പു ദുബായിലെത്തിയ ശാന്തി ഒരുമാസം മുന്‍പാണ് എമിറേറ്റ്‌സ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്നു വയസ്സുള്ള മകള്‍ ആന്‍ മരിയ നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമാണ്. ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ ജീവനക്കാരനാണ് ആന്റണി.

തന്നെ ഭര്‍ത്താവ് അകാരണമായി മര്‍ദിക്കുകയാണെന്നു രണ്ടുമാസമായി മകള്‍ പരാതിപ്പെടുന്നുണ്ടെന്നും രക്ഷിക്കണമെന്നു സുഹൃത്തുക്കളോടും ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നെന്നും രാജു പറയുന്നു. ശാന്തിയുടെ അമ്മ ഗീത പായിപ്പാട് മുന്‍ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരങ്ങള്‍: നിമ്മി, അലന്‍.

You must be logged in to post a comment Login