ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും; ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നിന്ന് 6500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനം; പതിനൊന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതക്കുകയാണ്. ശക്തമായ മഴയും ജലനിരപ്പും ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. ഇതോടെ ആലുവ മേഖല വെള്ളത്തിലായിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാവുബലിയിടാന്‍ വരുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആലുവയില്‍ സൈന്യത്തെ ഇറക്കി.

പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാറിന്റെ തീരത്തുള്ള 6500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇടുക്കിയില്‍ നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് അഞ്ച് ഷട്ടറുകള്‍ ഒന്നിച്ച് തുറക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കി കളയല്‍ തോത് വര്‍ദ്ധിപ്പിച്ചാല്‍ ആലുവ മേഖലയില്‍ ദുരിതം വലിയ തോതില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതേസമയം, കാലവര്‍ഷം ദുരിതപ്പെയ്ത്തായി തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

മഴയും ഉരുള്‍പൊട്ടലും കൂടുതല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ വകുപ്പ് വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ല തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാതകളെല്ലാം തന്നെ പൂര്‍ണമായും ഭാഗീകമായും തടസപ്പെട്ട നിലയിലാണ്.

വയനാടിന് പുറമെ, ഇടുക്കിയിലും ദുരന്ത നിവാരണ സേന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 13ാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് 13ാം തീയതി വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഓഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. മുഖ്യമന്ത്രി നാളെ ഹെലികോപ്ടറില്‍ ദുരിതബാധിത മേഖലയില്‍ നിരീക്ഷണം നടത്തുമെന്നാണ് വിവരം. ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിടുകയാണ്. പെരിയാറിലും പെരിയാറിന്റെ കൈവഴികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലവര്‍ഷക്കെടുതി കലുഷിതമാണെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. അവലോകനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട്. സൈനിക സഹായവും ലഭിച്ചു. ഇതുകൂടാതെ കര്‍ണാടക, തമിഴ്‌നാട്  സര്‍ക്കാരുകളുടെ സഹായവും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കര്‍ണാടക 10 കോടിയാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കലക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണാതീതമാകുകയാണ്. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. നെടുമ്പാശേരി വിമാനത്താവളം ഇപ്പോള്‍ സുരക്ഷിതമാണ്. റണ്‍വേയില്‍ വെള്ളം കയറാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്താവളം അടക്കേണ്ടി വന്നാല്‍ തിരുവനന്തപുരം വിമാനത്താവളം സജ്ജമാക്കും. ആലുവ ബലിതര്‍പ്പണ ചടങ്ങിന് മാറ്റമില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.

ആലുവയില്‍ തര്‍പ്പണം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. അടുത്ത ദിവസം രാജ്‌നാഥ് സിംഗ് കേരളം സന്ദര്‍ശിക്കും. അതേസമയം, ആലുവയിലെ രക്ഷാ പ്രവര്‍ത്തനത്തിനായി ആര്‍മി എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ സംഘമെത്തി. 32 അംഗ സംഘം പൊലീസിനൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. സെക്കന്തരാബാദില്‍ നിന്ന് എത്തിയ സംഘം നെടുമ്പാശേരി മേഖലയിലാണ് ക്യാംപ് ചെയ്യുന്നത്.

You must be logged in to post a comment Login