ദുരിതബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി; വയനാടും മലപ്പുറവും ഇന്ന് സന്ദര്‍ശിക്കും

തിരുവനന്തപുരം: വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദര്‍ശിക്കും. തിരുവനന്തപുരത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചു. ഒൻപത് മണിയോടെ സംഘം കരിപ്പൂരിൽ എത്തും.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. കരിപ്പൂരിൽ നിന്ന് ഹെലികോപ്ട‍ര്‍ മാര്‍ഗം സുൽത്താൻ ബത്തേരിയിലെത്തി മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. മലപ്പുറം ജില്ലയിലെ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് ശേഷം വയനാട് ജില്ലാ കളക്ട്രേറ്റിൽ രാഹുൽ ഗാന്ധി എം പി, സി കെ ശശീന്ദ്രൻ എംഎൽഎ, കളക്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ മുഖ്യമന്ത്രി വിവിധ ജില്ലാ കളക്ടര്‍മാരുമായി മഴക്കെടുതിയെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അതേസമയം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 19 ആയി. ഇനി പ്രദേശത്തുനിന്ന് 40 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വയനാട്ടിലെ പുത്തുമലയിൽ രാവിലെ തെരച്ചിൽ നടപടികള്‍ പുനരാരംഭിച്ചു. . ഇനി ഏഴ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ നടന്ന തെരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എൻഡിആര്‍എഫ്, ഫയര്‍ ഫോഴ്സ്, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 86 ആയി.

You must be logged in to post a comment Login