ദുരിതാശ്വാസ പ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തിന് വിട്ടുകൊടുക്കണമെന്ന പ്രചരണം നിരുത്തരവാദപരമെന്ന് സൈനികാസ്ഥാനത്തെ ഉദ്യോഗസ്ഥര്‍; സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ മാത്രം

ന്യൂഡല്‍ഹി: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയയില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരണം നിരുത്തരവാദപരമാണെന്നു സൈനികാസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാന ഭരണകൂടത്തിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും താലൂക്ക് അധികാരികളുടെയും സഹായമില്ലാതെ സൈന്യത്തിന് ദുരന്തഭൂമിയില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്ന് അവര്‍ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല സൈന്യത്തിന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു.

അതേസമയം റാങ്ക് സൂചിപ്പിക്കുന്ന ചിഹ്നങ്ങളോ നെയിം ബാഡ്‌ജോ ധരിക്കാതെ, സൈനിക ഉദ്യോഗസ്ഥനെന്ന നിലയില്‍ സംസ്ഥാന ഭരണകൂടത്തെ അധിക്ഷേപിക്കുന്ന ഒരാളുടെ വിഡിയോ കമന്റ് സൈനിക ആസ്ഥാനത്തെ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ അയാള്‍ സൈനിക ഉദ്യോഗസ്ഥനല്ലെന്നാണ് അറിഞ്ഞതെന്നു സൈന്യത്തിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷനല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യഥാര്‍ഥ ഉദ്യോഗസ്ഥനാണെങ്കില്‍ ഉറപ്പായും ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും.

സിവില്‍ അധികൃതരുടെ അറിവും സമ്മതവുമില്ലാതെ സിവില്‍ ഭരണകാര്യങ്ങളില്‍ സൈന്യം ഇടപെടാന്‍ പാടില്ലെന്നതാണു നിയമം. സൈനികാഭ്യാസങ്ങള്‍ക്ക് അല്ലാതെ സേനയെ പൊതുവഴിയിലൂടെ അയയ്ക്കുന്നതുപോലും ബന്ധപ്പെട്ട സിവില്‍ അധികൃതരെ അറിയിച്ചശേഷമാണ്.

സൈന്യത്തിന്റെ പക്കല്‍ ദുരന്തഭൂമിയുടെ ഭൂപ്രകൃതി വ്യക്തമാക്കുന്ന മാപ് പോലുമുണ്ടാവാറില്ല. എവിടെയൊക്കെ ആള്‍ത്താമസമുണ്ട്, എവിടെ ആദ്യമെത്തണം, ഹെലികോപ്റ്റര്‍ ആണോ ബോട്ടുകളാണോ വേണ്ടത് എന്നിവയെല്ലാം സിവില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണു തീരുമാനിക്കുക. സൈന്യത്തെ ദുരന്തം സംഭവിച്ചിടത്തു വിന്യസിക്കുന്നതിനു നിയമങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്.

പൊലീസ്, അഗ്‌നിശമനസേന, മറ്റു സേവന വിഭാഗങ്ങള്‍ എന്നിവരെയെല്ലാം നിയോഗിച്ചശേഷമേ സൈന്യത്തെ വിളിക്കാവൂ എന്നതാണ് ഇതില്‍ പ്രധാനചട്ടം. സൈന്യത്തെ വിളിക്കേണ്ടിവന്നാല്‍ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് അഭ്യര്‍ഥന നല്‍കണം. ചീഫ് സെക്രട്ടറി ഇതു കേന്ദ്രസര്‍ക്കാരിനും (കാബിനറ്റ് സെക്രട്ടേറിയറ്റ്) രാജ്യരക്ഷാ സെക്രട്ടറിക്കും അയയ്ക്കണം. അതനുസരിച്ചു കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സമ്മതത്തോടെ രാജ്യരക്ഷാ സെക്രട്ടറി സൈനികാസ്ഥാനത്തോട് ആവശ്യപ്പെടണം.

സൈനികാസ്ഥാനത്ത് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് ദുരന്തബാധിത പ്രദേശത്തിന്റെ ഏരിയ, അല്ലെങ്കില്‍ സബ് ഏരിയ കമാന്‍ഡര്‍ക്കു നിര്‍ദേശം നല്‍കണം. കേരളത്തിന്റെ കാര്യത്തില്‍ കരസേനയാണ് ആവശ്യമെങ്കില്‍ ബെംഗളൂരു ആസ്ഥാനമായ കേരള – കര്‍ണാടക സബ് ഏരിയയുടെ കമാന്‍ഡര്‍ക്കാവും ചുമതല. അദ്ദേഹം ചീഫ് സെക്രട്ടറി നിര്‍ദേശിക്കുന്ന സംസ്ഥാന അധികൃതരുമായി ഏകോപനം നടത്തിയാവും ദൗത്യത്തിനു നേതൃത്വം നല്‍കുക. മൂന്നു സൈനിക വിഭാഗങ്ങളുടെയും സഹായം ആവശ്യമെങ്കില്‍, പൊതുചുമതല കരസേനയുടെ കമാന്‍ഡര്‍ക്കാവും. ഓരോ ജില്ലയിലെയും ദുരന്തസഹായ ദൗത്യത്തിന്റെ പൊതുചുമതല കലക്ടര്‍ക്കാണ്. അദ്ദേഹത്തിന്റെയും ജില്ലാ പൊലീസ് അധികാരിയുടെയും സഹായമില്ലാതെ സൈന്യത്തിന് ഒന്നും ചെയ്യാനാവില്ല. ദുരന്തബാധിതരുടെ സഹായ അപേക്ഷകള്‍ സ്വീകരിക്കുന്നതു സിവില്‍ കേന്ദ്രങ്ങളിലാണ്. അവിടെനിന്നു നല്‍കുന്ന നിര്‍ദേശം അനുസരിച്ചു സൈന്യം നടപടിയെടുക്കുകയാണു ചെയ്യുക.

ദുരന്തഭൂമിയില്‍നിന്നു നേരിട്ടു സൈനിക ഹെലികോപ്റ്റര്‍ എയര്‍ ലിഫ്റ്റിങ് നടത്താറുണ്ട്. പക്ഷേ, അങ്ങനെയുള്ള ഓരോ ദൗത്യത്തിനുശേഷവും പൈലറ്റ് തന്റെ കമാന്‍ഡര്‍ക്ക് അതേക്കുറിച്ചു വിശദീകരണം നല്‍കണം. കമാന്‍ഡര്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചാലും വിശദീകരണം നല്‍കണം. മൃതദേഹങ്ങള്‍ സംസ്‌കരിക്കുക തുടങ്ങിയ ചില പ്രത്യേക കൃത്യങ്ങള്‍ സൈന്യത്തെക്കൊണ്ടു ചെയ്യിക്കരുതെന്നും കീഴ്‌വഴക്കമുണ്ട്.

1997ല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍, ബിഹാറില്‍ സമാധാന പ്രശ്‌നങ്ങളുണ്ടാവുമെന്നു ഭയന്നു സിബിഐ ജോയിന്റ് ഡയറക്ടര്‍, കരസേനാ ബ്രിഗേഡിന്റെ കമാന്‍ഡറോടു സൈനിക സഹായം ആവശ്യപ്പെട്ടതും ബ്രിഗേഡ് കമാന്‍ഡര്‍ റൂള്‍ ബുക്ക് എടുത്ത് അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചതും ചരിത്രം.

You must be logged in to post a comment Login