ദുല്‍ഖറിനെ മറന്ന് രാകുല്‍ പ്രീത്; നിന്റെ സിനിമ കേരളത്തിലെത്തുമ്പോള്‍ കാണിച്ചു തരാമെന്ന് ആരാധകര്‍

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ മഹാനടി തിയേറ്ററുകളില്‍ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രം തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗും തിയേറ്ററില്‍ പോയി കണ്ടിരുന്നു. ചിത്രം ഇഷ്ടപ്പെട്ട രാകുല്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് ദുല്‍ഖര്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

സാവിത്രിയെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെ മാത്രമാണ് പോസ്റ്റില്‍ നടി പുകഴ്ത്തിയത് എന്നതാണ് കാരണം. ചിത്രത്തിലെ നായകകഥാപാത്രമായ ദുല്‍ഖറിനെ പുകഴ്ത്തി ഒരു വാക്കു പോലും പോസ്റ്റിലില്ലാത്തതാണ് ആരാധകരോഷം നടിക്കെതിരെ തിരിയാന്‍ കാരണം. രാകുലിന്റെ പോസ്റ്റിനു കീഴില്‍ കേരളത്തിലെ ദുല്‍ഖര്‍ ആരാധകര്‍ കൂടുതല്‍ പേരും മലയാളത്തിലാണ് നടിയെ ചീത്ത വിളിച്ചിരിക്കുന്നത്. നിങ്ങളുടെ ചിത്രം കേരളത്തിലെത്തുമ്പോള്‍ കാണിച്ചു തരാം എന്ന ഭീഷണിയും ആരാധകര്‍ മുഴക്കുന്നുണ്ട്.

മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത് നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഒമ്ബത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളില്‍ ലഭിച്ചത്. റിലീസിങ് സമയത്ത് പര്യാപ്തമായ എണ്ണത്തില്‍ സ്‌ക്രീനുകള്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ചയില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി.

സാധാരണയായി ചിത്രങ്ങള്‍ക്ക് വീക്കെന്‍ഡുകളിലാണ് കളക്ഷന്‍ കൂടുതലായി കിട്ടുന്നതെങ്കില്‍ മഹാനടിയുടെ കാര്യത്തില്‍ വീക്ക്‌ഡെയ്‌സിലും ആളുകള്‍ തിയേറ്ററില്‍ എത്തുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.

You must be logged in to post a comment Login