ദേശീയദിനാഘോഷത്തിന് തയ്യാറെടുത്ത് ഖത്തര്‍; ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

 

ദോഹ: ദേശീയ ദിനം ആഘോഷിക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 18നാണ് ദേശീയ ദിനമെങ്കിലും നാളെ ദര്‍ബ് അല്‍ സായിയില്‍ ആഘോഷങ്ങള്‍ ആരംഭിക്കും. അഭിവൃദ്ധിയുടെയും മഹത്വത്തിന്റെയും വാഗ്ദാനം എന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശത്തിലാണ് ഇത്തവണ ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും ദേശീയപതാകകളും പതാകയുടെ നിറത്തിലുള്ള കൊടിതോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

ദേശീയദിന പരേഡ് നടക്കുന്ന ദോഹ കോര്‍ണിഷിലും റോഡിന്റെ ഇരുവശങ്ങളിലുമെല്ലാം ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്. ദേശീയദിന പരേഡിനുള്ള തയ്യാറെടുപ്പുകളും വിശിഷ്ടാതിഥികള്‍ക്കായുള്ള ഇരിപ്പിട ക്രമീകരണങ്ങളുമെല്ലാം പുരോഗമിക്കുകയാണ്. പരമ്പരാഗത ശൈലിയിലുള്ള കൂടാരമാണ് ദര്‍ബ് അല്‍ സായിയില്‍ തയ്യാറായിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ദര്‍ബ് അല്‍ സായിയിലെ ആഘോഷത്തില്‍ പങ്കാളികളാകും. ഇത്തവണ ദര്‍ബ് അല്‍ സായിയിലെ കലാ, സാംസ്‌കാരിക പരിപാടികളില്‍ പ്രവാസികളുടെ പങ്കാളിത്തവും ഉണ്ടാകും. ഇതാദ്യമായി പ്രതിരോധ മന്ത്രാലയവും ദര്‍ബ് അല്‍ സായിയിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്റെ നിരവധി പരിപാടികളും ദര്‍ബ് അല്‍ സായിയില്‍ നടക്കും.

വിശ്വസ്തതയും ഐക്യവും പ്രോത്സാഹിപ്പിക്കുകയെന്ന ഖത്തര്‍ ദേശീയദിനത്തിന്റെ ദര്‍ശനരേഖ പ്രതിഫലിപ്പിച്ചാണ് പൊലീസ് കോളേജിന്റെ പങ്കാളിത്തം. അല്‍ ഈസ്സ് പെയിന്റിങ് ഉള്‍പ്പെടെ നിരവധി പരിപാടികളാണ് പൊലീസ് കോളേജിന്റെ പവലിയനില്‍ ഉണ്ടാവുക. അല്‍ ഷഖാബിന്റെ പുതിയ ബ്രാന്‍ഡ് പ്രകാശനവും വാരാന്ത്യത്തില്‍ ദര്‍ബ് അല്‍ സായിയില്‍ നടക്കും. കൂടാതെ സന്ദര്‍ശകര്‍ക്കായി നിരവധി വിനോദ പരിപാടികളും അല്‍ഷഖാബിന്റെ പവലിയനിലുണ്ടാകും.

രാജ്യത്തെ ആറ് പ്രൈമറി സ്‌കൂളുകളില്‍ നിന്നായി വിദ്യാര്‍ഥികളുടെ നാടകങ്ങളും ദര്‍ബ് അല്‍ സായിയിലെ ഓപ്പണ്‍ തിയേറ്ററില്‍ അരങ്ങേറും. ആരോഗ്യ ബോധവത്കരണവുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷ സംബന്ധിച്ചുമുള്ള പ്രായോഗിക പരിശിലീനങ്ങളും ബോധവത്കരണവുമായി ഗതാഗത വകുപ്പും സജീവമാകും. ഫോട്ടോ ബൂത്തുകളും പഴയതും പുതിയതുമായി വാഹനങ്ങളുടെയും സൈനിക ആയുധങ്ങളുടെയും അറബ് കുതിരകളുടെ പ്രദര്‍ശനവുമെല്ലാം ഇത്തവണയുമുണ്ടാകും.

You must be logged in to post a comment Login