ദേശീയ ഗെയിംസ് ക്രമക്കേട്; വിവാദം പുകയുന്നു

തിരുവനന്തപുരം: സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദേശീയ ഗെയിംസിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉയര്‍ന്നുവന്ന ക്രമക്കേടുകള്‍ ഗെയിംസിന്റെ ശോഭ കെടുത്തുന്നു. ഗെയിസ് നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംഘാടക സമിതിയില്‍ വിവാദം പുകയുകയാണ്. വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഗെയിംസിന്റെ സഹസംഘാടകര്‍ തന്നെ രംഗത്തെത്തി. ഗെയിംസിനോടനുബന്ധിച്ചുള്ള കൂട്ടയോട്ട മത്സര നടത്തിപ്പിലും വന്‍ ക്രമക്കേടാണ് ആരോപിക്കുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമങ്ങള്‍ക്ക് പണം വാരിക്കോരി നല്‍കിയതായും ആക്ഷേപമുണ്ട്. അതേസമയം, ക്രമക്കേടുകള്‍ നിഷേധിച്ച ഗെയിംസ് സെക്രട്ടേറിയറ്റ് സിഇഒ ജേക്കബ് പുന്നൂസ് ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഒരുക്കങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ഗെയിംസിന്റെ സഹസംഘാടകര്‍ തന്നെ രംഗത്തെത്തിയത് സര്‍ക്കാരിന് തലവേദനയാണ്. ഗെയിംസ് വേദികളെ കുറിച്ച് ആശങ്കകളുണ്ടെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി പിഎ ഹംസ പറഞ്ഞു. വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ട്. സാങ്കേതിക സമിതി 15ന് വേദികള്‍ പരിശോധിക്കും. കായികോപകരണങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കിയത് മുന്‍ധാരണ ലംഘിച്ചാണ്. വിവാദങ്ങള്‍ ഗെയിംസിന്റെ ശോഭ കെടുത്തുമെന്നും തങ്ങളുടെ അതൃപ്തി സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടത്തിന്റെ നടത്തിപ്പിന്റെപേരില്‍ മലയാളമനോരമയുടെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് പത്തുകോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്. മത്സര നടത്തിപ്പിന് ഒരു കോടി രൂപ തന്നെ ധാരാളമെന്നിരിക്കയാണിത്. നടത്തിപ്പുചുമതലയ്ക്കായി നാലുകോടിക്കുമുകളിലും ശേഷിക്കുന്ന തുക പ്രചാരണത്തിനുമാണ് അനുവദിച്ചതെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കുന്ന വിശദീകരണം. ഇവന്റ് മാനേജ്‌മെന്റുകള്‍ക്കുപകരം എന്തുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളെയോ ജനകീയസംരംഭങ്ങളെയോ തേടിയില്ലെന്ന് ചോദ്യത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പരിഗണിക്കേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗെയിംസിനുള്ള പണം വകമാറ്റി പ്രസ്ക്ലബിനും മറ്റു മാധ്യമസ്ഥാപനങ്ങള്‍ക്കും നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. സംസ്ഥാന സര്‍ക്കാരിന് പുറമെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും കേരളാ ഒളിംപിക് അസോസിയേഷനുമാണ് ദേശീയ ഗെയിംസിന്റെ മുഖ്യ സംഘാടകര്‍. ഈ മാസം 15ന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ ഐഒഎയ്ക്ക് നല്‍കിയ ഉറപ്പ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് സാധ്യമാകുമോ എന്നതിലും ഒളിംപിക് അസോസിയേഷന് ആശങ്കയുണ്ട്. സംഘാടക സമിതിക്കെതിരെ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കെ രാജി സന്നദ്ധതയുമായി ഗെയിംസ് സെക്രട്ടേറിയറ്റ് സിഇഒ ജേക്കബ് പുന്നൂസും രംഗത്തെത്തി. സമിതിയില്‍ നിന്ന് രാജിക്ക് എപ്പേഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടത്തിയതായി അറിയില്ല. കരാര്‍ കിട്ടാത്തവരാണ് ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 95 ശതമാനവും പൂര്‍ത്തിയയെന്നും അവസാന ഘട്ട മിനുക്കുപണികളാണ് ശേഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭരണ പക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ഒരുപോലെ ആരോപണങ്ങളാണ് സംഘാടക സമിതിക്കെതിരെ ഉയരുന്നത്. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേട് സംസ്ഥാനത്തിന് അപമാനമാണെന്നും അഴിമതി സമഗ്രമായി അന്വേഷിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേട് തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവരുന്നതിനിടെയാണ് ക്രമക്കേട് ആരോപിച്ച് സംഘാടക സമിതിയില്‍ നിന്നും മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചത്. സര്‍ക്കാരിനെയും സംഘാടക സമിതിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഗണേഷിന്റെ രാജി. ഗെയിംസ് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗത്വമാണ് ഗണേഷ് രാജിവെച്ചത്. ഗെയിംസിന് മാനദണ്ഡങ്ങള്‍ മറികടന്നാണ് ഉപകരണങ്ങള്‍ വാങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ടായ ക്രമക്കേടുകള്‍ സംസ്ഥാനത്തും ആവര്‍ത്തിക്കപ്പെടുമോയെന്ന് സംശയിക്കണം. നിരുത്തരവാദപരവും അന്യായവുമായ നടപടിക്ക് നിശ്ശബ്ദസാക്ഷിയാകാനില്ല. ഗുരുതരമായ കൃത്യവിലോപവും കുറ്റകരമായ അലംഭാവവും സംഘാടനത്തിലുണ്ടെന്നും ഗണേഷ് ആരോപിച്ചിരുന്നു. ഗെയിംസിനുള്ള സാംസ്കാരിക പരിപാടികള്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സംഘാടക സമിതിയിലെ അംഗമായിരുന്ന പാലോട് രവി എം.എല്‍.എയും നേരത്തേ രാജിവെച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട്, കള്‍ചറല്‍ കമ്മിറ്റികളിലെ അംഗത്വമാണ് അദ്ദേഹം രാജിവെച്ചത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി എം.എല്‍.എമാര്‍ ഗെയിംസിന്റെ നടത്തിപ്പിലെ പാകപിഴകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ സംഘാടക സമിതി ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംഘാടക സമിതിക്കെതിരെ ഭരണ പക്ഷത്ത് നിന്ന് ആരോപണമുയര്‍ന്നതും സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. അതിനിടെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി ചര്‍ച്ചചെയ്യും. ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയ 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറിയ അഴിമതിക്ക് സമാനമായ രീതിയിലാണ് ദേശീയ ഗെയിംസിന്റെയും പോക്ക്. കായികമേളയ്ക്ക് കൗണ്ട് ഡൗണ്‍ തുടങ്ങിയെങ്കിലും മുപ്പത്തിയഞ്ച് മത്സര വേദികളില്‍ 16 എണ്ണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ബാക്കിയുള്ളവയില്‍ പണി ഇഴഞ്ഞു നീങ്ങുകയാണ്. എല്ലാം പൂര്‍ത്തിയായി എന്നവകാശപ്പെടുന്ന വേദികളിലും മൂത്രപ്പുര ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇനിയും ബാക്കിയാണ്. ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങളാണ് വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാലെ ഗെയിംസ് വിജയകരമാകൂ.

You must be logged in to post a comment Login