ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ

ന്യൂഡല്‍ഹി:  ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ സുപ്രീംകോടതിയെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സിഇഒ അറിയിച്ചു. സുപ്രീംകോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി മതം എന്നിവ ശേഖരിക്കുന്നില്ലെന്നും സിആഒ അജയ് ഭൂഷന്‍ പാണ്ഡെ വ്യക്തമാക്കി.

ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യു.ഐ.ഡി.എ.ഐക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാബെഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്റ് അവതരണത്തിന് തയാറാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പൗരന്റെ ഡേറ്റ ചോരില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും എ.ജി കോടതിയില്‍ പറ‍ഞ്ഞു.

സ്വകാര്യതയുടെ പേരു പറഞ്ഞ് രാജ്യത്തെ മുപ്പത് കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുളള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. ആധാര്‍കാര്‍ഡിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതിനാണ് ആധാര്‍ നടപ്പാക്കുന്നത്. ആധാര്‍വിവരങ്ങള്‍ സുരക്ഷിതമാണെന്നും, കോടതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്താന്‍ തയാറാണെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന് പെന്‍ഷന്‍ നിഷേധിക്കാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. ജീവനക്കാരന്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതു കൊണ്ടുതന്നെ വ്യാജപെന്‍ഷന്‍ അക്കൗണ്ടുകള്‍ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് സുരക്ഷ വിശദീകരിക്കാന്‍ യു.ഐ.ഡി.എ.ഐക്ക് സുപ്രീംകോടതിയുടെ അനുമതി നല്‍കിയത്.

You must be logged in to post a comment Login