ദേഹാസ്വാസ്ഥ്യം മൂലം 9/11 അനുസ്മരണചടങ്ങ് പൂര്‍ത്തിയാക്കാതെ ഹിലരി ക്ലിന്റണ്‍ മടങ്ങി; ഡോക്ടര്‍മാര്‍ ന്യൂമോണിയ സ്ഥിരീകരിച്ചു (വീഡിയോ)

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ന്യുമോണിയ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹിലരി ചടങ്ങ് അവസാനിപ്പിച്ച് മടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹിലരിക്ക് ന്യുമോണിയ സ്ഥിരീകരിച്ചത്.

അമിതമായ വിയര്‍ക്കുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചടങ്ങ് മതിയാക്കി മകളുടെ വസതിയിലേക്കാണ് ഹിലരി പോയത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ നടത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹിലരിയെ വാഹനത്തില്‍ കയറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സഹായിക്കുകയായിരുന്നു. മാന്‍ഹട്ടണിലെ ഗ്രൗണ്ട് സീറോയില്‍ നിന്ന് വാഹനത്തില്‍ കയറാന്‍ നില്‍ക്കുന്ന ഹിലരിക്ക് സ്വയം നില്‍ക്കാന്‍ കഴിയാതെ കാലിടറുന്നത് കാണാം.

ഹിലരി ക്ലിന്റനോട് വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ മാറ്റം വരുത്തും.

You must be logged in to post a comment Login