ദൈവത്തിന്റെ മകളെ വായിക്കുമ്പോള്‍

  • ഡോ. ഇ സന്ധ്യ

സാഹിത്യ കൃതികളെ വിലയിരുത്തുമ്പോള്‍ അതെഴുതിയതാരെന്നോ ഏതു നാട്ടുകാരെന്നോ എത്ര പ്രായമുണ്ടെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഒന്നും ഒരു പരിധി വരെ നോക്കേണ്ടതില്ലായിരിക്കാം. വിലയിരുത്തുന്ന കൃതിയുടെ സാഹിത്യ മൂല്യമായിരിക്കണം പ്രഥമ പരിഗണനയ്‌ക്കെടുക്കേണ്ടത് എന്നുണ്ടെങ്കിലും വായനയുടെ അബോധതലങ്ങളില്‍ ഇക്കാര്യങ്ങളൊക്കെ എവിടെയോ ഒളിഞ്ഞിരിപ്പുണ്ടെന്നതത്രേ സത്യം. ആണ്‍ കവിത പെണ്‍ കവിത എന്ന ചേരിതിരിവിലൊന്നും വിശ്വസിച്ചില്ലെങ്കിലും സച്ചിദാനന്ദന്റെയോ കെ.ജി.എസിന്റെയോ റഫീക്ക് അഹമ്മദിന്റെയോ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയോ കവിതകളില്‍ ഒരാണ്‍സാന്നിധ്യവും ബാലാമണിയമ്മയുടെയും മാധവിക്കുട്ടിയുടെയും വിജയലക്ഷ്മിയുടെയും സുഗതകുമാരിയുടെയും ഒക്കെ കവിതകളില്‍ പെണ്‍മയും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെയറിയില്ല എന്ന കവിത ഒരിക്കലും ഒരു പുരുഷനെഴുതാനാവില്ല. സന്ദര്‍ശനം എന്ന ചുള്ളിക്കാടിന്റെ കവിത സ്ത്രീക്കെഴുതാനാവില്ല. വിഷയ പരമായി ആവിഷ്‌കാരപരമായി എത്ര സ്വാതന്ത്ര്യമുണ്ടെങ്കിലും എഴുത്തുകാര്‍ സ്വന്തം സ്വത്വത്തിലൂന്നിയാണ് രചനകള്‍ നിര്‍വഹിക്കുന്നത് എന്നാണ് പറഞ്ഞു വന്നത്.അപവാദങ്ങളില്ലെന്നല്ല. വിജയരാജമല്ലികയുടെ ദൈവത്തിന്റെ മകള്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകളുടെ മൂല്യം നിര്‍ണ്ണയിക്കുമ്പോള്‍ എഴുതിയയാളുടെ സ്വത്വം പരിഗണിക്കാതിരിക്കാനാവില്ല .

മനസുകൊണ്ട് സ്ത്രീയും ശരീരം കൊണ്ട് പുരുഷനുമായിരുന്ന ഒരു കാലമുണ്ടായിരുന്നു മല്ലികക്ക്. അങ്ങനെയൊരാള്‍ വളരുമ്പോള്‍, വളര്‍ന്നു വലുതാകുന്നോള്‍ കൂട്ടുകാരനെയോ കൂട്ടുകാരിയെയോ കൂടുതല്‍ ആഗ്രഹിക്കുക? ആര്‍ക്കൊപ്പമാണ് സഞ്ചരിക്കുക? ആരെപ്പോലെയാണ് വസ്ത്രം ധരിക്കുക? ആരെപ്പോലെയാണ് ചിന്തിക്കുക? ഏതു തീരുമാനമെടുത്താലും സമൂഹം പുച്ഛിക്കും. കളിയാക്കും. ഒറ്റപ്പെടുത്തും. സ്‌നേഹ നിരാസത്താലും അവഗണനയാലും തളര്‍ത്തും.പരിഗണിക്കാതിരിക്കും. ഈ സംഘര്‍ഷങ്ങളില്‍ നിന്ന്, വേദയില്‍ നിന്ന്, തീയില്‍ നിന്ന് പിറവി കൊണ്ട വാക്കുകളാണ്, ചിന്തകളാണ് മല്ലികയുടെ കവിതകള്‍. അതുകൊണ്ടാണ് അവ പൊള്ളുന്നു എന്ന് കെ.ആര്‍.മീര അവതാരികയില്‍ എഴുതിയത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ കവിയാണ് മല്ലിക.

ഈ കവിതാ സമാഹാരത്തിലെ കവിതകളില്‍ പലതും കാത്തിരിപ്പിന്റെയാണ്.മല്ലികയുടെ ഉള്ളിലെ പെണ്ണാണ് കാമുകനെ കാത്തിരിക്കുന്നത്. അവന്‍ വരുമോ? അത് ഉറപ്പില്ല. വരാതിരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ അനവധിയുണ്ട്. അതില്‍ പുതുമയെന്ത് എന്നാവും ചോദ്യം. അതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിലാണ് ഈ കവിതകളുടെ കാതല്‍ കുടികൊള്ളുന്നത്. സ്വത്വം പ്രകടമാകുന്നത്. ബിംബങ്ങള്‍ പ്രസക്തമാകുന്നത്. നിലവിലുള്ള , പരിചയമുള്ള നമ്മുടെ വായനക്കപ്പുറം നമുക്ക് കടന്നു പോകേണ്ടി വരുന്നത്. മല്ലിക ആവര്‍ത്തിച്ചുപയോഗിക്കുന്ന ഒരു പ്രയോഗമാണ് രക്തം ചിന്താത്ത പൗര്‍ണമികള്‍ ( അതേ പേരിലുള്ള കവിത, മാര കേളി) ഒരു ട്രാന്‍സ്‌ജെന്ററിന് കാമുകനുള്ള എറ്റവും അനന്യമായ സമ്മാനമായാണ് മല്ലിക അതു കരുതുന്നത്. ചോര നനവില്ലാത്ത ആര്‍ത്തവമെന്ന് വിവക്ഷ. ഈയൊരു ബിംബം മല്ലികയുടെ ജൈവികമായ അവസ്ഥയില്‍ നിന്ന് മാറ്റി വായിക്കുക അസാധ്യമത്രേ. ആര്‍ത്തവമുള്ള സ്ത്രീയെ ദൈവ ദര്‍ശനത്തില്‍ നിന്ന് വിലക്കുന്നവരോട് മല്ലിക ചോദിക്കുന്ന ചോദ്യവും ഇങ്ങനെ പ്രസക്തമാവുന്നു. ‘ രക്തം ചിന്തുന്ന പൗര്‍ണ്ണമികള്‍/ തുടിക്കാത്ത ഞങ്ങള്‍ക്കുമുണ്ടോ / വിലക്കവിടെ?/ ഇരുമുടിക്കെട്ടുമായ് മലയേറി വന്നാല്‍ / മുഖശ്രീ മായുമോ മുനി കുമാരാ ‘ എന്ന ചോദ്യം ജീവിതത്തില്‍ നിന്ന് കവിതയിലേക്കെത്തി നില്ക്കുന്നു. എങ്കിലും ഉള്ളില്‍ സ്ത്രീത്വവും മാതൃത്വവും കുടികൊള്ളുകയാല്‍ ‘ നിദ്രാടനത്തിന്റെ നെടുവീര്‍പ്പിലും / ഒരു മാതൃമനം എന്നില്‍ തേങ്ങിടുന്നു (പെയ്‌തൊഴിയാതെ ) എന്നും മല്ലിക സങ്കടപ്പെടുന്നു. യാഥാര്‍ത്ഥ്യവും സങ്കല്പവും തമ്മിലുള്ള ഇത്തരം സംഘഷങ്ങളില്‍ നിന്നാണ് മല്ലികയുടെ മിക്ക കവിതകളും ഉറവെടുക്കുന്നത്.

ഈ സംഘര്‍ഷത്തോട് , ഈ പ്രത്യേക മാനസികാവസ്ഥയോട് വായനക്കാര്‍ ഒട്ടൊന്ന് പരിചയിക്കുമ്പോഴാണ് പക്ഷേ യെന്ന കവിത നമ്മെ പിടിച്ചുലയ്ക്കുക. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവും കവിതയിലെ യാഥാര്‍ത്ഥ്യവും ഒന്നാവുന്നതിന്റെ തീവ്രത അനുഭവപ്പെടുത്തുക. ‘യോനിയില്ലാത്ത പെണ്ണിനാണോ കല്യാണമെന്ന ‘ മല്ലികയുടെ ചോദ്യം അസ്വസ്ഥപ്പെടുത്തുക. ഈ അസ്വസ്ഥത നമുക്ക് കാവ്യലോകത്ത് സുപരിചിതമായ ഒന്നല്ല എന്നതും പറയാതെ വയ്യ. മല്ലികയുടെ രചനകള്‍ തന്റെ സ്ഥാനം നേടുന്നത് ഇങ്ങനെയാണ്. മരണാനന്തരം എന്ന കവിതയിലെ അവളും ഈ അസ്വസ്ഥതക്ക് ആക്കം കൂട്ടുന്നു. ആണോ പെണ്ണോ എന്ന ലോകത്തിന്റെ വേദനിപ്പിക്കുന്ന ചോദ്യത്തിന് അതിനേക്കാള്‍ വേദനിപ്പിക്കുന്ന ഒരുത്തരമാണ് ഒരു ട്രാന്‍സ്‌ജെന്ററിന് കിട്ടുന്നത്.

മരണാനന്തരമറിയാമത്രെ. കവിതയുടെ ധ്വനി അടുത്ത വരിയിലാണുള്ളത്. കുളിപ്പിക്കാതെ കട്ടയില്‍ വെക്കില്ലല്ലോ എന്നവസാനിക്കുന്ന വരികളില്‍ കുറ്റബോധത്താല്‍ നമ്മുടെ തല താഴ്ന്നുപോകുന്നു. മനുഷ്യരെ, ഇവിടത്തെ വ്യവസ്ഥാപിത രീതികളെ, വിശ്വസിക്കാനാവാതെ കവി ആശ്രയിച്ചുപോകുന്നത് കാലത്തെയാണ്. കാലമേ നീ മന്ത്രവാദിയാകൂ. /ഈ ദേഹം വെടിയാന്‍ കൂടെ നിലക്കൂ എന്നതത്രേ അപേക്ഷ. മഴവില്ല് വിരിയുന്ന മാനത്തിന്‍ ചില്ലയില്‍ / ഞങ്ങള്‍ ഊഞ്ഞാലിടാന്‍ കൊതിച്ചിടുന്നു എന്ന മോഹത്തില്‍ മല്ലിക ഒരു വര്‍ഗ്ഗത്തിന്റെ മുഴുവന്‍ പ്രതിനിധിയാണ്. മല്ലികയുടെ കവിത അങ്ങനെ ദ്വന്ദ്വ വ്യക്തിത്വമുള്ള എല്ലാവര്‍ക്കും വേണ്ടിയായി മാറുന്നു. കലിംഗയെന്ന കവിതയും ഇതേ പശ്ചാത്തലത്തില്‍ വായിക്കേണ്ട ഒന്നാണ്. കലികയെന്ന കവിതയില്‍ മല്ലികയുടെ തൂലിക പരിദേവനങ്ങള്‍ വെടിഞ്ഞ് ശക്തിയാര്‍ജിച്ചതായി കാണാം. പെണ്ണും പുരുഷനും സത്യമാണെങ്കില്‍ / പ്രപഞ്ചം സൃഷ്ടിച്ചതാണെന്നെ എന്നതാവുന്നു നിലപാട്. ജിലേബിയെന്ന കവിത അമ്മ തന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന ദു:ഖമാണ് പങ്കുവെക്കുന്നത്. കരിനാഗം മനശ്ശാസ്ത്ര വിശകലനം ആവശ്യപ്പെടുന്നു .

മല്ലികയിലെ കവി, സ്ത്രീ ആത്യന്തികമായും സ്‌നേഹത്തിനും പരിലാളനക്കും കരുതലിനും കൊതിക്കുന്നവളാണെങ്കിലും തന്നെ പരിഹസിക്കുന്നവരോടും ഇടിച്ചുതാഴ്ത്തുന്നവരോടും അവഗണിക്കുന്നവരോടും സമരസപ്പെടാത്തവളുമാണ്. അവളെ മാറ്റിനിര്‍ത്തുന്നതിനും അപഹസിക്കുന്നതിനും കാരണം അവളുടെ ദ്വന്ദ്വതയാണെന്നു മനസ്സിലാവുമ്പോള്‍ ശക്തിയുള്ള ഭാഷയില്‍ പ്രതികരിക്കുന്നവളും. കവിതയിവിടെ മൂര്‍ച്ചയുള്ള ആയുധമാണ്. ശത്രുക്കളെ ഒരകലത്തില്‍ നിര്‍ത്തുന്ന ഒന്ന്. മല്ലികക്ക് കവിതയും ജീവിതവും രണ്ടല്ല. മല്ലികയുടെ കാവ്യ വഴിയേ സഞ്ചരിക്കുന്ന വായനക്കാരന് അത് ബോധ്യമാകുന്നതിലാണ് ഈ കവിതകളുടെ വിജയം.

 

 

You must be logged in to post a comment Login