ദോഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും

ലണ്ടന്‍:ദോഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് യുകെയിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ നിയമപരമായി തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയെ തുടര്‍ന്ന് ആത്മ പീഢനവും ആത്മഹത്യയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മന്ത്രി ഉത്തരവിറക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം ആണ് മോളിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മോളിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.തങ്ങളുടെ കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹ മാധ്യമങ്ങളും കാരണമായിട്ടുണ്ടെന്ന് 30 ഓളം കുടുംബങ്ങള്‍ പറഞ്ഞതായി യുവാക്കളുടെ ആത്മഹത്യാ പ്രവണത തടയുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന പാപ്പിറസ് എന്ന സന്നദ്ധ സംഘടന പറയുകയുണ്ടായി.

ഈ ആരോപണങ്ങളില്‍ ക്ഷമാപണം നടത്തുന്ന ഇന്‍സ്റ്റാഗ്രാമിന്റെ ഉടമസ്ഥര്‍ കൂടിയായ ഫെയ്‌സ്ബുക്ക്, പിന്റെറസ്റ്റ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍, ആത്മ പീഢനം, മാനസികാരോഗ്യം പോലെയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആവശ്യമായ നടപടികള്‍ നടപ്പിലാക്കാനുള്ള തീവ്ര ശ്രമഭങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പ്രതികരിച്ചത്.

ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, പിന്റെറസ്റ്റ്, ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികള്‍ക്ക് അയച്ച കത്തില്‍ ദോഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഇതിനോടകം സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത യുകെ ഭരണകൂടം അവര്‍ അടിയന്തിരമായി ഇനിയുമേറെ ചെയ്യണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ നിസ്സഹായരായിരിക്കാം പക്ഷെ ഞങ്ങള്‍ ശക്തരാണ്. സര്‍ക്കാരിനും സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും ഇതില്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു.

You must be logged in to post a comment Login