ദോഹയില്‍ പുതിയ അല്‍ മമ്മൂറ പാര്‍ക്ക്; രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കുമെന്ന് നഗരസഭ

ദോഹ: ദോഹയില്‍ പുതിയ അല്‍ മമ്മൂറ പാര്‍ക്ക് വരുന്നു. പാര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം പബ്ലിക് പാര്‍ക്ക് വകുപ്പ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ പാര്‍ക്കിന് സമീപം ശുചീകരണ ജോലികള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കിയശേഷം പാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുടുംബങ്ങള്‍ക്കായാണ് പാര്‍ക്ക് തുറക്കുന്നത്. കായിക, വിനോദ സൗകര്യങ്ങളും കുട്ടികള്‍ക്കായി കളിസ്ഥലവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പാര്‍ക്കിലുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ പാര്‍ക്ക് തുറക്കുന്നതിനാണ് വകുപ്പ് മുന്‍ഗണന നല്‍കുന്നത്. അല്‍ വഖ്‌റയിലും അല്‍ വുഖൈറിലും കൂടുതല്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുതിയ പാര്‍ക്കുകള്‍ക്ക് വ്യത്യസ്തവും നവീനവുമായ ഘടനയാണ്‌ നല്‍കുന്നത്. രാജ്യത്തെ പബ്ലിക് പാര്‍ക്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനും നിലവിലെ പാര്‍ക്കുകള്‍ നവീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണിത്. പാര്‍ക്കുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. നിലവില്‍ 87 പാര്‍ക്കുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലായി 40 പാര്‍ക്കുകളാണ് രാജ്യത്ത് തുറന്നത്.

ദോഹയിലാണ് മുപ്പതോളം പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്നത്. അല്‍ റയ്യാനില്‍ പത്തൊമ്പതും ഉംസലാമില്‍ അഞ്ചോളം പാര്‍ക്കുകളും നിലവിലുണ്ട്. അടുത്തിടെയാണ് ഹസം അല്‍ മര്‍ഖിയ, മുഹമ്മദ് ബിന്‍ ജാസ്സിം പാര്‍ക്ക്, നാസ്സര്‍ ബിന്‍ അബ്ദുല്ല അല്‍ അത്തിയ പാര്‍ക്ക്, അല്‍ കാബന്‍ പാര്‍ക്ക് എന്നിവ ജനങ്ങള്‍ക്കായി തുറന്നത്. കുട്ടികള്‍ക്കുള്ള കളിസ്ഥലം,  പാര്‍ക്കിങ് സ്ഥലം, തണലിടങ്ങള്‍, സി.സി.ടി.വി. ക്യാമറകള്‍, സുരക്ഷാമുറി, ശൗചാലയം എന്നിവയെല്ലാം പാര്‍ക്കിലുണ്ട്.

You must be logged in to post a comment Login