ധര്‍മപുരിയില്‍ സിഗ്നല്‍ സംവിധാനം തകരാറിലാക്കിയും പാളംമുറിച്ചും കവര്‍ച്ച; കേരള എക്‌സ്പ്രസിലെ അഞ്ച് യാത്രക്കാരില്‍ നിന്ന് 25.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു

സേലം: സിഗ്‌നല്‍ സംവിധാനം തകരാറിലാക്കിയും പാളം മുറിച്ചും നാലംഗ സംഘം കവര്‍ച്ച നടത്തി. ധര്‍മ്മപുരിയിലെ മൊറപ്പൂര്‍ കൊട്ടാംപാടി വനമേഖലയില്‍ വെച്ചാണ് സംഭവം. ഞായറാഴ്ച രാത്രി ചെന്നൈ-തിരുവനന്തപുരം മെയില്‍ കടന്ന് പോകുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് പാളം മുറിച്ച നിലയില്‍ കണ്ടത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിലെ അഞ്ച് യാത്രക്കാരില്‍ നിന്ന് 25.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു.

സിഗ്‌നല്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ടതായിരുന്നു കേരള എക്‌സ്പ്രസ്. സേലം സ്റ്റേഷനില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ മൊറപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മാവോയിസ്റ്റ് സാന്നിധ്യമുള്ള കൊട്ടാംപാടി വനമേഖലയില്‍ രാത്രി 11.10 നാണ് സംഭവം. കേരള എക്‌സ്പ്രസ് നിര്‍ത്തിയതിനെത്തുടര്‍ന്ന് സിഗ്‌നല്‍ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് സമീപത്തെ പാളം മുറിച്ച നിലയില്‍ കണ്ടത്. പാളങ്ങളെ ബന്ധിക്കുന്ന ഭാഗം മുറിച്ചതിനാല്‍ അട്ടിമറി ശ്രമമെന്നാണു പൊലീസും റെയില്‍വേ അധികൃതരും നല്‍കുന്ന സൂചന. സിഗ്‌നല്‍ ആസൂത്രിതമായി തകരാറിലാക്കിയതാണെന്നു റെയില്‍വേയുടെ ഉന്നതതല അന്വേഷണത്തില്‍ വ്യക്തമായി. വനമായതിനാല്‍ പ്രദേശത്തു വെളിച്ചമില്ല. ട്രാക്ക് പരിശോധനയ്ക്കിട കന്നഡ സംസാരിക്കുന്ന നാലു പേരെ ഇവിടെ സംശയാസ്പദമായി കണ്ടതായി ട്രാക്ക്മാന്‍മാര്‍ പൊലീസിന് മൊഴി നല്‍കി. പിന്നീട് ഇവര്‍ കാട്ടിലേക്കു പോയി. സിഗ്‌നല്‍ ലഭിക്കാതെ കേരള എക്‌സ്പ്രസ് നിര്‍ത്തിയിട്ടപ്പോള്‍ നാല് പേര്‍ ട്രെയിനില്‍ കടന്നു കവര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം സ്വദേശി രമ്യയുടെ മൂന്നര പവന്റെയും തൃശൂര്‍ സ്വദേശി വസന്തയുടെ നാല് പവന്റെയും എറണാകുളം സ്വദേശി ജയലക്ഷ്മിയുടെ ആറു പവന്റെയും ചെങ്ങന്നൂര്‍ സ്വദേശി പ്രദീപ് കുമാറിന്റെ അഞ്ചു പവന്റെയും കോയമ്പത്തൂര്‍ സ്വദേശി രാമലക്ഷ്മിയുടെ ഏഴ് പവന്റെയും ആഭരണങ്ങള്‍ നഷ്ടപ്പെട്ടു.

ധര്‍മ്മപുരി ജില്ലാ പൊലീസ് മേധാവി പാണ്ഡി ഗംഗാധര്‍, റെയില്‍വേ എസ്പി കെ.വിജയകുമാര്‍, സേലം റെയില്‍വേ സുരക്ഷാ സേന ഡിഎസ്പി എം.കുമരേശന്‍ എന്നിവര്‍ സ്ഥലത്തു പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

You must be logged in to post a comment Login