ധവാൻ തിരുവനന്തപുരത്ത്; അവസാന രണ്ട് മത്സരങ്ങളിൽ പാഡണിയും

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും. മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിൽ നടക്കുന്ന മത്സരങ്ങളിൽ ധവാൻ്റെ കളി നേരിട്ടു കാണാനുള്ള അവസരമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.

അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ നിന്ന് ഓൾ റൗണ്ടർ വിജയ് ശങ്കർ പുറത്തായെന്നും പ്രസാദ് അറിയിച്ചു. തള്ളവിരലിനേറ്റ പരിക്കാണ് ശങ്കറിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയ്ക്ക് മുൻപ് ഫോമിൽ തിരിച്ചെത്തുന്നതിന് വേണ്ടിയാണ് ധവാനെ ഇപ്പോൾ ടീമിലുൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചത്. നേരത്തെ പരിക്കിനെത്തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ ധവാൻ, വിൻഡീസിൽ നടന്ന ഏകദിന, ടി-20 പരമ്പരകളിൽ കളിച്ച് ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തിയിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല.

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ അഞ്ചു മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ആദ്യ മൂന്നു മത്സരങ്ങളിൽ ഒരു ടീമിനെയും അവസാന രണ്ട് മത്സരങ്ങളിൽ മറ്റൊരു ടീമിനെയുമാണ് ഇന്ത്യ അണി നിരത്തുക. ശുഭ്മൻ ഗിൽ, അന്മോൾപ്രീത് സിംഗ്, റിക്കി ഭുയി, ശിവം ദുബെ, ശർദ്ദുൽ താക്കൂർ എന്നിവരാണ് രണ്ട് ടീമുകളിലും ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയാസ് അയ്യരുമാണ് ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

മഴ മൂലം 47 ഓവറാക്കി ചുരുക്കിയ ആദ്യത്തെ മത്സരത്തിൽ ഇന്ത്യ 69 റൺസിന് വിജയിച്ചിരുന്നു. ശിവം ദുബേ (79), അക്സർ പട്ടേൽ (60) എന്നിവരുടെ വിസ്ഫോടനാത്മക ഇന്നിംഗ്സുകളുടെ ബലത്തിൽ ഇന്ത്യ എ അടിച്ചെടുത്തത് ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് ആയിരുന്നു. അഞ്ചു വിക്കറ്റിട്ട യുസ്‌വേന്ദ്ര ചഹാലിൻ്റെ ബൗളിംഗ് പ്രകടനത്തിൽ ദക്ഷിണാഫ്രിക്ക 258ന് എല്ലാവരും പുറത്തായി.

You must be logged in to post a comment Login