ധോണി നായകസ്ഥാനം ഒഴിയണ്ട സമയം അതിക്രമിച്ചു: ഗാംഗുലി

സിഡ്‌നി: ധോണി നായകസ്ഥാനം ഒഴിയേണ്ട സമയം അതിക്രമിച്ചെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഏകദിന, ട്വന്റി20 മത്സരങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ ഇന്നുള്ള മികച്ച നായകരിലൊരാളാണ് ധോണി. എന്നാല്‍ ടെസ്റ്റിന്റെ മേഖലയിലെത്തുമ്പോള്‍ ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ധോണി പരാജയമാണ്. ടെസ്റ്റ് നായകനെന്ന നിലയില്‍ ധോണിയുടെ ഭാവി നിശ്ചയിക്കേണ്ടത് സെലക്ടര്‍മാരാണ്. അറുപതോളം മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിക്ക് ആവശ്യത്തിലധികം അവസരം ലഭിച്ചിട്ടുണ്ട്. ടെസ്റ്റുകളില്‍ പ്രത്യേകിച്ച് വിദേശമണ്ണില്‍ ധോണി എന്ന നായകന്റെ മറ്റൊരു മുഖമാണ് കണ്ടുവരുന്നതെന്ന് ദാദ ചൂണ്ടിക്കാട്ടി. ഈ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ മാത്രമല്ല ഇത് കണ്ടിട്ടുള്ളത്. ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയിലാണ് രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവിയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
കോഹ്‌ലി ഇന്ത്യയുടെ നായകനാകുമെന്ന് ഉറപ്പാണ്. നമുക്ക് വേണ്ടത് പോസിറ്റീവായി ചിന്തിക്കുന്ന  നായകന്‍മാരെയാണ്. കോഹ്‌ലിയുടെ അര്‍പ്പണ മനോഭാവം തന്നെ ഏറെ ആകര്‍ഷിച്ച ഘടകമാണെന്ന് ബംഗാള്‍ കടുവ പറഞ്ഞു. ടെസ്റ്റ് നായകസ്ഥാനം ഒഴിയുകയാണെങ്കില്‍ പോലും കോഹ്‌ലിക്ക് കീഴില്‍  ധോണി ടീമില്‍ തുടരുന്നതില്‍ താന്‍ കുഴപ്പമൊന്നും കാണുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു. നായകസ്ഥാനം ഒഴിഞ്ഞ ശേഷം സച്ചിന്‍ എനിക്ക് കീഴിലും ഞാന്‍ ദ്രാവിഡിനു കീഴിലും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലാകട്ടെ പോണ്ടിംഗ് ക്ലാര്‍ക്കിനു കീഴിലും ടീമില്‍ തുടര്‍ന്നിരുന്നു. നല്ല രീതിയില്‍ കളിക്കുന്ന കാലത്തോളം നായക സ്ഥാനം ഒരു വിഷയമാകില്ല. നായക സ്ഥാനം കേവലം ഒരു ചുമതല മാത്രമാണ്. ഒരു കളിക്കാരനില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത് ടീമിനായി പരമാവധി അര്‍പ്പിക്കുക എന്നതാണ്, ദാദ പറഞ്ഞു.

You must be logged in to post a comment Login