നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമോപദേശം. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷനു നിയമോപദേശം നല്‍കി. ഓഗസ്റ്റ് ഒന്‍പതിനു ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ജോര്‍ജിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.

ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. ദിലീപ് നിരപരാധിയെന്നുമാണ് പി.സി ജോര്‍ജ്‌ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

You must be logged in to post a comment Login