നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി; സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.

താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ദിലീപ് ഇപ്പോള്‍. നവംബര്‍ ഒന്നു മുതല്‍ താരം ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് ചെന്നൈയിലാണ്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു.

തണ്ടര്‍ഫോഴ്‌സ് തന്നെയാണ് ചെന്നൈയിലും ദിലീപിന് സുരക്ഷയൊരുക്കുക. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റുകളിലെല്ലാം ഇനി തണ്ടര്‍ഫോഴ്‌സ് സുരക്ഷയുണ്ടാകും. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വകാര്യ സുരക്ഷയില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. തണ്ടര്‍ഫോഴ്‌സിനെ നിയോഗിച്ചതിനെതിരെ നേരത്തെ പൊലീസ് വിശദീകരണം തേടുകയും തണ്ടര്‍ഫോഴ്‌സ് ലൈസന്‍സുള്ള ഏജന്‍സിയാണെന്ന് പൊലീസിന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

സുരക്ഷാഭീഷണി നേരിടുന്നതായി ദിലീപ് പൊലീസിനെ അറിയിച്ചിരുന്നു. തനിക്കെതിരെ കേസ് നൽകിയവരില്‍ നിന്നാണ് ഭീഷണിയെന്നും സുരക്ഷക്കായി സ്വകാര്യഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നും നടന്നത് കൂടിയാലോചന മാത്രമാണെന്നും ദിലീപ് വിശദീകരണം നല്‍കിയിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

You must be logged in to post a comment Login