നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ഏത് ഏജൻസി അന്വേഷിക്കണമെന്നു പ്രതിക്ക് ആവശ്യപ്പെടാനാകില്ല. സിബിഐ അന്വേഷണം വേണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. പൊലീസ്‌ അന്വേഷണം പക്ഷപാതപരമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു തന്നെ കേസിൽ കുടുക്കിയതെന്ന് വാദവും കോടതി തള്ളി. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണു ദിലീപിന്റേതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ശരിയായ അന്വേഷണമാണു നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടർന്ന് സുപ്രീംകോടതി സമീപിച്ചിരിക്കുകയാണു ദിലീപ്. 2017 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

You must be logged in to post a comment Login