നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സ്റ്റേ

dileep

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്ക് സ്റ്റേ. നടിയുടെ ദൃശ്യങ്ങൾ ഉണ്ടെന്നു പറയുന്ന മെമ്മറി കാർഡ് തൊണ്ടിയാണോ തെളിവാണോ എന്നത് സംബന്ധിച്ച് കൃത്യമായ നിലപാട് അറിയിക്കാൻ പൊലീസ് സമയം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് വിചാരണ സ്റ്റേ ചെയ്തത്. ദിലീപ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. വേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കേസിന്റെ ഭാഗമായ മെമ്മറി കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പ്രതിസ്ഥാനത്തുള്ള തനിക്കു നൽകണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രേഖ ലഭിക്കാൻ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസിന്റെ ഭാഗമായ രേഖ ആണെങ്കിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ദൃശ്യങ്ങൾ മുഴുവനായി നൽകണമോ ഭാഗീകം ആയി നൽകണോ തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ ജഡ്ജിക്കു തീരുമാനമെടുക്കാം. നിബന്ധനകളോടെ നൽകാമെങ്കിൽ അതു പരിഗണിക്കണം. തൊണ്ടി മുതൽ ആണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login