നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് സര്‍ക്കാര്‍; ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലിപീനെതിരെ സര്‍ക്കാര്‍ രംഗത്ത്. കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് മന:പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണയ്ക്കായി വനിതാ ജ‌ഡ്‌ജിയെ വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല,​ ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജ‌ഡ്‌ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യം. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച വിചാരണ തടസപ്പെടുത്തുകയാണ് ദിലീപ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം,​ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ആരോപണം. അതിനാല്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നതിന് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.

You must be logged in to post a comment Login