നടി ആക്രമിക്കപ്പെട്ട കേസ്; മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് നമിത പ്രമോദ്

 

actress assault case: namitha pramod criticise media for spreading false newsനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിൻ്റെ പേരുമായി ബന്ധപ്പെടുത്തി തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടെന്ന് നടി നമിതാ പ്രമോദ്. മലയാള ചലച്ചിത്ര മേഖലയിലുണ്ടായ ചില പ്രശ്‌നങ്ങളിൽ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴക്കുകയായിരുന്നുവെന്നും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണമെന്നും നമിത പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരാളെ സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്‍റെ കൃത്യതയെകുറിച്ച്‌ മാധ്യമങ്ങള്‍ക്ക് അന്വേഷിക്കേണ്ട കടമയുണ്ട്. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിൻ്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് തീര്‍ത്തും തെറ്റാണെന്നും നടി പ്രതികരിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് കുടുംബത്തിൻ്റെയും ബന്ധുകളുടെയും വലിയ പിന്തുണ കിട്ടിയപ്പോഴാണ് അത് മറക്കാനായതെന്നും നമിത വ്യക്തമാക്കി.

കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഈ നടി നമിത ആണെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചു. ദിലീപുമായി അടുത്ത ബന്ധമുള്ള നടിയാണെന്നും ദിലീപിനോടൊപ്പം ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുവനടിയാണെന്നും റിപ്പോര്‍ട്ടുകളിൽ പറഞ്ഞിരുന്നു.

You must be logged in to post a comment Login