നടൻ ആസിഫ് അലി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ; അബദ്ധം പിണഞ്ഞ ടൈംസ് ഓഫ് ഇന്ത്യക്ക് സോഷ്യൽ മീഡിയയുടെ ട്രോൾ

പാക്കിസ്ഥാൻ ലോകകപ്പ് സ്ക്വാഡ് പ്രസിദ്ധീകരിച്ചതിൽ അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. പാക്കിസ്ഥാൻ്റെ കൂറ്റനടിക്കാരൻ ആസിഫ് അലിക്ക് പകരം നടൻ ആസിഫ് അലിയുടെ പ്രൊഫൈലാണ് ടൈംസ് ഓഫ് ഇന്ത്യ നൽകിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് പറ്റിയ അബദ്ധത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.

പട്ടികയിലെ ആദ്യത്തെ പേരു തന്നെ ആസിഫ് അലിയുടേതാണ്. വലം കയ്യൻ ബാറ്റ്സ്മാൻ, വലം കയ്യൻ മീഡിയം ഫാസ്റ്റ് ബൗളർ എന്ന വിശേഷണത്തോടൊപ്പം നടൻ ആസിഫ് അലിയുടെ ചിത്രം. ലിങ്ക് തുറക്കുമ്പോൾ നടൻ ആസിഫ് അലിയുടെ പ്രൊഫൈലിലേക്കാണ് പോകുന്നത്. മറ്റു കളിക്കാരുടെ ലിങ്കുകൾ പക്ഷേ, അവരവരുടെ പ്രൊഫൈലുകളിലേക്ക് തന്നെയാണ് തുറക്കുന്നത്.

എന്തായാലും ടൈംസ് ഓഫ് ഇന്ത്യക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേ സമയം, നടൻ ആസിഫ് അലി തരക്കേടില്ലാത്തെ ഒരു ക്രിക്കറ്റ് താരം കൂടിയാണ്. മീഡിയം പേസ് ബൗളറായ ആസിഫ് അലി സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളത്തിനു വേണ്ടി കളിച്ചിരുന്നു.

You must be logged in to post a comment Login