നമ്മളിട്ട പൂക്കളങ്ങള്‍ക്ക് എത്ര ഭംഗി…

വി കെ ജാബിര്‍

‘മഹാപ്രളയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. പ്രളയം നമ്മില്‍ നിന്നു പലതും കവര്‍ന്നുകൊണ്ടു പോയെങ്കിലും നമ്മില്‍ നിന്ന് ആദ്യം കവര്‍ന്നത് പരസ്പരം നാം അതിരു കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു. നമ്മുടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു. ഞാന്‍ മാത്രം മതിയെന്ന നമ്മുടെ കാഴ്ചപ്പാടുകളെ ആയിരുന്നു. എന്നാല്‍ പരസ്പരം ജാതി നോക്കാതെ സമ്പത്തു നോക്കാതെ സ്‌നേഹിക്കാനും സമാശ്വസിപ്പിക്കാനും നമുക്കു കഴിഞ്ഞു..
എവിടെയൊക്കെയോ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിയെടുക്കാന്‍ പ്രളയം കൊണ്ടു കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന്‍മാരെ പോലെ ഓണവും പെരുന്നാളുമൊക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു…
ഒരു ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ടവരല്ല നാം. നാം നേടിയെടുത്ത മാനുഷിക മൂല്യങ്ങള്‍ നാളെയുടെ തലമുറയ്ക്കു കൈമാറാം. കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ടു പോകണം നാം…”
വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിലെ വികാരി റവ. ഫാദര്‍ സനു പുതുശ്ശേരിയുടെ ചെറു പ്രസംഗത്തിലെ വരികളാണിത്. പ്രളയകാലത്തു കേരളം സാക്ഷ്യം വഹിച്ച അത്യപൂര്‍വമായ മനുഷ്യത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രോജ്വലമായ കാഴ്ചകള്‍ക്കു സാക്ഷ്യം വഹിച്ച ഏതൊരാളും ഹൃദയത്തോടു ചേര്‍ത്തു പറഞ്ഞുപോകുന്ന വാക്കുകളാണിത്. എന്നാല്‍ തിരുവസ്ത്രത്തില്‍ ഫാദര്‍ പ്രസംഗിച്ച വേദിയാണ് ആ സന്ദര്‍ഭത്തിന്റെ പ്രാധാന്യം ലോകത്തോളം ഉയര്‍ത്തിയത്.
ചെറുപ്പക്കാരനായ ഫാദര്‍ സനു പുതുശ്ശേരി പത്തു മിനിറ്റോളം പ്രസംഗിച്ചത് വെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദിനകത്ത് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയായിരുന്നു. പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുന്ന ഇമാം പ്രസംഗിച്ച അതേ പീഠത്തിലാണ് തിരുവസ്ത്രത്തില്‍ അദ്ദേഹം പള്ളിയില്‍ ഒത്തുചേര്‍ന്ന ഇരുനൂറ്റമ്പതോളം വിശ്വാസികളെ അഭിസംബോധന ചെയ്തത്. ഇന്ത്യയില്‍ ഒരു കത്തോലിക്കാ പുരോഹിതനും ഇത്തരമൊരു മൂഹൂര്‍ത്തത്തിനു വഴിയൊരുക്കിയോ എന്നു സംശയം. മതങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ സംവാദത്തിന്റെ പുതിയൊരു ഭൂമിക തുറക്കപ്പെടുകയായിരുന്നു.
2018 ആഗസ്ത് പകുതിയോടെ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിലെ മറ്റേതൊരു നാടും പോലെ വെച്ചൂരുള്‍പ്പെടുന്ന ദേശവും വെള്ളത്തില്‍ മൂടിയിരുന്നു. ചുരുക്കം ചില സ്ഥലങ്ങള്‍ മാത്രമേ വെള്ളം കയറാത്തതായുള്ളൂ. അച്ചിനകം സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ പിന്നിലും മുന്നില്‍ റോഡിനപ്പുറവും വെള്ളം എത്തിനോക്കി. ആഗസ്ത് 16ന് ചര്‍ച്ച് ക്യാംപസില്‍ ദുരിതാശ്വാസ ക്യാംപ് തുടങ്ങണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിക്കുന്നു. 580ഓളം കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ വീടൊഴിഞ്ഞെത്തിയിരിക്കുന്നു. ഇവര്‍ക്കെല്ലാം ഭക്ഷണവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും നല്‍കണം. പരിഹാരം തേടി പല വഴിക്കും അന്വേഷണങ്ങള്‍ പോയി. അടുത്ത നേരത്തേക്ക് ഭക്ഷണത്തിന് മതിയായ വസ്തുക്കളില്ലെന്ന പ്രതിസന്ധി തരണം ചെയ്‌തേ മതിയാകൂ. സെന്റ് ആന്റണീസ് ചര്‍ച്ചിലെ ചെറുപ്പക്കാരനായ വികാരി റവ. ഫാദര്‍ സനു പുതുശ്ശേരി സമയം കളയാതെ അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ഖതീബുമായും (വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നയാള്‍) ഭാരവാഹികളുമായും ബന്ധപ്പെടുകയായിരുന്നു. വെള്ളിയാഴ്ച പ്രഭാഷണത്തില്‍ ഖതീബ് അസ്ഹര്‍ കശ്ശാഫി അല്‍ ഖാസിമി വിശ്വാസികളെ ഇക്കാര്യം ഉണര്‍ത്തി.
ഭക്ഷണമായും മരുന്നായും വെള്ളമായും സഹാനുഭൂതി പെയ്തിറങ്ങി. എസ് എന്‍ ഡി പി യൂണിയന്‍, സേവാ ഭാരതി, കെ സി വൈ എം ടീം തുടങ്ങിയ സംഘങ്ങള്‍ക്കൊപ്പം അന്‍സാറുല്‍ ഇസ്‌ലാം മസ്ജിദ് കമ്മിറ്റിയും ചേര്‍ന്നതോടെ ഈ കൂട്ടായ്മയ്ക്കു വലിയ കരുത്തായി. നിരാലംബരായ ജനങ്ങള്‍ക്ക് ഭക്ഷണമായി. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി. ആവശ്യമായ മരുന്നു ലഭിച്ചു. വെച്ചൂര്‍ പഞ്ചായത്തിലെ മികച്ച ദുരിതാശ്വാസ ക്യാംപായി തെരഞ്ഞെടുക്കപ്പെട്ടത് സെന്റ് ആന്റണീസ് അങ്കണത്തിലെ ക്യാംപായിരുന്നു. ആ മനുഷ്യര്‍ കൈ ചേര്‍ത്തു പിടിച്ചപ്പോള്‍ ദുരന്തത്തിന്റെ ആധിയില്‍ നിന്നു ആശ്വാസം നേടിയത് രണ്ടായിരത്തോളം പേരായിരുന്നു. ഒമ്പതു ദിവസം പള്ളിയില്‍ ക്യാംപ് പ്രവര്‍ത്തിച്ചിരുന്നു.
അവിടെയാണ് കേരളത്തിനും ലോകത്തിനും മാതൃകയായ സൗഹാര്‍ദത്തിന്റെയും സഹകരണത്തിന്റെയും സംവാദത്തിന്റെയും കൈ കോര്‍ക്കലിന്റെയും ഒരു പുതു ചരിത്രത്തിലേക്കുള്ള വഴി തെളിയുന്നത്. വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട, ദേശീയ മാധ്യമങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയും ആഘോഷിച്ച ആ സവിശേഷ സാഹചര്യത്തെ കുറിച്ച് ഫാദര്‍ സനു പുതുശ്ശേരി പറയുന്നു:
”ദുരിതാശ്വാസ ക്യാംപില്‍ ആളുകള്‍ കൂടിക്കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ക്കു വേവലാതിയുണ്ടായിരുന്നു. ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും മരുന്നും സംഘടിപ്പിക്കണം. സമീപത്തെ മുസ്ലിം പള്ളി അധികാരികളോടും ഉസ്താദിനോടും സാഹചര്യത്തെ കുറിച്ച് ബോധിപ്പിച്ചു. ഈ ദുരന്തം നേരിടാന്‍ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണെന്ന് അവരോട് പറഞ്ഞു. അതിശയിപ്പിക്കുന്നതായിരുന്നു പ്രതികരണം. മൗലവി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിട്ടുണ്ടാവണം. ദൈവം പറഞ്ഞയച്ച മാലാഖമാരെ പോലെയായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്.
തിമിര്‍ത്തു പെയ്ത മഴ ശമിച്ചു, വെള്ളമിറങ്ങി, ക്യാംപുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങള്‍ വീട്ടിലേക്കു മടങ്ങി. പഞ്ചായത്തിലെ മികച്ച ക്യാംപായി ദേവാലയാങ്കണത്തിലെ ക്യാംപ് തെരഞ്ഞെടുക്കപ്പെട്ടു. യാസിര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം യുവാക്കള്‍ സേവന സന്നദ്ധരായി ഓടിനടന്നത് ഞങ്ങള്‍ക്കു മറക്കാന്‍ കഴിയില്ലായിരുന്നു. ക്യാംപില്‍ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു. പലരും സഹായിച്ചിട്ടുണ്ടായിരുന്നു. സഹായിച്ചവരോട് നന്ദി പ്രകടിപ്പിക്കേണ്ടത് എന്റെ ബാധ്യതയാണെന്നു തോന്നി.
ആഗസ്ത് 31ന് വെള്ളിയാഴ്ച, മുസ്‌ലിംകള്‍ പ്രാര്‍ഥനയ്ക്കായി സമ്മേളിക്കുന്ന ദിവസം. പള്ളി പിരിയുമ്പോള്‍ അവരെ കണ്ട് നന്ദി അറിയിക്കാം, അല്ലെങ്കില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളോടും മൗലവിയോടും നന്ദി പറയാം എന്നു കരുതിയാണ് അന്‍സാറുല്‍ ഇസ്‌ലാം പള്ളിയില്‍ ആ ഉച്ചനേരത്തെത്തുന്നത്. അവര്‍ സ്വീകരിച്ചിരുത്തി. മൗലവി പ്രസംഗം നിര്‍വഹിക്കുകയാണ്. പ്രസംഗം വേഗം അവസാനിപ്പിക്കുമ്പോള്‍ അസ്ഹര്‍ മൗലവി വിശ്വാസികളോട് പറഞ്ഞു, അച്ചിനകം പള്ളിയിലെ വികാരിയച്ചന്‍ ചില കാര്യങ്ങള്‍ പറയാന്‍ ഇവിടെയെത്തിയിട്ടുണ്ടെന്ന്. എന്നെ ക്ഷണിച്ചു, മൗലവി പ്രസംഗിച്ച അതേ പ്രസംഗ പീഠത്തിലേക്ക്.
ആദ്യമായാണ് മുസ്‌ലിം പള്ളിക്കുള്ളില്‍ കാലെടുത്തുവയ്ക്കുന്നത്. ഉത്കണ്ഠ, സന്തോഷം, ഭയം അങ്ങനെ എന്തൊക്കെയോ വികാരങ്ങള്‍ മനസ്സിലൂടെ പാഞ്ഞുപോയി. പ്രസംഗപീഠത്തിനു മുന്നില്‍ നിന്ന് വിശ്വാസികളോട് പ്രസംഗിച്ചു, പത്തു മിനിറ്റോളം. പ്രളയ കാലത്ത് പള്ളിയില്‍ പ്രവര്‍ത്തിച്ച ക്യാംപിന് നല്‍കിയ സഹായത്തിന് നന്ദി പറയാനാണെത്തിയതെന്ന് പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. ദൈവമാണ് നിങ്ങളെ അവിടെയെത്തിച്ചതെന്നും ദൈവം അയച്ച മാലാഖമാരാണ് നിങ്ങള്‍ എന്നൊക്കെയാണ് അന്നവരോടു പറഞ്ഞത്.
ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കാം ഒരു മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസം ഒരു കത്തോലിക്കാ പുരോഹിതന്‍ കയറുന്നതും പ്രസംഗം നടത്തുന്നതും. സന്തോഷവും അഭിമാനവും അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്.”
പള്ളി ഭാരവാഹികള്‍ ചെയ്തത്
വെച്ചൂര്‍ പള്ളിയിലെ പുരോഹിതനായ സനു അച്ഛന്‍, മുസ്‌ലിംകള്‍ ചെയ്ത സേവനത്തിന് നന്ദി അറിയിക്കണമെന്നാഗ്രഹം പറഞ്ഞ് എത്തിയപ്പോള്‍ അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ഖതീബിന്റെ ഉദ്‌ബോധനത്തിനിടെ പ്രസംഗിക്കാന്‍ അദ്ദേഹത്തെ പള്ളിക്കകത്തേക്ക് ക്ഷണിക്കുകയായിരുന്നു. മതത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ തങ്ങളുടെ ലോകത്തോളം പരിമിതപ്പെടുത്താന്‍ മത്സരിക്കുന്ന അല്പജ്ഞരായ പ്രഭാഷകരുടെയും നേതാക്കളുടെയും ഉപദേശം അവര്‍ കേട്ടില്ല. മാനുഷിക മൂല്യങ്ങള്‍ക്കു മുന്നില്‍ നിരര്‍ഥകമായ തര്‍ക്കങ്ങള്‍ക്കും ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നില്ല. അവര്‍ വലിയ കാര്യങ്ങള്‍ പ്രഘോഷിക്കുന്നതിനു പകരം ആളുകള്‍ക്കു മനസ്സിലാകുന്ന സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ചെറിയ വലിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
മലയാളത്തില്‍ ഇരുപത് മിനിറ്റോളം നീളുന്ന പ്രസംഗത്തിനു ശേഷമാണ് അറബിയില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാറ്. കോട്ടയം കുമ്മനം സ്വദേശി അസ്ഹര്‍ ഖാസിമിയാണ് പള്ളി ഇമാം. യുവാവാണ്, സൗമ്യനും. അവിസ്മരണീയമായ ആ സാഹചര്യത്തെ കുറിച്ച് അസ്ഹര്‍ ഖാസിമി പറയുന്നു:
”വികാരിയച്ഛന്‍ സഹായമഭ്യര്‍ഥിച്ചതോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയായി. അവര്‍ സ്വരുക്കൂട്ടിയും സുഹൃത്തുക്കളോടു വിളിച്ചു പറഞ്ഞും പണമായും ഭക്ഷ്യവസ്തുക്കളായും സ്‌നേഹം എത്തിച്ചു. ചെറുപ്പക്കാര്‍ ഈ ദൗത്യത്തില്‍ വളരെ മുന്നിലുണ്ടായിരുന്നു. ഏറ്റവും പ്രസക്തമായ ഒരു സംഗതി, ഇവരോരുത്തരും വെള്ളത്തില്‍ നിന്നുകൊണ്ടാണ് സഹോദരങ്ങള്‍ക്കായി സഹായമെത്തിക്കാന്‍ പരിശ്രമിച്ചത് എന്നതാണ്. ഇവരില്‍ പലരുടെയും വീട്ടില്‍ വെള്ളം കയറിയിരുന്നു. ബഹുഭൂരിഭാഗവും കര്‍ഷകരാണ്. വിളവെടുക്കാന്‍ കാലമായിരുന്നു. ആള്‍നാശമുണ്ടായില്ലെങ്കിലും ലക്ഷങ്ങളുടെ കൃഷിയാണ് നഷ്ടപ്പെട്ടത്.
മനുഷ്യര്‍ക്ക് സഹ സൃഷ്ടികളോട് ചില കടമകളുണ്ടെന്ന്, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അല്ലാഹുവും പ്രവാചകനും പഠിപ്പിക്കുന്നുണ്ട്. അതില്‍ ജാതിയും ലിംഗവും പരിഗണനാ വിഷയമല്ല. എന്തിന് മനുഷ്യനാണോ എന്നതു പോലും പ്രസക്തമല്ല. പ്രളയ കാലത്ത് ഒരാളും ആവശ്യക്കാരനെ സഹായിക്കാതിരുന്നതായി ഞാന്‍ കണ്ടിട്ടില്ല.
നമ്മള്‍ വലിയ കാര്യങ്ങളൊന്നും ചെയ്തില്ല. ചെയ്ത ചെറിയ കാര്യങ്ങള്‍ക്ക് അതി മഹത്തായ സ്വീകാര്യത കിട്ടി. ദൈവപ്രീതിയാണ് നമ്മുടെ ലക്ഷ്യം. പ്രശസ്തിക്കോ പ്രശംസയ്‌ക്കോ വേണ്ടി ഒരു ചെറു കാര്യം പോലും ചെയ്തു പോകരുതെന്നത് പ്രവാചകന്റെ മുന്നറിയിപ്പാണ്. മനുഷ്യന് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നാം വാക്കു കൊണ്ടും ഹൃദയം കൊണ്ടും പ്രാര്‍ഥന കൊണ്ടും ദൈവത്തോടു നന്ദി പറയണം.”
മതില്‍ക്കെട്ടുകള്‍ കൂടിയാണ് പ്രളയം തകര്‍ത്തത്
സാമ്പത്തിക, സാമൂഹിക രംഗത്തെ അഭിവൃദ്ധി കേരളത്തില്‍ രൂപപ്പെടുത്തിയ വികസനത്തെയും നഗരവത്കരണത്തെയും തുടര്‍ന്ന് രൂപപ്പെട്ട പുതിയ സംസ്‌കാരം, അടുത്തറിയാനുള്ള വഴികളും സഹാനുഭൂതിയുടെ നീരുവറവകളും ഉരുക്കു തേച്ച് അടയ്ക്കുകയായിരുന്നു. ഒരു മഹാ പ്രളയത്തെ തുടര്‍ന്ന് നന്മയുടെ വലിയ വെളിച്ചം വിതറുന്ന ഒരുപാട് കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. മതമോ ജാതിയോ സാമ്പത്തിക വിവേചനമോ എവിടെയും കണ്ടില്ല. നാം സാക്ഷ്യം വഹിച്ചത് തുല്യതയില്ലാത്ത, മാനുഷിക ഭാവങ്ങളുടെ നിറഞ്ഞാട്ടത്തിനായിരുന്നു. മനുഷ്യനും ജീവനുമുള്ള പകരംവെക്കാനില്ലാത്ത വില നാം തിരിച്ചറിഞ്ഞിരിക്കുന്നു. വേദനയുടെ മുറിവുകളില്‍ സ്‌നേഹത്തിന്റെ മരുന്നു പുരട്ടുകയായിരുന്നു. ഉയര്‍ന്നുപൊങ്ങുന്ന പ്രളയത്തില്‍ മരണം മുന്നില്‍ കണ്ടുകൊണ്ടിരുന്ന വേളയില്‍ ജീവന്‍ തിരിച്ചു നല്‍കിയ മാലാഖമാരായി നാം. ഒന്നു മാറ്റിയുടുക്കാനില്ലാതെ വേദനിച്ചവരുടെ മുന്നില്‍ വസ്ത്രമായി മനുഷ്യരെത്തുകയായിരുന്നു. ജീവിതത്തിലേക്കുള്ള പടി കയറാന്‍ നമ്മുടെ മുതുക് ഒരുക്കിക്കൊടുത്തു.
മസ്ജിദിന്റെ അകം കാണാനും പ്രാര്‍ഥന കാണാനും അവസരമൊരുക്കണമെന്ന് ഇടവകയില്‍ പലരും തന്നോടു താല്പര്യം പ്രകടിപ്പിക്കുകയുണ്ടായെന്ന് ഫാ. സനു പുതുശ്ശേരി പറഞ്ഞു. എങ്ങനെയോ ഉയര്‍ന്നുവന്ന മതില്‍ക്കെട്ടുകള്‍ പൊളിച്ച് സഹകരണത്തിന്റെ വലിയ വഴി വെട്ടിത്തെളിയിക്കപ്പെട്ടിരിക്കുന്നു. മെക്‌സിക്കോ- യു എസ് അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ പ്രസ്താവനയോടു പോപ്പ് ഫ്രാന്‍സിസ് പ്രതികരിച്ചത്, നമുക്ക് പാലങ്ങള്‍ പണിയാമെന്നായിരുന്നു.
പ്രളയത്തിന്റെ തീവ്രമായ വേദന തൊട്ടനുഭവിച്ചവര്‍ക്കു മുന്നില്‍ മനുഷ്യരൂപം പ്രാപിച്ചെത്തിയ മാലാഖമാരുടെ നാടായിരിക്കുന്നു നമ്മുടെ കേരളം. ഇപ്പോള്‍ നമ്മളിട്ട പൂക്കളങ്ങള്‍ക്ക് വല്ലാത്ത ഭംഗിയും സൗരഭ്യവും കൈവന്നിരിക്കുന്നു. അടുത്തുനില്‍ക്കുന്നവന്റെ കൃഷ്ണമണിയില്‍ നാം നമ്മെ കണ്ടുതുടങ്ങുന്നു”.
ഇസ്‌ലാം സാഹോദര്യത്തിന്റെ വാതിലുകള്‍ തുറന്നിടുമ്പോള്‍ നാമായിട്ടത് കൊട്ടിയടക്കേണ്ടെന്ന് അസ്ഹര്‍ മൗലവി ഓര്‍മിപ്പിച്ചു. വിശ്വാസത്തില്‍ തീവ്രമായി നിലയുറപ്പിക്കുമ്പോള്‍ തന്നെ മനുഷ്യരോട് സൗഹാര്‍ദം കൂടാനും കണ്ണീരൊപ്പാനും കഴിയുമ്പോഴാണ് വിശ്വാസം പൂര്‍ത്തിയാകുന്നത്. ദൈവത്തിന്റെ പ്രീതി കാംക്ഷിച്ച് നമുക്ക് സൃഷ്ടികളുടെ വിശപ്പകറ്റാനും വേദന മാറ്റാനും പരിശ്രമിക്കണം. പരസ്പരം അറിയാനുള്ള കൂടുതല്‍ വേദികള്‍ സൃഷ്ടിക്കപ്പെടണം. നമ്മുടെ പ്രവര്‍ത്തനങ്ങളാണ് നമ്മെ അടയാളപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി.
വെള്ളം കൊണ്ടു മുറിവേറ്റ ജനത മനുഷ്യത്വത്തിന്റെ മഹാ പ്രവാഹം കൂടിയാണ് ലോകത്തിനു സമ്മാനിച്ചത്. അതിരുകള്‍ മാഞ്ഞുപോയ, ചക്രവാളത്തിനപ്പുറം ഉയര്‍ന്ന മാനവികതയുടെ പുതിയ ലോകം.

You must be logged in to post a comment Login