നയതന്ത്ര പോര് മുറുകുന്നു: കാനഡയിലേക്കുള്ള എയര്‍ലൈന്‍ സര്‍വീസുകള്‍ സൗദി നിര്‍ത്തലാക്കി; കാനഡയിലുള്ള പൗരന്മാരെ തിരിച്ചുവിളിച്ചു

 

റിയാദ്: സൗദി-കാനഡ നയതന്ത്ര പോര് മുറുകുകയാണ്. പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന തിനിടയില്‍ കഴിഞ്ഞ ദിവസം കാനഡയിലുള്ള പൗരന്മാരെ സൗദി തിരിച്ചുവിളിക്കുകയും സംയുക്ത വ്യാപാര സമിതി അംഗങ്ങളുടെ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തതിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ കാനഡയിലേക്കുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ (സൗദിയ) മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവും സൗദി എടുത്തിരിക്കുകയാണ്. തിങ്കള്‍ മുതല്‍ ടൊറൊന്റോയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തും. ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. ടിക്കറ്റ് റദ്ദാക്കുന്നവരില്‍നിന്നു ഫീസ് ഈടാക്കില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.

നിയമ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ കാനഡ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി-കാനഡ പ്രശ്‌നം തുടങ്ങിയത് അതിനു പിന്നാലെ കനഡ അംബാസിഡറെ സൗദി പുറത്താക്കി. കാനഡയിലെ സൗദി അംബാസിഡറേയും തിരിച്ചു വിളിച്ചിരുന്നു. പ്രോസിക്യൂഷന് കീഴിലുള്ള വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര നിയമം ലംഘിച്ച് കാനഡ ഇടപെട്ടുവെന്നാണ് സൗദി പറയുന്നത്.

എന്നാല്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പിറകോട്ടില്ലെന്നും സൗദിയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്നും കാനഡ വ്യക്തമാക്കി. നിലവിലെ നിലപാടില്‍ മാറ്റമില്ലെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. കാനഡയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അവര്‍ പറഞ്ഞു. കാനഡയുമായി സഹകരിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും സൗദി നിര്‍ത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥര്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബ് മേഖലയില്‍ യുഎഇ, ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ സൗദിക്കൊപ്പമുണ്ട്

You must be logged in to post a comment Login