നരേന്ദ്ര മോഡിയുടെ റാലിയ്ക്ക് ബിജെപി 10 ട്രെയിനുകള്‍ വാടകയ്‌ക്കെടുത്തു

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകരെ എത്തിക്കുന്നതിന് ബിജെപി 10 ട്രെയിനുകള്‍ വാടകയ്ക്ക് എടുത്തു. ഒക്ടോബര്‍ 27 നാണ് പട്‌നയില്‍ മോഡി റാലി നടത്തുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാനം മുഴുവന്‍ നേതാക്കള്‍ സഞ്ചരിച്ചാണ് റാലിയില്‍ പങ്കെടുക്കാനുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിച്ചത്. ട്രെയിന്‍ കൂടാതെ നിരവധി ബസുകളും പ്രവര്‍ത്തകരെ കൃത്യ സമയത്ത് എത്തിക്കാനായി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. 18 ബോഗികള്‍ വീതമുള്ള ട്രെയിനുകള്‍ കൃഷ്ണന്‍ഗഞ്ജ്, പുരനിയ, ഭാഗല്‍പുര്‍, സഹര്‍സ,ബെട്ടിയ, ഭാഗ, സമസ്തിപുര്‍ തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പം മറ്റു ചില പട്ടണങ്ങളില്‍ നിന്നു കൂടി ആളുകളെ എത്തിക്കും.

 


റാലിയ്ക്കായെത്തുന്ന പ്രവര്‍ത്തകരുടെ എണ്ണം മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കണമെന്ന ലക്ഷ്യം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുകയാണ് ബീഹാറിലെ പാര്‍ട്ടി നേരൃത്വം. സംസ്ഥാനത്ത് നിന്ന് ആവശ്യത്തിന് ബസ് ലഭിക്കാത്തതിനാല്‍ ഉത്തര്‍ പ്രദേശില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ബസുകള്‍ എത്തിക്കുന്നുണ്ട്. ബിജെപിയുടെ വളരെക്കുറച്ച് ജനപ്രതിനിധികള്‍ മാത്രമുള്ള തമിഴ്‌നാട്, ഹൈദരാബാദ്, ഹരിയാനയിലെ രെവാരി എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ നരേന്ദ്ര മോഡിയുടെ റാലികളില്‍ പങ്കെടുത്തെങ്കില്‍, ബീഹാറില്‍ എത്താന്‍ പോകുന്ന ആളുകളെ കുറിച്ച് സങ്കല്പിക്കാവുന്നതാണെന്നാണ് നേതാക്കന്മാര്‍ പറയുന്നത്.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയതിന്റെ പേരില്‍ ബീഹാറില്‍ ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിനും അദേഹത്തിന്റെ പാര്‍ട്ടിയായ ജനതാ ദള്‍ യുണൈറ്റഡിനും, സംസ്ഥാനത്ത് തങ്ങള്‍ക്കുള്ള ജന പിന്തുണ കാണിച്ചു കൊടുക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. സംഖ്യം പിരിഞ്ഞതിനു ശേഷം ബീഹാറില്‍ ബിജെപി നടത്തുന്ന ആദ്യ ശക്തി പ്രകടനമാണ് ഒക്ടോബര്‍ 27 ലേത്. ബീഹാറില്‍ ഇതിനു മുന്‍പും ട്രെയിന്‍ വാടകയ്ക്ക് എടുത്ത് റാലി നടത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

You must be logged in to post a comment Login