നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞെന്ന്

narsingh yadavന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞെന്ന് വ്രെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ഷാറാന്‍ സിംഗ് എന്‍ഡി ടിവിയോടാണ് ഇക്കാര്യം പറഞ്ഞത്.
17കാരനായ ഒരു ജൂനിയര്‍ ഗുസ്തി താരമാണ് ഉത്തേജക മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തിയതെന്നാണ് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി നര്‍സിംഗ് യാദവ് തന്നെ സോനപ്പേട്ടിയിലെ റായി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ബുധനാഴ്ച്ച കൊടുത്ത പരാതിയില്‍ പോലീസ് ഇതുവരെ എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ഒരു പ്രമുഖ അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ സഹോദരനും, ജൂനിയര്‍ 65 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആളാണ് നര്‍സിംഗിനെ ചതിച്ച 17കാരനെന്ന് അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നര്‍സിംഗ് യാദവ് ഇന്ത്യന്‍ ടീമിനൊപ്പം ബള്‍ഗേറിയയിലേക്ക് പോയ സമയത്ത് കെഡി ജാദവ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ നര്‍സിങിന്റെ റൂമിന് പരിസരത്ത് ഇയാള്‍ ചുറ്റിതിരിയുന്നത് കണ്ടവരുണ്ടെന്നും, നര്‍സിങിന്റെ റൂമിന്റെ താക്കോല്‍ ഇയാള്‍ ഹോസ്റ്റല്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി വരുന്ന ഈ ഗുസ്തി താരം ഇടയ്ക്ക് സോനാപ്പേട്ടിലെ സായി സെന്ററിലും സന്ദര്‍ശനം നടത്താറുണ്ട്.
ഇതോടെ ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുക്കാന്‍ നര്‍സിംഗിന്റെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തിയതാകാമെന്ന സംശയം ബലപ്പെടുകയാണ്.
റിയോയില്‍ 74 കി.ഗ്രാം ഗുസ്തിയില്‍ മത്സരിക്കേണ്ടിയിരുന്ന നര്‍സിങ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് വെളിപ്പെടുത്തിയത്.
ഇതേതുടര്‍ന്ന് നര്‍സിങിന്റെ ഒളിമ്പിക് അക്രഡിറ്റേഷന്‍ താത്കാലികമായി മരവിപ്പിച്ചിരുന്നു. നര്‍സിങിന് പകരമായി പ്രവീണ്‍ റാണയായിരിക്കും റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നാണ് സൂചന.

You must be logged in to post a comment Login