നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രതിപക്ഷം; കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രതിപക്ഷം. കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍സള്‍ട്ടന്‍സിയായി കെപിഎംജിയെ നിയമിച്ച നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെ.പി.എം.ജിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ആവശ്യപ്പെട്ടു. ഈ കമ്പനി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

പുനര്‍നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഇത് ആശങ്കാജനകമാണ്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികള്‍ മുന്നോട്ട് പോകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകളെന്ന് സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയായി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള കെ.പി.എം.ജി. എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.

പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കണ്‍സല്‍ട്ടന്‍സി സേവനം നെതര്‍ലാന്റ് ആസ്ഥാനമായ കെ.പി.എം.ജി എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. സേവനം സൗജന്യമായി നല്‍കാന്‍ കമ്പനി സമ്മതിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിഴശിക്ഷയുള്‍പെടെയുള്ള നിയമനടപടികള്‍ നേരിട്ട കമ്പനി ഇന്ത്യയിലും ആരോപണങ്ങളില്‍ ഉള്‍പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍ ഒരു ഐഎഎസ് ഓഫീസര്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് പ്രസിദ്ധികരിക്കുകയുണ്ടായി. പേരു വെളിപ്പെടുത്താത്ത, ഒരു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് നരേന്ദ്ര മോദിയ്ക്ക് കത്തയച്ചത്. ഇതില്‍ കെ.പി.എം.ജിയുടെ ഇന്ത്യയ്‌ക്കെതിരായ പരമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനെക്കുറിച്ചായിരുന്നു കത്തില്‍ വിശദീകരിച്ചത്. ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കി കരാര്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും കത്തില്‍ പരമാര്‍ശമുണ്ടായിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള അവിഹിത ഇടപെടലിന് കെ.പി.എം.ജി ശ്രമിക്കുന്നതെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള സ്ഥാപനമാണെന്നും കത്തില്‍ പറയുന്നുണ്ട്. ഒരു ജോയിന്റ് സെക്രട്ടറിക്ക് കണ്‍സല്‍ട്ടന്‍സി സര്‍വീസ് അവര്‍ക്ക് നല്‍കിയാല്‍ വന്‍ പണം കെ.പി.എം.ജി വാഗ്ദാനം ചെയ്‌തെന്നും കത്തില്‍ ആരോപണമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് കെ.പി.എം.ജിയില്‍ ജോലി നല്‍കിയാണ് സ്വാധീനം നേടിയെടുക്കുന്നതെന്നുമായിരുന്നു കത്തില്‍.

അന്തര്‍ദേശീയതലത്തിലും കെ.പി.എം.ജി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോര്‍ട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടത്തിയതുമൂലം പലര രീതിയിലുള്ള അന്വേഷണങ്ങള്‍ നേരിടുന്ന കമ്പനിയാണ് കെ.പി.എം.ജി. ഓഡിറ്റിങില്‍ നടത്തിയെന്ന് പറയുന്ന കൃത്രിമത്വമാണ് കമ്പനിയെ വിവിധ രാജ്യങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് പ്രധാനമായും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്.

You must be logged in to post a comment Login