നവീകരിച്ച ഹുമയൂണ്‍ കുടീരത്തിലേക്ക് ഒരു യാത്ര

മുഗള്‍ ചക്രവര്‍ത്തി ഷാജഹാനും ഭാര്യ മുംതാസിന് സമര്‍പ്പിച്ച പ്രണയോപഹാരമാണ് താജ്മഹലെങ്കില്‍ ഭര്‍ത്താവിനോട് ഭാര്യയ്ക്കുള്ള സ്‌നേഹത്തിന്റെ സ്മാരകമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സ്മാരകമാണ് ഹുമയൂണ്‍ കുടീരം. ഹുമയൂണിന്റെ ആദ്യഭാര്യ ബേഗ ബാനുബീഗം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ചതാണ് ഹുമയൂണ്‍ ശവകുടീരം.ഒരു ഭാര്യയ്ക്ക് ഭര്‍്ത്താവിനോടുളള പ്രണയത്തിന്റെ ഉദാത്തമായ മാതൃക.സ്മാരകം ഈയിടെ പുതുക്കിപ്പണിയുകയുണ്ടായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ആഗാഖാന്‍ സാംസ്‌കാരിക ട്രസ്റ്റും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സംയുക്തമായി ദേശീയ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഹുമയൂണ്‍ കുടീരം മോടിയാക്കിയത്.

പേര്‍ഷ്യന്‍ നിര്‍മാണചാതുര്യത്തിന്റെ കണ്ണാടി കൂടിയാണ് നിസാമുദ്ദീനടുത്തുള്ള ഈ സ്മാരകം. 1562 ല്‍ നിര്‍മാണം തുടങ്ങിയ ഹുമയൂണ്‍ കുടീരം 1571 ലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. 20-ാം നൂറ്റാണ്ടിന്റെ അവസാനം സ്മാരകത്തിന്റെ ചില ഭാഗങ്ങളില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. സ്മാരകത്തിന് ചുറ്റുമുള്ള പൂന്തോട്ടം നശിക്കാന്‍ തുടങ്ങുകയും ശിലാപാളികള്‍ ഇളകിത്തുടങ്ങുകയും ചെയ്തിരുന്നു.

Humayun's_Tomb,_Mausoleum
1997 ല്‍ പ്രഖ്യാപിക്കപ്പെട്ടതാണ് ഹുമയൂണ്‍ കുടീരത്തിന്റെ നവീകരണം. നാരങ്ങാമിശ്രിതം, മുട്ടയുടെ വെള്ളത്തോട്, ഫ്രൂട്ട് പള്‍പ്പ്, മാര്‍ബിള്‍ പൊടി എന്നിവയുടെ മിശ്രിതം ചേര്‍ത്ത് പ്രകൃതിദത്തമായ രീതിയിലായിരുന്നു നവീകരണം. ഏത് കാലാവസ്ഥയിലും സ്മാരകശിലകളെ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ഈ മിശ്രിതം. ദാരാ ശിഖോയടക്കം മുഗള്‍ വംശത്തിലെ 160 കുടുംബാംഗങ്ങളെ സംസ്‌കരിച്ചിട്ടുള്ള 68 സ്മാരകകൂടീരങ്ങളും പ്രത്യേകം അലങ്കരിച്ചു. നിള ഗുംബാദ്, ഇസ ഖാന്‍ ഗാര്‍ഡന്‍ ടൂമ്പ്, ബു ഹലിമാസ് ഗാര്‍ഡന്‍ ടൂമ്പ്, അറബ് സെരായ് ഗേറ്റ് വേ, ഹസ്രത്ത് നിസാമുദ്ദീന്‍ ബവോളി, ചൗസത്ത് ഖംബ തുടങ്ങീ അനുബന്ധ സ്മാരകങ്ങളും നവീകരിച്ചു.

സൂര്യപ്രഭയില്‍ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തോടെ നില്‍ക്കുന്ന സ്മാരകം സന്ദര്‍ശിക്കാന്‍ വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ നിസാമുദ്ദീനിലേക്ക് എത്തുന്നുണ്ട്.

 

 

You must be logged in to post a comment Login