നസ്രിയയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോളുന്നത് എന്തിന്?;  പ്രിയാ വാര്യര്‍

 

ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായത് അത്ര പെട്ടെന്നാണ്. എന്നാല്‍ വൈറലായതിന് തൊട്ടു പിന്നാലെ തന്നെ ട്രോളുകളും വിവാദങ്ങളും പ്രിയയെ തേടിയെത്തി. അവയില്‍ ചിലതു തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് തുറന്നു പറയുകയാണ് പ്രിയ. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയയുടെ തിരിച്ചു വരവും തന്നെയും ചേര്‍ത്ത് പുറത്തു വന്ന ട്രോള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പ്രിയ വെളിപ്പെടുത്തിയത്. തനിക്ക് അഭിനേത്രി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം പോലും നല്‍കാതെയാണ് ട്രോളന്മാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും പ്രിയ ആരോപിക്കുന്നു.

‘എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്.

‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല’ എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്. ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്ന് കൂടെ?’ പ്രിയ വാര്യര്‍ ചോദിച്ചു.

ഇതിന് പുറമെ രാഹുല്‍ ഗാന്ധി പാര്‍ലിമെന്റില്‍ കണ്ണിറുക്കല്‍ ചെയ്തത് തന്നെ കോപ്പിയടിച്ചാണെന്നും മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത് വലിയ നഷ്ടമുണ്ടാക്കിയതിനാലാണെന്നുമുള്ള ആരോപണങ്ങളോടും പ്രിയ പ്രതികരിച്ചു.

You must be logged in to post a comment Login