നാട്ടറിവിലെ പെണ്ണും പഴംചൊല്ലുകളും

  • ടി. കെ പുഷ്‌കരന്‍

സ്ത്രീത്വം,സ്ത്രീ പദവി, കുടുബം, വിവാഹം, തൊഴില്‍ കൂട്ടായ്മങ്ങള്‍, അതിജീവനതന്ത്രങ്ങള്‍, ഗാര്‍ഹിക വ്യവസ്ഥയുടെ ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട വാമൊഴി വഴക്കങ്ങള്‍ മലയാളിക്ക് എന്നും വിലപ്പെട്ട ഉപദാനങ്ങളാണ്. സ്ത്രീ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള പിഴയ്ക്കാത്ത നിരീക്ഷങ്ങളാണിവ.

അമ്മ വീടിന്റെ ഐശ്വര്യമാണ്.
അമ്മ സര്‍വ്വംസഹയാണ്.
അമ്മയ്ക്ക് തുല്യം അമ്മ മാത്രം.
പെറ്റമനം വറ്റെരിയും.
തള്ളമനം വെണ്ണ.
ആണ്‍പെറ്റവയര്‍ ആലിലപോലെ.
തള്ളയെപോലെ.
പിള്ള, നൂലിനെ പോലെ ചേല.
പത്തമ്മ ചമഞ്ഞാലും ചിറ്റമ്മ പെറ്റമ്മയാവില്ല.
പെറ്റമ്മയില്ലാത്തതോ പോറ്റ മുത്താപ്പിക്ക്.
അമ്മ പോറ്റിയ മക്കളും ഉമ്മ പോറ്റിയ കോഴിയും.
അമ്മ തല്ലിയാലും അമ്മേ വിളിച്ചല്ലേ കരയൂ.
അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെളളം മേലോട്ട്.
അമ്മയുളളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമൂള്ളൂ.
എന്നിങ്ങനെ എത്രയോ ചൊല്ലുകൡ അമ്മയുടെ നിറസാന്നിധ്യം കാണാം.
മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ.
തന്നിലെളിയ പെണ്‍ജാതി തന്നില്‍ പെരിയ ചങ്ങാതി.
മണ്ണുണ്ടെങ്കില്‍ പെണ്ണുണ്ട്.

പെണ്ണിന് പെണ്‍ തന്നെ സ്ത്രീധനം.
പെണ്ണിന് ചെന്നിട്ട് പൊന്നിന് പിന്‍വാങ്ങരുത്.
പെണ്ണിന്റെ ഭാഗ്യം പെരുവഴിയിലാണ്.
അനുജത്തിയെ കാണിച്ച് ജ്യേഷ്ഠത്തിയെ കെട്ടിക്കുക.
പെണ്ണ് ചേരുമ്പോള്‍ വീട് ചേരില്ല.വീട് ചേരുമ്പോള്‍ പെണ്ണ് ചേരില്ല.
അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം.
അരചനെ കൊതിച്ച് പുരുഷനെ വെടിഞ്ഞോള്‍ക്ക് അനുജനുമില്ല പുരുഷനുമില്ല.
പെണ്ണില്ലെന്ന് വെച്ച് പെങ്ങളെ കെട്ടാറുണ്ടോ.
വേട്ടേവളെ തുരത്തി കേട്ടവളെ വേള്‍ക്കരുത്.
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി.
പെണ്ണ് കെട്ടിയാല്‍ കാല്‌കെട്ടി പിള്ള പിറന്നാല്‍ വാ കെട്ടി.
പെണ്ണിനെ കൂടെ പൊറുപ്പിക്കാനും നേന്ത്രവാഴ നട്ടു കുലപ്പിയ്ക്കാനും പ്രയാസമാണ്.
ചക്കിക്കൊത്ത ചങ്കരന്‍

പുസ്തകവും പെണ്ണും അന്യന്റെ കൈയ്യില്‍ കിട്ടിയാല്‍ തിരിച്ച് കിട്ടാന്‍ പ്രയാസം.
കല്ലെന്നാലും കണവന്‍ പുല്ലെന്നാലും പുരുഷന്‍.
പ്രായം തികഞ്ഞ പെണ്ണും വിളഞ്ഞ തേങ്ങയും ഒരുപോലെ.
പ്രായം തികഞ്ഞ പെണ്ണും മഴകുതിര്‍ന്ന മണ്ണും.
നേടിയ പൊന്ന് കൂടെവരില്ല നേടിയ പെണ്ണ് കൂടെ വരും.
അന്യസ്‌നേഹം മലവെളളം ഭര്‍ത്യസ്‌നേഹം നിലവെള്ള
പെറ്റതള്ള മൂധേവി. വന്ന പെണ്ണ് ശ്രീദേവി.
കുഞ്ഞാങ്ങള ചത്തിട്ടെങ്കിലും നാത്തൂന്റെ കണ്ണീര് കാണണം.
ആയിരം ആണ് പെഴച്ചാലും അരപെണ്ണ് പിഴയ്ക്കരുത്
അഴിഞ്ഞ പെണ്ണിന് ആചാരമില്ല.

രാജപുത്രിയായാലും കൊണ്ടവന് പെണ്ണ്തന്നെ.
അമ്മാവന്റെ മകളെ കല്യാണം കഴിയ്ക്കാനും ചമ്പചോട്ടില്‍ തൈവയ്ക്കാനും ആരോടും ചോദിയ്ക്കണ്ട.
ഒരുത്തനെ പിടിയ്ക്കലും കരുത്തനെ പിടിയ്ക്കണം.
ഇണയില്ലാത്തവന്റെ തുണയാവരുത്.
കുടിയറിഞ്ഞേ പെണ്ണയക്കാവൂ.
വളയാത്ത തെങ്ങില്ല പതറാത്ത പെണ്ണില്ല.
പെണ്ണ് നില്‍ക്കുന്നിടത്ത് പിഴവരും
പിടയ്ക്കു പറ്റുന്നത് പൂവനും പറ്റും.

ഭാര്യാ ദുഖം പുനര്‍ഭാര്യ… തുടങ്ങിയ ചൊല്ലുകളിലൊക്കെ പെണ്ണിന്റെ മംഗല്യഭാഗ്യവും തുടര്‍ന്ന് വരാന്‍ സാധ്യതയുള്ള പൊതു ദാമ്പത്യ പ്രശ്‌നങ്ങളും കടന്ന് വരുന്നു.
പരസ്പരം രുചിക്കുന്ന കാലത്ത് മാത്രം ഒന്നിച്ച് ജീവിച്ചാന്‍ മതിയെന്ന് യുവമിഥുനങ്ങള്‍ നിശ്ചയിക്കുന്ന കാലത്ത് പഴയകാല ദാമ്പത്യ ജീവിതത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍ നിഴലിക്കുന്ന പഴംചൊല്ലുകളും നമുക്കുണ്ട്.
തങ്കം മങ്കയെ മയക്കും .
മൂന്ന് വെപ്പുള്ള വീട്ടില്‍ മുറ്റമടിക്കില്ല.
രണ്ട് തല ചേരും നാല് മുല ചേരില്ല.
ഒരുത്തിക്ക് താളുകറിക്കുപ്പില്ലാഞ്ഞ് ഒരുത്തിക്ക് താലിക്ക് മുത്തില്ലാഞ്ഞ്.
അമ്മയോടൊക്കില്ല അമ്മായിയമ്മ.
അമ്മ വേലി ചാടിയാല്‍ മകള്‍ മതിലു ചാടും.
നാരീനടിച്ചിടും നാരകം.
നട്ടിടം മുടിയും.
പെണ്ണ് മുറിച്ചാല്‍ മണ്ണ് മുറിയുമോ.

പെണ്‍ചൊല്ല് കേള്‍ക്കുന്നവന് പെരുവഴിയാധാരം.
പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ.
ആനയ്ക്കു അരകോല്‍ അരയന് മുക്കാല്‍ കോല്‍ അറിവില്ലാ നാരിയ്ക്ക്് ആറരകോല്‍.
പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു.
പേറിന്റെയിടയില്‍ തീണ്ടാരി.
ഇവള്‍ പെണ്ണ് പെണ്ണാല്‍ കണ്ണ് പുണ്ണാവും.
അമ്മയ്ക്ക് പ്രസവവേദന മകള്‍ക്ക് വീണവായന.
കന്യാമനവും കന്നിമാസവെയിലും ഒരുപോലെ… എന്നിങ്ങനെയുള്ള ചൊല്ലുകളില്‍ പെണ്ണിനെ പഴിയ്ക്കുക മാത്രമല്ല കണക്കറ്റ് കളിയാക്കുന്നുമുണ്ട്.
അമ്മയും മകളും പെണ്ണ് തന്നെ എന്ന ചൊല്ലില്‍ പെണ്‍സ്വഭാവത്തിന്റെ സാര്‍വ്വലൗകീകമായ കാഴ്ചപ്പാടാണല്ലോ നിറഞ്ഞ് നില്‍ക്കുന്നത്.
അമ്മായി ഉടച്ചത് മണ്‍ചട്ടി മരുമോളുടച്ചത് പൊന്‍ചട്ടി. മക്കള്‍ക്ക് മടിയില്‍ ചവിട്ടാം മരുമകള്‍ക്ക് തൊടിയിലും ചവുട്ടികൂടാ.
മുലകൊടുത്ത അമ്മയേക്കാള്‍ വലുതാണോ മുത്തം കൊടുത്ത ഭാര്യ…എന്നീ ചൊല്ലുകളിലാകട്ടെ അമ്മായിയമ്മയുടെ പോരും കുശുമ്പും നിറഞ്ഞ് നില്‍ക്കുന്നു.

ചന്തിപ്പണം ചിന്തിപോകും.
മൂത്തവേശ്യ മുതവാ നരി .
തേളിന് വാലില്‍ വിഷം തേവിടിശ്ശിക്ക് ഉടലാകെ വിഷം, എന്നിങ്ങനെ അഭിസാരികമാരേയും പഴം മൊഴികള്‍വെറുതെ വിടുന്നില്ലെന്ന് കാണാം.
നാല് വേട്ടനമ്പൂതിരിക്ക് നടുമുറ്റം ആധാരം.
കന്യാ പിതൃത്വം ഹരിനാമ കഷ്ടം.
തുള്ളിച്ചി പെണ്ണിന് ഒരു കുട്ടി.
പെറ്റവള്‍ ഉണ്ണുന്നത് കണ്ടിട്ട് മച്ചി കൊതിച്ചിട്ട് കാര്യല്ല.
തലയണമന്ത്രം മുടിയണ മന്ത്രം.
ആണിരിക്കെ പെണ്ണ് കാര്യം നോക്കിയാല്‍ തൂണിരിക്കെ പുര താഴത്ത്.
പെങ്ങളുള്ളപ്പോഴെ അളിയനുള്ളു.
മകം പിറന്ന മങ്കയും പൂരാടം പിറന്ന പുരുഷനും.
പിഴച്ചു പെറ്റാല്‍ ജനം വിളിച്ച് ചൊല്ലും… എന്നിങ്ങനെ പഴം ചൊല്ലുകള്‍ക്ക് അവസാനമില്ല.
അമ്മയെക്കുറിച്ചാണ് തീരാത്ത പഴംചൊല്ലുകള്‍ ഉള്ളത്. ഏതച്ചന്‍ വന്നാലും അമ്മയ്ക്ക് സൈ്വരമില്ല.
അമ്മ തല്ലിയാലും രണ്ടുണ്ട് പക്ഷം.
അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്.

അമ്മയോടൊപ്പം കിടക്കുകയും വേണം. അച്ഛന്റെയൊപ്പം പോവുകയും വേണം.
തള്ളചൊല്ല് തലയില്‍ വെയ്ക്കുന്നു.
അമ്മ ശാപം ചത്താലും പോവില്ല.
പഠിച്ച വിദ്യ പയറ്റേണ്ടത് അമ്മയോടല്ല.
അമ്മയുടെ ചോറ് ഉറിയില്‍ പെങ്ങളുടെ ചോറ് അടുപ്പത്ത് ഓളുടെ ചോറ് ഉരലില.്
തളളയ്ക്ക് വരുന്ന തല്ല് പിള്ളക്കൊണ്ട്.
മക്കള്‍ ചോറ് ദുഃഖം ചോറ്.
അമ്പതിലും ഒമ്പതിലും മലചവിട്ടാം.
ആണേ അടിച്ച് വളര്‍ത്ത് പെണ്ണേ പോറ്റി വളര്‍ത്ത്.
വല്ലാത്ത മക്കളേക്കാള്‍ ഇല്ലാത്ത മക്കള്‍നല്ലത്
താലിവീറ്റും മക്കളെ പോറ്റണം.
നങ്ങ്യാരുടെ താളക്കൊട്ട് പോലെ.
ഒടുക്കത്തെ കുട്ടി ഓമനകുട്ടി.
ഒളിച്ച് വയറ്റിലുണ്ടാക്കും വെളിച്ചത്ത് പെറും.
ഇണയില്ലാത്തവന്റെ തുണയാകരുത്.
അവസരം വരുമ്പോള്‍ ആലസ്യം പോകണം.
അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല … എന്നിങ്ങനെ പോകുന്നു അമ്മചൊല്ലുകള്‍.
പെണ്‍പട പടയല്ല ചിറ ചിറയല്ല എന്നു ചൊല്ലിന്‍ സ്ത്രീക്ക് കരുത്ത് പോരാന്നാണ്.
അരയ്‌ക്കൊരു കത്തി പുരയ്‌ക്കൊരു മുത്തി.

മുത്തി ചത്ത് കട്ടിലൊഴിയാന്‍ കാത്തിരിക്കുക.
മുത്തശ്ശിക്ക് പിള്ളബുദ്ധി… എന്നിങ്ങനെയുള്ള തായ്‌മൊഴികളും പ്രസക്തമാണ്.
അരിമണിയൊന്ന് കൊറിയ്ക്കാനില്ല.
തരിവളയിട്ട് കിലുക്കാന്‍ മോഹം.
കൊങ്കയില്ലാ മങ്കയ്ക്ക്് റൗക്കയെന്തിന്.
ഗോത്രമറിഞ്ഞ് പെണ്ണും പാത്രമറിഞ്ഞ് ഭിക്ഷയും.
ശണ്ഠ കൂടുമ്പോള്‍ ശൃംഗാരമില്ല.
മാടോടിയ തൊടിയും നാടോടിയ പെണ്ണും സമം.
മൂര്‍ച്ചയേറിയ നാക്ക് ചാര്‍ച്ചയറിയില്ല.
എന്നിങ്ങനെയുളള ചൊല്ലുകളൊക്കെ നമ്മുടെ പെണ്‍വിശേഷ വ്യവഹാരങ്ങളാണ്. ഈ ചൊല്‍ചിമിഴുകളും നമ്മുടെ അമ്മ മലയാളഭാഷയെ വിളഞ്ഞ് കടുക്കാന്‍ സഹായിച്ചിട്ടുണ്ട്. പഴംതലമുറയുടെ ആ നാടോടി വീക്ഷണങ്ങള്‍ അനശ്വരമായി നിലനില്‍ക്കട്ടെ.

 

You must be logged in to post a comment Login