നാട്ടുഭാഷയില്‍ നിന്ന് നാടറിയുവോളം

  • പാമ്പള്ളി/ സുമ പള്ളിപ്രം

? എന്തുകൊണ്ട് ജസരി ഭാഷയില്‍ ഈ സിനിമ
സിനിമ ദൃശ്യഭാഷയാണ്. എങ്കിലും ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത് ലക്ഷദ്വീപില്‍ നൂറ്റാണ്ടുകളായി സംസാരഭാഷയായി നിലനില്‍ക്കുന്ന ‘ജസരി’ എന്ന ഭാഷയാണ്. അതിനുള്ള പ്രധാനകാരണം, ലക്ഷദ്വീപില്‍ ആള്‍ താമസം തുടങ്ങി ഇത്രയും കാലമായിട്ടും ആരും ഈ ഭാഷയെ ഉദ്ധരിക്കുന്നതിനോ, പഠിക്കുന്നതിനോ ശ്രമം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസാര ഭാഷയായി നിലനില്‍ക്കുന്ന ഈ ഭാഷയ്ക്ക് ഗ്രാമറോ, ലിപിയോ, സാഹിത്യമോ ഒന്നും തന്നെ ഇല്ല. പോരാത്തതിന് ഇന്നത്തെ തലമുറയിലെ മിക്ക ആളുകളും സംസാരിക്കുന്നത് മലയാളമോ, ഇംഗ്ലീഷോ മാത്രമാണ്. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ ഈ ഭാഷ നശിക്കുവാനുള്ള സാഹചര്യം ഉണ്ടാവും അപ്പോള്‍ ആ ഭാഷയില്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ലോകശ്രദ്ധ അതിലേക്ക് എത്തിക്കാമെന്നത് മാത്രമാണ് സംവിധായകനായ എന്റെയും പ്രൊഡ്യൂസറായ ഷിബുസാറിന്റെയും പ്രാഥമിക ലക്ഷ്യം. അത് ദേശീയ അവാര്‍ഡ് ലഭിച്ചതോടെ നിറവേറി എന്നതില്‍ സന്തോഷമുണ്ട്.

? കലാമൂല്യമുള്ള സിനിമയുടെ നിര്‍മ്മാതാവിനെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍, പ്രൊഡ്യൂസറിലേക്കുള്ള യാത്രയെക്കുറിച്ച്..
ഏതൊരു കലാരൂപത്തിന്റെയും വിജയമെന്നത് അതിനെ വേണ്ടുന്നവിധത്തില്‍ പ്രോത്സാഹനവും സപ്പോര്‍ട്ടും നല്‍കുന്ന ഒരാള്‍ ഉണ്ടാവുക എന്നത് തന്നെയാണ്. ഷിബു.ജി.സുശീലന്‍ എന്ന അറിയപ്പെടുന്ന മലയാളത്തിലെ പ്രൊഡ്യൂസര്‍ എന്നെ സിനിമയിലേക്ക് കൈപിടിച്ചു ഉയര്‍ത്തി. സെവന്‍ത്ത് ഡേ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം അദ്ദേഹം ഞാനുമായി ചേര്‍ന്ന് ഒരു കൊമേഴ്സ്യല്‍ സിനിമയുടെ തിരക്കഥ തയ്യാറാക്കുകയും അതിന്റെ നിര്‍മ്മാണവുമായി മുമ്പോട്ടു നീങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ സാമൂഹ്യ പ്രാധാന്യമുള്ള ഒരു സബ്ജക്ടിനെക്കുറിച്ച് അദ്ദേഹത്തോട് ഞാന്‍ സംസാരിക്കുന്നത്. ലക്ഷദ്വീപ് പശ്ചാത്തലത്തിലുള്ള ആ കഥ ആദ്യം മലയാളത്തിലാണ് അദ്ദേഹത്തോട് പറഞ്ഞത്. പിന്നീട് ലക്ഷദ്വീപില്‍ ‘ജസരി’ എന്ന ഒരു ഭാഷ നിലനില്‍ക്കുന്നതായി ഞാന്‍ അദ്ദേഹത്തോട് പറയുകയും അതിന്റെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കയോടെ സംസാരിച്ചപ്പോള്‍ അദ്ദേഹമാണ് എന്തുകൊണ്ട് നമുക്ക് ഈ സിനിമ ആ ഭാഷയില്‍ നിര്‍മ്മിച്ചുകൂടാ എന്ന ആശയം മുമ്പോട്ടു വച്ചത്. അതൊരു വലിയ കലാകാരന്റെ ദീര്‍ഘമായ കാഴ്ചപ്പാടായി എനിക്ക് തോന്നി. ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞപ്പോള്‍ അതൊരു പുതിയ ചരിത്ര സിനിമയ്ക്കുള്ള തുടക്കമായി. അങ്ങിനെ സിന്‍ജാര്‍ ജസരിയില്‍ പിറക്കാനുള്ള സാഹചര്യമൊരുങ്ങി.

? സിന്‍ജാര്‍ എന്ന സിനിമയുടെ പേരിലും കഥാംശത്തിലുള്ള പ്രത്യേകതള്‍?
അതെ. സിന്‍ജാര്‍ എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും കൗതുകമാണ്. വാസ്തവത്തില്‍ സിന്‍ജാര്‍ ഇറാഖിലെ ഒരു പ്രവിശ്യയാണ്. ഈ സ്ഥലം കീഴടക്കിക്കൊണ്ടാണ് ഐ.എസ്.ഐ.എസ് ടെററിസ്റ്റുകള്‍ തങ്ങളുടെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആശയത്തിലേക്ക് നീങ്ങിയത്. ഈ സന്ദര്‍ഭത്തില്‍ അനേകം യസീദി പെണ്‍കുട്ടികളേയും സ്ത്രീകളേയും അവര്‍ സെക്സ് അടിമകളാക്കിയിരുന്നു. ആ ദുരന്തം നടന്നത് 2014 ആഗസ്ത് മാസമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥപറയുന്നത്. ലക്ഷദ്വീപിലെ രണ്ട് പെണ്‍കുട്ടികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തിലെ പ്രധാന വ്യക്തിയായ സിനിമയിലെ നായക കഥാപാത്രമായ ഒരു മുക്കുവനിലൂടെ കഥപറയുന്നു.

? സിന്‍ജാര്‍ ലക്ഷദ്വീപിന്റെ ചരിത്രമായേക്കാവുന്ന ഒരു സിനിമയാണ്. എന്താണ് ഈ സിനിമയ്ക്ക് സാമൂഹികമായുള്ള സാധ്യതകള്‍?
അതെ. ലക്ഷദ്വീപിലെ ഭാഷ ഇന്ത്യന്‍ ഗവണ്‍മന്റെ് അംഗീകരിക്കാനുള്ള സാഹചര്യമാണ് ഈ സിനിമ ഒരുക്കിയത്. അത് സാമൂഹികപരമായും സാംസ്‌കാരികപരമായുള്ള ഒരു മുന്നേറ്റമാണ്. അതിനുള്ള ക്രഡിറ്റ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ജി സുശീലനും എനിക്കും മാത്രം അവകാശപ്പെട്ടതാണ്. ചരിത്രത്തില്‍ ഈ ഭാഷയുടെ ആദ്യസിനിമ ഈ രണ്ടുപേരുടെ പേരുകളില്‍ ചേര്‍ക്കപ്പെടും. കാരണം ഈ ഭാഷയില്‍ സെന്‍സര്‍ ചെയ്യാന്‍ പോലും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ഓണ്‍ലൈനില്‍ ഈ ഭാഷ ഇല്ലായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ റീജ്യണല്‍ ഓഫീസര്‍ മാഡം മുംബൈയിലെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് വിവരം തന്നു. അതുപ്രകാരം ലക്ഷദ്വീപിലെ ആര്‍ഡ്സ് ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, എ.ഡി.എം എന്നിവരില്‍ നിന്നും ഇത്തരത്തില്‍ ഒരു സംസാര ഭാഷ നിലവിലുണ്ടെന്ന രേഖാമൂലമുള്ള എഴുത്തുവാങ്ങിച്ച് സമര്‍പ്പിക്കുകയും, ഉടന്‍ തന്നെ മണിക്കൂറുകള്‍ കൊണ്ട് മുംബൈ ഓഫീസില്‍ നി്ന്നും ഭാഷ വെബ്സൈറ്റില്‍ ചേര്‍ക്കപ്പെടുകയും സിനിമ സെന്‍സര്‍ ചെയ്യുകയും ചെയ്തു. കൂടാതെ ഇന്ന് ലക്ഷദ്വീപിനെക്കുറിച്ച് ഇന്ത്യ മുഴുവന്‍ സംസാരിക്കുന്നു. അതു തന്നെയാണ് ഏറ്റവും വലിയ വിജയം.

? സിനിമയുടെ നിര്‍മ്മാണ സന്ദര്‍ഭത്തിലെ വിഷമങ്ങള്‍, അഭിനയിച്ചവര്‍
സിനിമയുടെ നിര്‍മ്മാണത്തിലെ വിഷമങ്ങള്‍, അതിന്റെ തിരക്കഥ മുതലുണ്ട്. കാരണം ലിപിയോ അക്ഷരങ്ങളോ ഇല്ലാത്ത ഒരു ഭാഷയിലെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ നീണ്ട ഒന്നര വര്‍ഷക്കാലം എടുത്തു. അതിന് ലക്ഷദ്വീപിലെ ഒരുപാട് സുഹൃത്തുക്കള്‍ സഹായിച്ചു. നിരന്തരം യാത്ര ചെയ്ത് താമസിച്ച്, അവരുടെ ഒട്ടനവധി കോണ്‍ട്രിബ്യൂഷനിലൂടെയാണ് തിരക്കഥ പൂര്‍ണ്ണമായി ആ ഭാഷയിലേക്ക് മാറ്റിയെടുത്തത്. പിന്നീട് ഷൂട്ടിങ് സന്ദര്‍ഭത്തില്‍ ട്രാന്‍സ്ലേറ്ററായി നാലഞ്ചു ലക്ഷദ്വീപ് നിവാസികള്‍ കൂടെ ഉണ്ടായിരുന്നു. അവര്‍ അഭിനേതാക്കളെ പഠിപ്പിച്ചെടുത്ത്, ചിലര്‍ക്ക് ചിലത് പറയുവാന്‍ ബുദ്ധിമുട്ടായപ്പോള്‍ വെട്ടിത്തിരുത്തി, മാറ്റിയെഴുതിയൊക്കെയാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. 16 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച സിനിമ ഡബ്ബിങ് സന്ദര്‍ഭത്തിലും ഏതാണ്ട് പത്തോളം ലക്ഷദ്വീപിലെ ചെറുപ്പക്കാരും പ്രായമുള്ളവരേയും ഇരുത്തിയാണ് പൂര്‍ത്തീകരിച്ചത്. ലക്ഷദ്വീപ് നിവാസികളുടെ അഹോരാത്രമുള്ള സഹകരണം ഈ സിനിമയിലെ എടുത്തു പറയേണ്ടതാണ്. മുസ്തഫ, ശ്രിന്‍ഡ, മൈഥിലി, ബിനോയ് നമ്പാല, സേതുലക്ഷ്മി അമ്മ, മുന്‍ഷിദിലീപ്, സജാദ് ബ്രൈറ്റ്, യാസര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ ലക്ഷദ്വീപിലെ പത്ത് അറുപതോളംപേര്‍ അഭിനയത്തിലും അല്ലാതെയായും ഈ സിനിമയില്‍ സഹകരിച്ചു.

? സിനിമയിലെ മറ്റു പ്രധാന ടെക്നീഷ്യന്‍മാരും അവരുടെ സംഭാവനയും
സിനിമയില്‍ ഒട്ടനവധി പേരെടുത്ത ടെക്നീഷ്യന്‍മാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. അതില്‍ എടുത്തു പറയേണ്ടത് സഞ്ചയ് ഹാരിസ് എന്ന സിനിമാട്ടോഗ്രാഫറെയാണ്. ഇരുപത് വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനായ കലാകാരനാണ് സഞ്ചയ്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഛായാഗ്രാഹകന്‍. ഇതിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ച് ലിജോപോള്‍ ആണ്. അദ്ദേഹം രണ്ടുവര്‍ഷം മുന്‍പ് ഓംശാന്തി ഓശാന എന്ന ചിത്രത്തിലെ എഡിറ്റങ്ങില്‍ സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച് ദിലീപ് സിങ് എന്ന യുവ ചെറുപ്പക്കാരനാണ്. 125 ഓളം നിരവധി ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി പശ്ചാത്തലത്തില്‍ പ്രോഗ്രാമറായി പ്രവര്‍ത്തിച്ച ഈ ചെറുപ്പക്കാരന്റെ ആദ്യ ചലച്ചിത്രമാണ് സിന്‍ജാര്‍. റോണി വെള്ളത്തൂവല്‍ മെയ്ക്കപ്പിലും, ത്യാഗു തവനൂര്‍ ആര്‍ട്ടിലും, കുഞ്ഞപ്പന്‍ പാതാളം വസ്താലങ്കാരവും നിര്‍വ്വഹിച്ചു. അജിത്ത് വേലായുധനാണ് അസോസിയേറ്റ് ഡയറക്ടര്‍.

 

 

You must be logged in to post a comment Login