നാട്ടുവഴികള്‍ കടന്ന് ഇതിഹാസത്തിലേക്ക്

പ്രസാദ് കാടാംകോട്

തസ്രാക്ക്. പാലക്കാട്ടെ കൊടുമ്പ് പഞ്ചായത്തിലാണ് ഇപ്പോഴും നാഗരിക പരിഷ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത തസ്രാക്ക് സ്ഥിതി ചെയ്യുന്നത്. ഈ തസ്രാക്കാണ് നോവല്‍ ഭാഷയില്‍ ഖസാക്കായി പരിണമിക്കപ്പെട്ടത്. കാണേണ്ട സ്ഥലം തന്നെയാണ് തസ്രാക്ക്. പ്രത്യേകിച്ചും ഇതിഹാസ നോവലിനെ പ്രണയിക്കുന്നവര്‍.

ഇതൊരു യാത്രയാണ്. തുടക്കം കൂമന്‍കാവില്‍ നിന്നാകട്ടെ. കൂമന്‍കാവ്….. അതെ നോവല്‍ സാഹിത്യത്തില്‍ വിസ്മയം തീര്‍ത്ത ഖസാക്കിന്റെ ഇതിഹാസത്തിലെ നായകന്‍ രവി ബസിറിങ്ങിയ സ്ഥലം.
”കൂമന്‍കാവില്‍ ബസ് ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്ക് അപരിചിതമായി തോന്നിയില്ല…. കൂമന്‍കാവില്‍ ബസിറിങ്ങിയപ്പോഴാണല്ലോ വെളുത്തമഴ ഇതിഹാസ ഭൂമിയെ പ്രണയിച്ചു തുടങ്ങിയത്. വെളിമ്പുറങ്ങളിലൂടെ.. ആമ്പല്‍ക്കുളങ്ങളിലൂടെ…. ആ മഴ ഒലിച്ചിറങ്ങി”. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാവനാസമ്പന്നമായ വരികള്‍. ഇത് ഒരു തവണയെങ്കിലും ഏറ്റു ചൊല്ലാത്ത നോവല്‍ പ്രേമികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടാകില്ല. കാലം കടന്നുപോയി. ഇതിഹാസഭൂമിയില്‍ ഇപ്പോള്‍ കാലവര്‍ഷത്തിന്റെ വെളുത്തമഴ പെയ്യാറില്ല. കാലാന്തരങ്ങളിലും വെളുത്തമഴ പെയ്തിട്ടില്ല. ഊട്ടുപുലായ്ക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്‍ രവിയായി തണ്ണീര്‍പന്തലില്‍ (കൂമന്‍കാവ്) ബസിറങ്ങിയപ്പോള്‍ മാത്രമാണ് വെളുത്തമഴ പെയ്തിട്ടുളളത്. ഒരു ഗ്രാമത്തെയും അവിടുത്തെ ആളുകളെയും അവലംബമാക്കിയാണ് ഒ.വി.വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തിന് രചനാഭാഷ്യം നല്‍കിയത്. ആ ഗ്രാമമാണ് തസ്രാക്ക്. പാലക്കാട്ടെ കൊടുമ്പ് പഞ്ചായത്തിലാണ് ഇപ്പോഴും നാഗരിക പരിഷ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത തസ്രാക്ക് സ്ഥിതി ചെയ്യുന്നത്. ഈ തസ്രാക്കാണ് നോവല്‍ ഭാഷയില്‍ ഖസാക്കായി പരിണമിക്കപ്പെട്ടത്. കാണേണ്ട സ്ഥലം തന്നെയാണ് തസ്രാക്ക്. പ്രത്യേകിച്ചും ഇതിഹാസ നോവലിനെ പ്രണയിക്കുന്നവര്‍. ദൂരെ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍, പാടവരമ്പിന് അഴകായി നിരനിരയായി സ്ഥാനം പിടിച്ചിരിക്കുന്ന തെങ്ങിന്‍കൂട്ടങ്ങള്‍, അതിനൊപ്പം തലയുയര്‍ത്തി ചാഞ്ചാടുന്ന കരിമ്പനക്കൂട്ടങ്ങള്‍. തസ്രാക്കിന്റെ കാഴ്ചകള്‍ വര്‍ണാതീതമാണ്. ഈ കാഴ്ചാസൗകുമാര്യത്തിനൊപ്പം തനി നാട്ടുമ്പുറത്തുകാരായ ആളുകള്‍. അവരില്‍ നന്‍മമാത്രമെയുളളു. ഖസാക്കിന്റെ ഇതിഹാസത്തിലെ നന്‍മയുളള കഥാപാത്രങ്ങളെപ്പോലെ. ഇതിഹാസത്തെക്കുറിച്ചും ഒ.വി.വിജയനെക്കുറിച്ചും പറയാന്‍ ഇവര്‍ക്കിപ്പോഴും നൂറുനാവാണ്. ഇതിഹാസ രചനക്കായി ഒ.വി വിജയന്‍ തസ്രാക്കിലെത്തിയത് ഇന്നലെ കഴിഞ്ഞതുപോലെയാണ്, അവിടുത്തെ പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നത്. തങ്ങളുടെ കുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കിയതിന്റെ നന്ദി എപ്പോഴും ഇവരുടെ മനസിലുണ്ട്.
‘ആവൂ…ആദ്യമൊക്കെ നങ്ങ്ക്ക് ഒന്നും തിരിവില്ലായിരുന്നു. നങ്ങണ്ടെ കഥയാണ് പറഞ്ഞിരിക്കുന്നതെന്ന് ആളുകള്‍ കൂട്ടംകൂടാന്‍(സംസാരിക്കാന്‍) തുടങ്ങി. മൈമൂനയും, അളളാപിച്ചാ മൊല്ലാക്കയും, അപ്പുക്കിളിയും നങ്ങണ്ടവരാണ്. എന്തായാലും വേണ്ടീല്ല, നങ്ങണ്ടെ തസ്രാക്ക് ലോകം മുഴുവന്‍ അറിഞ്ഞില്ലെ, ഉണ്യേ…….തനി പാലക്കാടന്‍ ഭാഷയില്‍ വൃദ്ധനായ മജീദ് പറഞ്ഞുവെച്ചപ്പോള്‍, അദ്ദേഹത്തിന്റെ കണ്ണുകളില്‍ അഭിമാനം തെളിഞ്ഞു. നോവലില്‍ പറയുന്ന ഞാറ്റുപുരയ്ക്കടുത്താണ് മജീദിന്റെ താമസം. ഇദ്ദേഹമാണിപ്പോള്‍ ഒ.വി. വിജയന്‍ സ്മാരകത്തിന്റെ കാവല്‍ക്കാരന്‍. ചെറിയ ശമ്പളം കൈപ്പറ്റുന്നുണ്ടെങ്കിലും അതൊന്നും പ്രതീക്ഷിച്ചല്ല മജീദ് കാവല്‍ പണി ഏറ്റെടുത്തിട്ടുളളത്. വരുംതലമുറയ്ക്കും തസ്രാക്കിന്റെ നന്‍മകളും ഒ.വി. വിജയനെന്ന കഥാകാരനെയും പറഞ്ഞുകൊടുക്കണം. അതിനാണ് തന്റെ കാവലെന്ന് മജീജ് പറയുന്നു.
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ ഒ.വി. വിജയന്‍ മലയാളവുമായുളള കര്‍മ്മബന്ധങ്ങള്‍ അവസാനിപ്പിച്ച് യാത്രയായെങ്കിലും, അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ഇതിഹാസം പിറന്ന തസ്രാക്കില്‍ ഇന്നും അലയൊലി തീര്‍ക്കുന്നു. ഖസാക്കിന്റെ നാട്ടിലിപ്പോള്‍ പാലക്കാടന്‍ ചുരം കടന്നെത്തുന്ന പാണ്ടിക്കാറ്റ് വീശിയടിക്കുകയാണ്. കാറ്റ് കരിമ്പനപ്പട്ടകളില്‍ താളം പിടിക്കുമ്പോള്‍ നോവിന്റെ വേദന അനുഭവിക്കുകയാണ് ഇതിഹാസഭൂമിയിലെ ഓരോരുത്തരും.
കാലം 1956. അന്നാണ് ഒ.വി.വിജയന്‍ തസ്രാക്കിലെത്തുന്നത്. മൂത്ത സഹോദരി ശാന്തയ്ക്കു കൂട്ടിനു വന്നതായിരുന്നു. തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ ടീച്ചറായിരുന്നു ശാന്ത. ചേച്ചിക്കു കൂട്ടായി തണ്ണീര്‍പന്തലില്‍(നോവലിലെ കൂമന്‍കാവ്) ബസിറിങ്ങിയപ്പോള്‍ വിജയന് ആ സ്ഥലം വിജയന് അപരിചിതമായിരുന്നു. രണ്ടുവര്‍ഷക്കാലത്തെ വാസം, വിജയനെ തസ്രാക്കുകാരനാക്കി മാറ്റി. ആദ്യം ബസില്‍ വന്നിറങ്ങിയ വിജയന്റെ കറക്കം പിന്നീട് ബൂള്ളറ്റിലായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. തസ്രാക്കിനെയും അവിടുത്തെ ആളുകളെയും പഠിക്കാനായിരുന്നു വിജയന്റെ കറക്കം.
1958-ലാണ് ഖസാക്കിന്റെ ഇതിഹാസം എഴുതാന്‍ തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. കഥയെഴുത്തിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. തന്റെ പ്രിയപ്പെട്ട തസ്രാക്കുകാരോടു പോലും. നോവല്‍ പ്രസിദ്ധീകരിച്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതിഹാസ കഥയെക്കുറിച്ചും, അതിലെ കഥാപാത്രങ്ങള്‍ തങ്ങളുടെ ഇടയിലുളളവരുമായി സാമ്യമുളളവരാണെന്നതിനെക്കുറിച്ചും തസ്രാക്കുകാര്‍ അറിയുന്നത്. മൈമൂനയും അളളാപിച്ച മൊല്ലാക്കയും കാര്യസ്ഥന്‍ കിട്ടുവും തുടങ്ങിയ തസ്രാക്കുകാര്‍ ഇതിഹാസകഥയില്‍ വായിച്ചുവെച്ചു. ദേശ-ഭാഷ വിത്യാസമില്ലാത്ത വായനയില്‍ തസ്രാക്കുകാര്‍ ഇപ്പോഴും ജീവിക്കുന്നു. മലയാള സാഹിത്യത്തില്‍ ഖസാക്കിന്റെ സൗന്ദര്യം തലമുറകള്‍ മാറി മാറി വിസ്മയത്തോടെ വായിച്ച് ഹൃദിസ്ഥമാക്കുന്നു.
നോവലും വിജയനെന്ന കഥാകാരനും തസ്രാക്കിന് ഇന്നും ഉണര്‍വേകുകയാണ്. കഥയിലെ കഥാപാത്രങ്ങള്‍ സഞ്ചരിച്ച വീഥികളും, രവിയും മൈമൂനയും ചിലവഴിച്ച ചിതലി മിനാരങ്ങളും ഓര്‍മ്മയായി ഇന്നും തസ്രാക്കിലുണ്ട്. ശാന്ത ടീച്ചര്‍ ജോലിയെടുക്കാനായി എത്തിയ ഏകാധ്യാപക വിദ്യാലയം പണ്ട് ഓടിട്ട കടമുറിയായിരുന്നു. ഇതിനടുത്താണ് നോവലിലെ പ്രസിദ്ധമായ ഓത്തുപള്ളി. പണ്ട് ഓത്തുപളളിയും ഓടിട്ട കെട്ടിടമായിരുന്നു. കാലത്തിന്റെ തിരുശേഷിപ്പുകള്‍ പള്ളിയുടെയും വിദ്യാലയത്തിന്റെയും രൂപത്തെ മാറ്റിയുടച്ചു. പളളിയും സ്‌കൂള്‍ പ്രവര്‍ത്തിച്ച കെട്ടിടവും കോണ്‍ക്രീറ്റു കെട്ടിടങ്ങളായി. സ്‌കൂള്‍ കെട്ടിടം നിന്ന സ്ഥലം പളളിയുടെ അടുക്കളയായി മാറിയിരിക്കുന്നു. അതിനൊപ്പം മദ്രസയും പ്രവര്‍ത്തിക്കുന്നു. ചേച്ചി ശാന്തയ്ക്കു കൂട്ടായി എത്തിയ വിജയന്‍ താമസിച്ചത് കാര്യസ്ഥന്‍ കിട്ടു ജോലി നോക്കിയിരുന്ന ഞാറ്റുപുരയിലായിരുന്നു. ശാന്തയും അവിടെ തന്നെയായിരുന്നു. ഞാറ്റുപുരയുടെ ഇടതുകോലായിയില്‍ ആയിരുന്നു വിജയന്റെയും ചേച്ചിയുടെയും താമസം.
കഥയുടെ ഓര്‍മ്മകള്‍ മായാതെ നില്‍ക്കുന്ന ഞാറ്റുപുര ഇപ്പോള്‍ ഒ.വി. വിജയന്‍ സ്മാരകത്തിന്റെ പ്രധാന ആകര്‍ഷണമാണ്. ഒ.വി. വിജയന്‍ സ്മാരകം, ഇതിഹാസകഥയെ പ്രേമിച്ചവരുടെ ആവശ്യമായിരുന്നു. മലയാളഭാഷ ഇന്നുവരെ എഴുതിയിട്ടില്ലാത്ത ആഖ്യാനശൈലിയും നാട്ടുകൂട്ടവും തലമുറകളുടെ ഓര്‍മ്മകളില്‍ വേണമെന്ന് നോവല്‍പ്രേമികള്‍ ശഠിച്ചു. ഇതിനുപിന്നില്‍ ഒ.വി. വിജയന്‍ സ്മാരക സമിതി എന്നൊരു കൂട്ടായ്മയുണ്ടായിരുന്നു. അങ്ങിനെ 2015 മാര്‍ച്ച് 29ന് അന്നത്തെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഒ.വി. വിജയന്‍ സ്മാരകം നാടിന് തുറന്നുകൊടുത്തു. ഞാറ്റുപുരയാണ് സ്മാരകത്തിന് ആദ്യം വഴികാട്ടിയാവുന്നത്. ഞാറ്റുപുരയുടെ അകത്തളങ്ങളിലും വരാന്തയിലും ഇതിഹാസ നായകന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്നു. വിജയനും ചേച്ചിയും താമസിച്ച ഇടതുകോലായിയില്‍ നിറയെ, വിജയന്റെ ഫോട്ടോകളാണ്. വിജയന്റെ ജീവിതത്തിലെ അധ്യായങ്ങള്‍ ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്നും വായിച്ചെടുക്കാം. വലതു കോലായിയില്‍ വിജയന്‍ വരച്ച കാര്‍ട്ടുണുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലോകത്തെ മുഴുവന്‍ ചിന്തിപ്പിച്ച കാര്‍ട്ടൂണുകള്‍, വിജയനെന്ന കലാകാരന്‍ ആരെല്ലാമായിരുന്നുവെന്ന് കാണിച്ചുതരുന്നു. ഞാറ്റുപുരയുടെ നടുവിലെ മുറി മിനി തിയറ്ററാണ്. നോവലിനെയും നോവലിസ്റ്റിനെയും കുറിച്ച് അറിയേണ്ടതെല്ലം ഈ തിയറ്ററില്‍ നിന്ന് കാഴ്ചകളായി പ്രേക്ഷകനിലെത്തുന്നു. സ്മാരകം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കെല്ലാം ഖസാക്കിന്റെ കാഴ്ചകള്‍ കാണാനുളള സൗകര്യമുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 15ഓളം കലാകാരന്‍മാര്‍ നോവലിനെ ആസ്പദമാക്കി വരച്ച ചുമര്‍ ചിത്രങ്ങള്‍ നയനമനോഹരമാണ്. ഇതിഹാസ നോവലിലെ കഥാപാത്രങ്ങള്‍ ശില്‍പ്പികളുടെ കരവിരുതില്‍ പുനര്‍ജനിച്ചതും ഒ.വി. വിജയന്‍ സ്മാരകത്തില്‍ കാണാം. വിജയന്റെ നോവലുകളായ ഗുരുസാഗരം, മധുരം ഗായത്രി, ധര്‍മ്മപുരാണം എന്നീ നാമേധയങ്ങളില്‍ നിര്‍മ്മിച്ച 3 പവലിയനുകള്‍ സന്ദര്‍ശകരുടെ വിശ്രമത്തിനായി ഒരുക്കിയിട്ടുണ്ട്. ഞാറ്റുപുരയ്ക്കു സമീപമായി ഏകദേശം 250ഓളം പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ ആസ്വദിക്കാവുന്ന തരത്തില്‍ സെമിനാര്‍ ഹാളിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. കാഴ്ചകള്‍ തീരുന്നില്ല. നോവലില്‍ പറയുന്ന അറബിക്കുളവും, വഴിയമ്പലവും, ഒ.വി. വിജയന്‍ ശില്‍പ്പവനവും, ഒ.വി. ലെറ്റര്‍ ഗാലറിയും സ്മാരകത്തിനും ചുറ്റുമായുണ്ട്. ഇനിയും കാഴ്ചകള്‍ കാണാത്തവരെ തസ്രാക്കുകാര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്.
തസ്രാക്കിലെ ഭൂമികയില്‍ നിന്ന് കരിമ്പനകള്‍ ചെറുതായെങ്കിലും കളമൊഴിഞ്ഞിരിക്കുന്നു. നെല്‍പ്പാടങ്ങള്‍ക്കു നടുവിലായി കോണ്‍ക്രീറ്റു സൗധങ്ങള്‍. തസ്രാക്കിന് മാറ്റം വരാം. എന്നാല്‍ ഖസാക്കിന്റെ ഇതിഹാസത്തിലെ തസ്രാക്കിന് ഒരു മാറ്റവും സംഭവിക്കില്ല. മാറ്റങ്ങള്‍ പ്രകൃതി നിയമമാണ്. പക്ഷേ മാറ്റത്തെക്കുറിച്ച് പറഞ്ഞാല്‍ നോവല്‍ പ്രേമികളുടെ മനസു പിടയും. മാറരുത് തസ്രാക്കിലെ കാഴ്ചകള്‍. മാറിയാല്‍ അത് കഥാകാരനോടുളള നീതികേടായി മാറും.
നോവല്‍ പ്രണയനികള്‍ ഇപ്പോഴും തസ്രാക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഗവേഷണപ്രബന്ധങ്ങളാലും ഡോക്യുമെന്ററികളാലും ചലച്ചിത്ര രൂപാന്തരങ്ങളിലും തസ്രാക്ക് ഇതിഹാസം തീര്‍ത്തുകൊണ്ടേയിരിക്കുന്നു…. ഒരു മാറ്റവും ഇല്ലാതെ. പാലക്കാടന്‍ ചുരം കടന്നെത്തിയ പാണ്ടിക്കാറ്റ് കരിമ്പനപട്ടകളില്‍ താളം പിടിച്ചു. ‘പുറത്തു മീസാന്‍ കല്ലുകളില്‍ രാത്രി നീലച്ചു…മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് വീണ്ടും യാത്രയാകാന്‍ സമയമായി. ഇതിഹാസ ഭൂമിയില്‍ നിന്ന് മടങ്ങുന്നു. കഥാകാരനെയും കഥാപാത്രങ്ങളെയും മനസില്‍ പേറി.
”മഴ പെയ്യുന്നു. മഴ മാത്രമെയുളളു. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ചെറുതായി. രവി ചാഞ്ഞുകിടന്നു. അനാദിയായ മഴവെളളത്തിന്റെ സ്പര്‍ശം. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍, വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി. ബസുവരാനായി രവി കാത്തുകിടന്നു…

You must be logged in to post a comment Login