നാണം കെട്ട സൂചന:ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നു; സംസ്ഥാനത്തെ മന്ത്രിമാര്‍ ഇതൊന്നും അറിഞ്ഞില്ല

നിയമസഭയില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും കൃഷിമന്ത്രി കെ.പി. മോഹനനും നടത്തിയ പരാമര്‍ശങ്ങള്‍ ജനങ്ങളുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചു ഭരണകര്‍ത്താക്കള്‍ക്ക് അറിവില്ലെന്നതിന്റെ നാണിപ്പിക്കുന്ന സൂചനയായി.
സംസ്ഥാനത്തു വിലക്കയറ്റമില്ലെന്ന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ പരാമര്‍ശം സഭയെ പോര്‍ക്കളമാക്കി. ഭക്ഷ്യധാന്യവില വര്‍ധിപ്പിച്ചിട്ടില്ലെന്നും വിലക്കയറ്റമെന്ന രീതിയില്‍ ചര്‍ച്ച നടക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു മന്ത്രി അനൂപിന്റെ പരാമര്‍ശം.പച്ചക്കറിക്ക് ആറു മാസം മുമ്പത്തേക്കാള്‍ കുറഞ്ഞ വിലയാണുള്ളതെന്നു കൃഷിമന്ത്രി കെ.പി. മോഹനനും അഭിപ്രായപ്പെട്ടു.
രണ്ടുവട്ടം നടുത്തളം വരെയെത്തി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം, അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതോടെ ഇറങ്ങിപ്പോയി. വിപണിയിലിടപെടാന്‍ ഹോര്‍ട്ടികോര്‍പിനു നിയന്ത്രണമേര്‍പ്പെടുത്തി ഭക്ഷ്യ സെക്രട്ടറി ഇറക്കിയ ഉത്തരവും ബഹളത്തിനിടയാക്കി. ഉത്തരവു നടപ്പാക്കിയിട്ടില്ലെന്നും 30 ശതമാനം വിലക്കുറച്ചാണു ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വിതരണം ചെയ്തതെന്നും സഭ പിരിയുന്നതിനുമുമ്പ് ഇതേക്കുറിച്ചു വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചെങ്കിലും പ്രതിപക്ഷം ശാന്തരായില്ല.

വിലക്കയറ്റം നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രിയും സപ്ലൈകോ മാര്‍ക്കറ്റുകള്‍ നിരീക്ഷിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ കണ്‍വീനറായി മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുമെന്നു മന്ത്രി അനൂപ് ജേക്കബും അറിയിച്ചു. പ്രതിപക്ഷത്തുനിന്നു സി. ദിവാകരനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. പ്രത്യേക ഉത്തരവില്ലാതെ ഹോര്‍ട്ടികോര്‍പ് വിപണിയില്‍ ഇടപെടരുതെന്നു കാട്ടി ഭക്ഷ്യസെക്രട്ടറി സുമന്‍ ബില്ല ഇറക്കിയ ഉത്തരവു വിലക്കയറ്റത്തിന് ഇടയാക്കിയെന്നു സി. ദിവാകരന്‍ ആരോപിച്ചു. ഇതു നിലനില്‍ക്കുന്നുണ്ടോയെന്നും ഉത്തരവിറക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും സി.പി.എം. നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വ്യക്തമായ മറുപടി കിട്ടാതെവന്നതോടെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.

അവശ്യസാധനങ്ങള്‍ക്കും പാചകവാതകത്തിനും പെട്രോളിനും വില ഉയര്‍ന്നതോടെ ജനജീവിതം ദുസഹമായെന്നു സി. ദിവാകരന്‍ പറഞ്ഞു. അരി വിലയും ഹോട്ടല്‍ ഭക്ഷണവിലയും ക്രമാതീതമായി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കുന്നില്ല. പൊതുവിതരണ സമ്പ്രദായത്തിന്റെ കടയ്ക്കല്‍ സര്‍ക്കാര്‍ കത്തിവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

You must be logged in to post a comment Login