‘നാണമില്ലെ ജന്മഭൂമി പത്രമെ’; ബി.ബി.സി അഭിമുഖം വളച്ചൊടിച്ചതിനെതിരെ വിമര്‍ശനവുമായി കനക ദുര്‍ഗ

തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ ജന്‍മഭൂമി പത്രത്തിനു നേരെ ആഞ്ഞടിച്ച് കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ കയറിയ കനക ദുര്‍ഗ. ഇവര്‍ ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് തെറ്റായ വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കനക ദുര്‍ഗയുടെ കുറിപ്പ്.അഭിമുഖത്തിനിടയില്‍ ഇവര്‍ കരയുന്ന ഭാഗം മാത്രം എടുത്താണ് ജന്‍മഭൂമി കനക ദുര്‍ഗക്കെതിരെ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

‘അമ്മ എന്ന നിലയില്‍ മക്കളെ കാണാന്‍ പറ്റാത്തതിന്റെ വിഷമം ബി.ബി.സിയുമായി പങ്കുവെച്ചപ്പോള്‍ താന്‍ കരഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ല’.രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവിന്‍ പ്രകാരം ശബരിമല പ്രവേശനം തന്റെ അവകാശമാണെന്നും നിലപാടുകളില്‍ മാറ്റമില്ലെന്നും ഇവര്‍ കുറിപ്പില്‍ പറയുന്നു.കുറിപ്പില്‍ ജന്‍മഭൂമി പത്രത്തിനു നേരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ രൂപം,

ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ,പരമോന്നത നീതിപീഠമായ സുപ്രീം കോടതി സ്ത്രീക്കും പുരുഷനും മൗലീകവകാശങ്ങള്‍ തു്ല്യമായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് പ്രയോജനപെടുത്തേണ്ടത് ഒരു ഇന്ത്യന്‍ പൗര എന്ന നിലക്ക് എന്റ അവകാശമാണ് .ആ നിലക്ക് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഉത്തരവിന്‍ പ്രകാരം ശബരിമല യാത്ര പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്ന ഞാന്‍ ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതില്‍ ഇത്രത്തോളം അസഹിഷ്ണുത കാട്ടേണ്ട ഒരു കാര്യവുമില്ല
വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ സുഹൃത്ത് ക്കളെ …

ശബരിമല ദര്‍ശനത്തിന് ശേഷം എന്നെ പല വിധത്തിലും ഗതികേടിലാക്കാനും അപകീര്‍ത്തിപ്പെടുത്താനും RSS ഉം BJP ക്കാരും ഒരു വര്‍ഷത്തോളമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കയാണ് .പക്ഷെ നിങ്ങള്‍ നിങ്ങടെ പരിഹാസായുധങ്ങള്‍ക്ക് മൂര്‍ഛ കൂട്ടുന്നതിനനുസരിച്ച് എന്റ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതെയുള്ളൂ സുഹൃത്തുക്കളെ നിങ്ങള്‍ എത്ര പരിഹസിച്ചാലും ദുഷിപ്പിച്ചാലും തളര്‍ന്നു പോകുന്നതല്ല എന്റ നിലപാടുകള്‍ .കാരണം അതെന്റ പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപാടില്‍ നിലയുറച്ചതാണ് .നിങ്ങള്‍ക്കത് പിഴുതെറിയാനാവില്ല .

ആചാര സംരക്ഷണമെന്ന പേരില്‍ തിരിയും തെളിച്ച് റോഡിലിറങ്ങി സാധാരണക്കാരുടെ ദൈനംദിന യാത്രകളില്‍ തടസ്സം വരുത്തി .. നാമജപത്തെ ആക്രോശമാക്കിയോരൊക്കെയും വിശ്വാസികളും അതേ സമയം ക്ഷേത്ര ദര്‍ശനം നടത്താന്‍ ശ്രമിച്ച എന്നെ പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റന്നും പേരിടാനും അടയാളപ്പെടുത്താനും മാത്രം നിങ്ങള്‍ക്കെന്ത് പ്രമാണ പ്രതങ്ങളാണ് കൈയ്യിലുള്ളത് .നിങ്ങള്‍ക്കതിനുള്ള അധികാരവും യോഗ്യതയും അധികാരവും ആരാണ് തന്നേല്‍പ്പിച്ചത്.

ഇന്ന് ഞാന്‍ ഇതെല്ലാം പോസ്റ്റ് ചെയ്യാന്‍ കാരണം കുറച്ച് മണിക്കുറുകളായ് നിങ്ങള്‍ ആഘോഷിക്കുന്ന എന്നെ കുറിച്ചുള്ള ഒരു വാര്‍ത്തയുണ്ടല്ലൊ അതിനെ കുറിച്ചൊന്ന് പറയാനാണ് .BBC എന്നെ കുറിച്ച് എടുത്ത interview .. ചില ഭാഗങ്ങള്‍ വെട്ടിയെടുത്ത് നിങ്ങള്‍ക്ക് വേണ്ടി News ഒണ്ടാക്കിയ ജന്മഭൂമിക്കാരോട് പറയാന്‍ വേണ്ടിയാണ്

‘നാണമില്ലെ ജന്മഭൂമി പത്രമെ ‘
സ്വന്തമായി നല്ല നാല് വാര്‍ത്ത കണ്ടു പിടിക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയാതെ .. മറ്റുള്ള ചാനലിലേക്ക് ഒളിഞ്ഞും വലിഞ്ഞും നോക്കി വാര്‍ത്തകളുടെ കഷണങ്ങള്‍ തിരഞ്ഞ് തെരുവ് പട്ടികളെ പോലെ അലഞ്ഞ് ഒടുവില്‍ അവനവന്റെ മനസ്സിലെ വിസര്‍ജ്യങ്ങള്‍ തന്നെ അതില്‍ തേച്ച് പിടിപ്പിച്ച് ആസ്വദിച്ച് ആഹരിക്കുവാന്‍ …..

കഴിഞ്ഞ ആഴ്ച ഞാന്‍ BBC ക്ക് കൊടുത്ത interview അവരുടെ പെര്‍മിഷനില്ലാതെ കട്ടെടുത്ത് ചില ഭാഗങ്ങള്‍ മാത്രം കോര്‍ത്തിണക്കി നിങ്ങള്‍ ഉണ്ടാക്കിയ News നിങ്ങളെ പോലുള്ള മഞ്ഞ പത്രങ്ങള്‍ വായിക്കുന്ന ചുരുക്കം ചിലരെ വിശ്വസിക്കു
അമ്മ എന്ന നിലയില്‍ മക്കളെ കാണന്‍ പറ്റാത്തതിന്റെ വിഷമം BBC യുമായി പങ്ക് വച്ചപ്പോള്‍ ഞാന്‍ കരഞ്ഞെന്നു കരുതി .. നിങ്ങള്‍ക്കാഘോഷിക്കാനുള്ള തൊന്നും അതിലില്ല .. അതിന് ശേഷവും അതിന് മുന്‍പും ഉള്ള എന്റെ സംസാരവും കേള്‍ക്കാന്‍ ഇത്തിരി നേരും നെറിയും ആര്‍ജവും വേണം .. എന്നിട്ടഹ്ലാദിപ്പിന്‍ മിത്രങ്ങളെ …
പ്രായപൂര്‍ത്തിയാകാത്ത മക്കളെ പറഞ്ഞ് പേടിപ്പിച്ച് എന്നില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന സൂത്രം അധികനാള്‍ വില പോവില്ല..

എന്നെ കുറിച്ച് നിങ്ങള്‍ കൊടുത്ത ആ അഴകൊഴമ്പന്‍ വാര്‍ത്തയുണ്ടല്ലൊ ജന്മഭൂമി അതിനെ വഴിയരികില്‍ കിടക്കുന്ന ‘ചാണക’ത്തെയെന്നപോലെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കടന്നു പോകും എന്നെ അറിയുന്ന കേരളീയര്‍ .എന്റെ നിലപാടുകളെ അറിയുന്ന കേരളീയര്‍.

നിലപാടുകളില് കാലിടറാതെ…
കനക ദുര്‍ഗ

 

You must be logged in to post a comment Login