നാദവിസ്മയം തീര്‍ത്ത് മണി ഭാരതി

ഡോ. അമാനുല്ല വടക്കാങ്ങര

ഡോ. മണി ഭാരതിക്ക് വയലിന്‍ എന്നും തന്റെ കൂട്ടുകാരനായിരുന്നു. വയലിനോട് സംസാരിച്ചും സംവദിച്ചും ദിനരാത്രങ്ങളെ ധന്യമാക്കിയാണ് ഈ കലാകാരന്റെ സംഗീത യാത്ര.
നാലു പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. രണ്ട് ഡോക്ടറേറ്റുകളും ദുബൈ, മലേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പുരസ്‌കാരങ്ങളുമൊക്കെ മണി ഭാരതിയുടെ തൊപ്പിയിലെ പൊന്‍തൂവലുകളില്‍ ചിലതുമാത്രം. പതിനാറ് ഭാഷകളില്‍ അറുനൂറിലധികം സംഗീത സംവിധായകരോടൊപ്പം ചേര്‍ന്ന് 1700 സിനിമകളിലായി 8650 പാട്ടുകള്‍ക്ക് വയലിന്‍ വായിച്ചിട്ടുണ്ട്.

 

വയലിനില്‍ മാന്ത്രിക വിസ്മയം തീര്‍ക്കുന്ന ഡോ. മണി ഭാരതിയുടെ നാദപ്രപഞ്ചം വശ്യമനോഹരവും ഹൃദ്യവുമാണ്. സംഗീതാസ്വാദകരുടെ കര്‍ണപുടങ്ങളെ രോമാഞ്ചമണിയിക്കുന്ന ഈണങ്ങളുമായി മണി ഭാരതി തന്റെ സര്‍ഗസഞ്ചാരം അടയാളപ്പെടുത്തുമ്പോള്‍ ആഹ്ളാദത്തിന്റേയും ആസ്വാദനത്തിന്റേയും അനന്ത തലങ്ങളിലേക്കാണ് അദ്ദേഹം അനുവാചകരെ കൂട്ടികൊണ്ടുപോകുന്നത്. തനിക്ക് ദൈവിക വരദാനമായി ലഭിച്ച സംഗീതത്തെ മാനവരാശിയുടെ നന്മക്കായി മാത്രം പ്രയോജനപ്പെടുത്തണമെന്നാഗ്രഹിക്കുന്ന ഈ കലാകാരന്റെ ജീവിതവും പ്രവര്‍ത്തനങ്ങളുമെല്ലാം സമര്‍പ്പണത്തിന്റേയും സംഗീതനിര്‍വഹണത്തിന്റേയും നിദര്‍ശകങ്ങളാണ്. മണി ഭാരതിയുടെ മനോഹരങ്ങളായ ഈണങ്ങള്‍ സംഗീതലോകം ഏറ്റെടുത്തത് അതിന്റെ ലാളിത്യ സൗഭാഗ്യവും വ്യതിരിക്തയും കൊണ്ടാണ്. സാമൂഹ്യ സാംസ്‌കാരിക പരിസരങ്ങളെ പരിഗണിച്ചാണ് അദ്ദേഹം തന്റെ വയലിനിലൂടെ മാന്ത്രിക വിരലുകള്‍ പായിക്കുന്നത്. ചിരിയും ചിന്തയും വിചാരവും വികാരവും സമന്വയിക്കുന്ന ആസ്വാദനത്തിന്റൈ അതിരുകളില്ലാത്ത ലോകത്തേക്ക് അനുവാചകരെ കൂട്ടികൊണ്ടുപോകുന്ന മാസ്‌കരികതയാണ് അദ്ദേഹത്തിന്റെ ഈണങ്ങളെ സവിശേഷമാക്കുന്നത്. എല്ലാതരം സംഗീതാസ്വാദകരേയും ആകര്‍ഷിക്കുന്നതോടൊപ്പം വയലിന്‍ വാദനത്തിന്റെ വശ്യമായ ശൈലിയും പ്രയോഗവും സംഗീത പ്രേമികളെ മാതമല്ല സാധാരണക്കാരേയും പിടിച്ചുനിര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ കച്ചേരികള്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്.
മണി ഭാരതിക്ക് വയലിന്‍ എന്നും തന്റെ കൂട്ടുകാരനായിരുന്നു. വയലിനോട് സംസാരിച്ചും സംവദിച്ചും ദിനരാത്രങ്ങളെ ധന്യമാക്കിയാണ് ഈ കലാകാരന്‍ തന്റെ സംഗീത യാത്ര ആസ്വദിക്കുന്നത്. കേവലം അഞ്ച് വയസ്സ്മാത്രം പ്രായമുള്ളപ്പോള്‍ സംഗീതജ്ഞനായ തന്റെ അമ്മാവന്‍ കലൈമാമണി കെ. വീര മണിയോടൊപ്പം ആരംഭിച്ച കലാ സപര്യ സംഭവ ബഹുലവും പ്രോല്‍സാഹനം നല്‍കുന്നതുമായിരുന്നു. കുട്ടി കലാകാരനായി നിരവധി സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ച മണി ഭാരതി കലാരംഗമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിയുകയും ഏറ്റവും പ്രിയപ്പെട്ട വയിലിനില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയുമായിരുന്നു.
ഏഴാം വയസില്‍ വയലിന്‍ പഠിക്കാന്‍ തുടങ്ങിയ മണി ഭാരതി സംഗീത രംഗത്ത് സജീവമായി നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും പഠന ഗവേഷണങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ദൂരദര്‍ശനിലും ആള്‍ ഇന്ത്യാ റേഡിയോയിലുമൊക്കെ നിരവദി പരിപാടികള്‍ അവതരിപ്പിച്ച അദ്ദേഹം കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കുമ്പോള്‍ കല മാനവരാശിയുടെ നന്മയിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടുമെന്നാണ് കരുതുന്നത്.
സംഗീത വഴികളില്‍ പൊന്‍ കിരണങ്ങളും പൊന്‍ തൂവലുകളുമായി ഈ കലാകാരന്‍ തന്റെ ജൈത്ര യാത്ര തുടരുമ്പോള്‍ പതിനാറ് ഭാഷകളില്‍ അറുനൂറിലധികം സംഗീത സംവിധായകരോടൊപ്പം ചേര്‍ന്ന് 1700 സിനിമകളിലായി 8650 പാട്ടുകള്‍ക്ക് വയലിന്‍ വായിച്ചിട്ടുണ്ട്. ഇളയരാജ, എ. ആര്‍. റഹ്മാന്‍, ഗംഗൈ അമരന്‍, ദേവ, ഹാരിസ് ജയരാജ്, എം.എസ്. വിശ്വനാഥന്‍ തുടങ്ങി മുന്‍ നിര സംഗീത സംവിധായകരുടെ അംഗീകാരം നേടിയ മണി ഭാരതി മലയാളത്തിലും ധാരാളം സിനിമാ ഗാനങ്ങള്‍ക്ക് തന്റെ വയലിന്‍ വിസ്മയം കൊണ്ട് ചാരുത പകര്‍ന്നിട്ടുണ്ട്. ജോണ്‍സണ്‍ മാസ്റ്റര്‍, മോഹന്‍ സിതാര, ജെറി അമല്‍ ദേവ്, ദക്ഷിണ മൂര്‍ത്തി, എസ്.പി. വെങ്കിടേഷ്, രവീന്ദ്രന്‍ മാഷ്, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി സംഗീത സംവിധായകരാണ് അദ്ദേഹത്തിന്റെ സിദ്ധി പ്രയോജനപ്പെടുത്തിയത്. ഡോ. കെ.ജെ. യേശുദാസ്, ടി.എം. സൗന്ദര്‍രാജന്‍ തുടങ്ങി നിരവധി പ്രമുഖ ഗായകരോടൊപ്പം സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്ത അദ്ദേഹം സ്വന്തമായി 9510 സംഗീത കച്ചേരികള്‍ നടത്തിയെന്നറിയുമ്പോള്‍ സംഗീത ലോകത്ത് നാദവിസ്മയം തീര്‍ക്കുന്ന അദ്ദേഹത്തിന്റെ സര്‍ഗ സഞ്ചാരത്തിന്റെ വ്യാപ്തി നമുക്ക് ബോധ്യപ്പെടും. വിദേശ രാജ്യങ്ങളില്‍ മാത്രമായി ഇരുനൂറിലേറെ കച്ചേരികളാണ് അദ്ദേഹം നടത്തിയത്. അറുനൂറിലധികം സംഗീത ആല്‍ബങ്ങളില്‍ പങ്കാളിയായ ഈ കലാകാരന്റെ ജീവിതം മുഴുവനും സംഗീതമാണ്.
നാലു പതിറ്റാണ്ട് നീണ്ട സംഗീത യാത്രയില്‍ നിരവധി പുരസ്‌കാരങ്ങളും ഈ കലാകാരനെ തേടിയെത്തിയത് സ്വാഭാവികം മാത്രം. രണ്ട് ഡോക്ടറേറ്റുകളും ദുബൈ, മലേഷ്യ, സൗത്താഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പുരസ്‌കാരങ്ങളുമൊക്കൈ മണി ഭാരതിയുടെ തൊപ്പിയില്‍ പൊന്‍തൂവലുകള്‍ തുന്നിചേര്‍ക്കുകയായിരുന്നു. കുന്നക്കുടി വൈദ്യനാഥന്‍, ഡോ. എസ്. സുബ്രമണ്യന്‍ എന്നിവരാണ് മണി ഭാരതിയുടെ പ്രധാന ഗുരുക്കള്‍.
സംഗീതത്തിന്റെ വിസ്മയലോകത്ത് സ്വന്തമായ സാമ്രാജ്യം പണിയുമ്പോഴും വിനയവും അര്‍പ്പണ മനോഭാവവും കൈമുതലാക്കി മുന്നേറുമ്പോള്‍ കലാകാരന്‍ ഉയരത്തില്‍ നിന്നും കൂടുതല്‍ ഉയരത്തിലേക്കും പ്രശസ്തിയില്‍ നിന്നും കൂടുതല്‍ പ്രശസ്തിയിലേക്കും സഞ്ചരിക്കുമെന്നാണ് മണി ഭാരതിയുടെ ജീവിത സാക്ഷ്യം.
മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്‍ഷങ്ങളെയും സംഗീതത്തില്‍ കൂടി ആവിഷ്‌ക്കരിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.
ഇത് മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്തുന്നു. സംഗീതവും ഭാഷയും മനുഷ്യന്റെ മാത്രം സ്വത്താണ്. ഇവ രണ്ടും ഇല്ലാത്ത ഒരു ലോകം ഭാവനയില്‍ കാണാന്‍ പോലും കഴിയില്ല എന്നായിരിക്കുന്നു. ‘സംഗീതവും ഭാഷയും സാര്‍വത്രികമാണ്, മനുഷ്യര്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അവയുമുണ്ട്’ . ആശയവിനിമയത്തിനുള്ള ഉപാധികളാണ് അവ. അതുകൊണ്ട്, ഭാഷയുടെ കാര്യത്തില്‍ സത്യമായിരിക്കുന്നതു പോലെ, സംഗീതം ‘സംസാരിക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ ‘കാതോര്‍ക്കുന്നു’ എന്നു പറയാന്‍ കഴിയും. അതുകൊണ്ട് തന്നെ സംഗീതമാണ് കൂടുതലാളുകളേയും വേഗത്തില്‍ സ്വാധീനിക്കുന്നത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ സംഗീതകത്തിന് തീരെ ബാധകമല്ല. ഉപകരണ സംഗീതമാണെങ്കില്‍ പറയുകയും വേണ്ട.
ശരീരത്തിന്റെ ഇളകിയാട്ടത്തിനപ്പുറം മനസിന്റെ ലയനമാണ് സംഗീതത്തിലൂടെ സാധ്യമാകുന്നത്. ഒരു ഗാനം മനസ്സിനെ പിടിച്ചിരുത്തുന്നുവെങ്കില്‍ അവിടെ സംഭവിക്കുന്നത് മനസും സംഗീതവും തമ്മിലുള്ള താദാത്മ്യം പ്രാപിക്കലാണ്. ആ അവസ്ഥ അറിയാതെയെങ്കിലും നമ്മുടെ ശരീരത്തേയും ശാരീരികാവസ്ഥയേയും സ്വാധീനിക്കുന്നുമുണ്ട്. മ്യൂസിക് തെറാപ്പി എന്ന ചികില്‍സാരീതി തന്നെ പ്രചാരം നേടിയത് അങ്ങനെയാണ് അതെ, നിങ്ങള്‍ അറിയാതെതന്നെ സംഗീത ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.
സംഗീത ചികിത്സയെന്തെന്നും അതിന്റെ പ്രാധാന്യമെന്തെന്നും ശാസ്ത്രീയമായി അറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇത് നവീനമായ ഒന്നല്ല. അതിപുരാതനകാലം മുതല്‍ക്കേ ഭാരതത്തില്‍ നിലനിന്നിരുന്ന ഒന്നായിരുന്നു ഇത്. കാലം കടന്നുപോയപ്പോള്‍ നമുക്കിത് കൈമോശം വന്നുവെന്ന് മാത്രം. ആധുനിക വൈദ്യശാസ്ത്രം പോലും ഇന്ന് അംഗീകരിച്ചിരിക്കുന്ന സംഗീതത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച്, സംഗീത ചികിത്സയില്‍ കൂടുതല്‍ ഗവേഷണം നടക്കേണ്ടിയിരിക്കുന്നു. ശബ്ദം എന്നത് ഊര്‍ജമാണ്. ഈ ശബ്ദവീചികള്‍ വായുവിലൂടെ സഞ്ചരിച്ച് കാതുകളിലെത്തി തലച്ചോറ് അതിനെ തിരിച്ചറിയുന്നു. ശബ്ദം വായുവിലേതിനേക്കാള്‍ വേഗതയില്‍ ജലത്തിലൂടെ സഞ്ചരിക്കുമെന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ 70 ശതമാനത്തോളം ജലമാണെന്നിരിക്കെ ഈ ശബ്ദവീചികളെ വേഗത്തില്‍ സ്വാംശീകരിക്കുവാന്‍ ശരീരത്തിന് സാധിക്കുന്നു. അങ്ങനെയെങ്കില്‍ രോഗത്തേയോ രോഗാവസ്ഥയേയോ അതിജീവിക്കാന്‍ സംഗീതത്തിലൂടെ സാധിക്കും.
പ്രപഞ്ചത്തില്‍ ആദ്യം മുഴങ്ങിക്കേട്ടത് ഓംകാര നാദമാണ്. ആ പ്രണവ മന്ത്രത്തില്‍ തുടങ്ങിയ ശബ്ദപ്രവാഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തീര്‍ക്കുന്ന അത്ഭുതലോകം ഭാരതീയനു മുന്നില്‍ എന്നേ തുറന്നിരുന്നു. അവര്‍ അതിന്റെ സാധ്യതകളിലൂടെ വേദകാലം മുതല്‍ കടന്നുപോവുകയും ചെയ്തിരുന്നു. ഭാരതത്തില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയ സുശ്രുതന്‍, വേദമന്ത്രങ്ങള്‍ കേട്ടുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പറയപ്പെടുന്നു. സംഗീത ചികിത്സ സംഗീതം അറിയുന്നവര്‍ക്ക് മാത്രം എന്നാണ് പൊതുവെയുള്ള ധാരണ. ഇത് വൈദ്യം പഠിച്ചവരില്‍ മാത്രമേ മരുന്ന് ഫലപ്രദമാവുകയുള്ളോ എന്ന് ചോദിക്കുംപോലെയാണ് . ആസ്വദിക്കാന്‍ മനസ്സുള്ള ആരിലും മറ്റേതൊരു ചികിത്സയേയും പോലെ മ്യൂസിക് തെറാപ്പിയും ഫലം നല്‍കും.
കേവലം കര്‍ണപുടത്തിലെത്തി ആനന്ദത്തിന്റെ പരകോടിയില്‍ എത്തിക്കുന്ന ഒന്നുമാത്രമല്ല സംഗീതം. അറിയും തോറും ആഴവും പരപ്പുമുള്ളതാണത്. സ്വരങ്ങള്‍ക്ക് രാഗസ്വഭാവം നല്‍കി ഏറ്റക്കുറച്ചിലുകളോടെ ആലപിക്കുമ്പോള്‍ മനസ്സുകളെ അതെങ്ങനെയാണ് സ്വാധീനിക്കുന്നത്. ആരോ ഒരാള്‍ പാടുന്നതുകേട്ട് അതില്‍ ലയിക്കാന്‍ മാത്രം എന്തു ശക്തിയാണ് സംഗീതത്തിനുള്ളത്. ആ അന്വേഷണമാണ് സംഗീതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതു തുടങ്ങിയതാവട്ടെ ഇന്നോ ഇന്നലെയോ അല്ല. പുതുതലമുറ പൗരാണികമായ ആ ചിന്താധാരയെ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ഉപകരണ സംഗീതമായാലും വായ്പാട്ടുകളായാലുംം ആസ്വാദനത്തിന്റെ വശ്യസൗന്ദര്യം കൊണ്ടും വൈവിധ്യം കൊണ്ടും അനേകമാളുകളെ പിടിച്ചുനിര്‍ത്തുന്നു എന്നത് യാഥാര്‍ഥ്യമാണ്. സംഗീത രംഗത്ത് അശുഭകരമായ ചില പ്രവണതകള്‍ കാണപ്പെടുന്നുണ്ടെങ്കിലും മൊത്തത്തില്‍ സംഗീതത്തിന്റെ വികാരം മനുഷ്യനെ ആസ്വദിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനുമുള്ളതാണ്.
ഭാഷയും യുക്തിയും കൈകാര്യം ചെയ്യുന്നത് പ്രധാനമായും മസ്തിഷ്‌കത്തിന്റെ ഇടതുഭാഗമാണ് എന്നും വികാരങ്ങളും അനുഭൂതികളുമെല്ലാം കൈകാര്യം ചെയ്യുന്ന മസ്തിഷ്‌കത്തിന്റെ വലതുഭാഗമാണ് സംഗീതത്തെ അപഗ്രഥിക്കുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു സത്യമാണെങ്കിലും അല്ലെങ്കിലും, ശ്രോതാവില്‍ തത്ക്ഷണ പ്രതികരണങ്ങള്‍ ഉളവാക്കാന്‍ സംഗീതത്തിനു കഴിവുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. ‘ഒരു നിമിഷാര്‍ധം കൊണ്ട് ആരിലും വികാരാനുഭൂതികളുടെ തരംഗങ്ങള്‍ ഉണര്‍ത്താന്‍ സംഗീതത്തിനുള്ള കഴിവ് അപാരംതന്നെയാണ്. ഇതേ അനുഭവം ഒരു പുസ്തകത്തില്‍ നിന്നു ലഭിക്കണമെങ്കില്‍ വളരെയേറെ വാചകങ്ങള്‍ വേണ്ടിവരും. എന്നാല്‍ സംഗീതത്തില്‍, ഒരു താളവട്ടം കൊണ്ടോ ഒരൊറ്റ കോഡ് കൊണ്ടോ ഇതു സാധിച്ചെടുക്കാവുന്നതേ ഉള്ളൂ.’
കാഴ്ചയും കേള്‍വിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും ഇവയോരൊന്നും നമ്മില്‍ ഉളവാക്കുന്ന പ്രതികരണത്തെ കുറിച്ചും പഠിക്കുന്നത് രസകരമാകും. ‘നാം കേള്‍ക്കുന്ന കാര്യങ്ങളാണ് കാണുന്ന കാര്യങ്ങളെക്കാള്‍ വൈകാരികമായി നമ്മെ കൂടുതല്‍ ആഴത്തില്‍ ബാധിക്കുന്നത്. മുറിവേറ്റ ഒരു മൃഗത്തെയോ നിശ്ശബ്ദമായി വേദന സഹിക്കുന്ന ഒരു വ്യക്തിയെയോ കാണുന്നതു കാഴ്ചക്കാരെ കുറച്ചൊക്കെ വികാരതരളിതരാക്കിയേക്കാം. എന്നാല്‍ അവര്‍ ഉറക്കെ കരയുകയാണെങ്കില്‍, കണ്ടുനില്‍ക്കുന്നവനെ അതു ശക്തിയായി പിടിച്ചുലയ്ക്കും.’
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തില്‍ സംഗീതത്തെക്കുറിച്ചു പറയുന്നത് അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കില്‍ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. ഈ രംഗത്ത് സ്വന്തമായ പരീക്ഷണങ്ങളിലൂടെ ആസ്വാദനത്തിന്റെ പുത്തന്‍ പരീക്ഷണങ്ങളുമായി ഡോ. മണി ഭാരതി സംഗീതാസ്വാദകരുടെ മനംകവരുന്നുവെന്നതില്‍ അല്‍ഭുതമില്ല.

 

You must be logged in to post a comment Login