നാദിര്‍ഷ ചിത്രത്തില്‍ നായകനായി ദിലീപ്; ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രം തുടങ്ങി

ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. നാദിര്‍ഷായുടെ ഉമ്മ ആയിഷ ബീവി സ്വിച്ച് ഓണ്‍ നടത്തി. ഹോട്ടല്‍ ഹൈവേ ഗാര്‍ഡനിലാണ് ചടങ്ങുകള്‍ നടന്നത്. മാര്‍ച്ച് 27 നായിരിക്കും ചിത്രം പുറത്തിറക്കുന്നതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണവും ഇന്ന് ആരംഭിക്കും.

ചടങ്ങില്‍ ദിലീപ്, നാദിര്‍ഷാ, ഹരീഷ് കണാരന്‍, സ്വാസിക, അബു സലീം, മജീദ്, നിര്‍മ്മാതാവ് ആല്‍വിന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കാനായെത്തിയിരുന്നു. സിനിമാ ലോകത്ത് എത്തുന്നതിന് മുമ്പ് തന്നെ വര്‍ഷങ്ങളുടെ സൗഹൃദ ബന്ധമുള്ളവരാണ് നാദിര്‍ഷയും ദിലീപും. മിമിക്രി കലാരംഗത്ത് നിന്ന് സിനിമയിലെത്തിയവരാണ് ഇരുവരും. ശേഷം ഇരുവരും സിനിമയില്‍ നടന്മാരായി. ദിലീപ് നായകവേഷങ്ങളിലൂടെ പേരെടുത്തു. നാദിര്‍ഷ അതിനിടയില്‍ സംവിധാനത്തിലേക്കും കടന്നു.

എന്നാല്‍ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഉര്‍വശിയാണ് ചിത്രത്തിലെ ദിലീപിന്റെ നായിക എന്നാണ് സൂചന. പ്രായമുള്ള കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്നും സൂചനയുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയവയാണ് നാദിര്‍ഷ സംവിധാനം ചെയ്ത സിനിമകള്‍.

‘മേരാ നാം ഷാജി’ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. റെ ജാക്ക് ഡാനിയലാണ് ഒടുവില്‍ തീയേറ്ററിലെത്തിയ ദിലീപ് ചിത്രം. മൈ സാന്റ എന്ന ചിത്രമാണ് ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം അനില്‍ നായര്‍, സംഗീത സംവിധാനം നാദിര്‍ഷ, ഗാനരചന ഹരിനാരായണന്‍, ജ്യോതിഷ്, ചിത്രസംയോജനം സാജന്‍, വസ്ത്രാലങ്കാരം സഖി എല്‍സ തുടങ്ങിയവരാണ് നിര്‍വ്വഹിക്കുന്നത്.

 

You must be logged in to post a comment Login